വാഷിങ്‌ടൺ ഡിസി: ഹമാസ് തലവൻ യഹ്‌യ സിൻവാറിനെ ഇസ്രയേൽ പ്രതിരോധ സേന വധിച്ചതില്‍ പ്രതികരണവുമായി യുഎസ് വൈസ് പ്രസിഡന്‍റും ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്‍റ് സ്ഥാനാര്‍ഥിയുമായ കമല ഹാരിസ്. 'നീതി പുലര്‍ന്നു' എന്നാണ് കമല ഹാരിസ് പറഞ്ഞിരിക്കുന്നത്. തല്‍ഫലമായി ലോകം മെച്ചപ്പെടുമെന്നും ഇരകളുടെ കുടുംബങ്ങൾക്ക് ആശ്വാസം ലഭിക്കുമെന്ന് പ്രതീക്ഷിക്കുമെന്നും കമല ഹാരിസ് അഭിപ്രായപ്പെട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇസ്രയേലിന് നേരെ ഹമാസ് ഉയർത്തുന്ന ഭീഷണി ഇല്ലാതാക്കണമെന്നും കമല ഹാരിസ് കൂട്ടിച്ചേര്‍ത്തു.'ഹമാസിന്‍റെ നേതാവ് യഹ്‌യ സിൻവാർ മരിച്ചുവെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചു. നീതി പുലര്‍ന്നിരിക്കുകയാണ്. ഇതിന്‍റെ ഫലമായി അമേരിക്കയും ഇസ്രയേലും ലോകം മുഴുവനും മെച്ചപ്പെട്ടിരിക്കുന്നു. അയാളുടെ കൈകളിൽ അമേരിക്കയുടെ രക്തമുണ്ട്. ഹമാസിന്‍റെ ഇരകളുടെ കുടുംബങ്ങൾക്ക് ആശ്വാസം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.'- കമല ഹാരിസ് പറഞ്ഞു.
ഹമാസ് നേതാക്കളെ കണ്ടെത്താൻ യുഎസും ഇസ്രയേലും നടത്തിയ സഹകരണത്തെ കമല ഹാരിസ് അഭിനന്ദിച്ചു. 'ഹോളോകോസ്റ്റിന് ശേഷം ജൂത ജനത കണ്ട ഏറ്റവും മാരക ആക്രമണമുണ്ടായ ഒക്‌ടോബർ 7-ന്‍റെ സൂത്രധാരനായിരുന്നു സിൻവാർ... കഴിഞ്ഞ വർഷം അമേരിക്കൻ സ്പെഷ്യൽ ഓപ്പറേഷസും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും സിൻവാറിനെയും മറ്റ് ഹമാസ് നേതാക്കളെയും കണ്ടെത്താന്‍ ഇസ്രയേലുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്. അവരുടെ പ്രവർത്തനത്തെ ഞാൻ അഭിനന്ദിക്കുന്നു.'- കമല ഹാരിസ് പറഞ്ഞു.
സ്വയം പ്രതിരോധിക്കാൻ ഇസ്രയേലിന് അവകാശമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. 'അമേരിക്കക്കാരെ കൊല്ലുകയോ അമേരിക്കൻ ജനതയെ ഭീഷണിപ്പെടുത്തുകയോ ഞങ്ങളുടെ സൈന്യത്തെയോ ഞങ്ങളുടെ താത്പര്യങ്ങളെയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്ന ഏതൊരു തീവ്രവാദിയോടും എനിക്ക് ഇതേ പറയാനുള്ളൂ- ഞങ്ങൾ നിങ്ങളെ നീതിക്ക് മുന്നിൽ കൊണ്ടുവരും. ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്. ഇസ്രയേലിന് നേരെയുള്ള ഹമാസ് ഭീഷണി ഇല്ലാതാക്കപ്പെടണം.'- കമല ഹാരിസ് പറഞ്ഞു.
സിൻവാറിന്‍റെ കൊലപാതകം ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള അവസരമാണെന്നും കമല ഹാരിസ് ചൂണ്ടിക്കാട്ടി. 'ഹമാസിനെ നശിപ്പിക്കുകയും അതിന്‍റെ നേതൃത്വത്തെ ഇല്ലാതാക്കുകയും ചെയ്‌തു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ഈ നിമിഷം നമുക്ക് അവസരം നൽകുന്നു. ഇസ്രയേൽ സുരക്ഷിതമാണ്. ബന്ദികളെ മോചിപ്പിക്കും. ഗാസയുടെ കഷ്‌ടപ്പാടുകൾ അവസാനിക്കും. പലസ്‌തീൻ ജനതയ്ക്ക് അവരുടെ അന്തസ്സ്, സുരക്ഷ, സ്വാതന്ത്ര്യം, സ്വയം നിർണ്ണയാവകാശം എന്നിവ തിരിച്ചറിയാന്‍ കഴിയും'- കമല പറഞ്ഞു.
അതേസമയം ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ 3 ഹമാസ് നേതാക്കളെ വധിച്ചു എന്നും ഇതില്‍ ഒരാള്‍ യഹിയ സിന്‍വാര്‍ ആകാന്‍ സാധ്യതയുണ്ടെന്നും നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ഇസ്രയേല്‍ നടത്തിയ ഡിഎൻഎ പരിശോധനയിലാണ് ഹമാസ് തലവൻ തന്നെയാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചത്.
Also Read: 'യഹ്‌യ സിൻവാറിനെ വധിച്ച പ്രതിരോധ സേനയ്ക്ക് അഭിനന്ദനം': ഐസക് ഹെർസോഗ്