വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും പൊതുമണ്ഡലത്തിൽ ജനാധിപത്യ മൂല്യങ്ങൾക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് കമലാ ഹാരിസ്. തെരഞ്ഞെടുപ്പ് ഫലം വന്ന് ശേഷം പ്രവർത്തകരെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അവർ. വിജയപ്രസംഗം നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ഹോവാർഡ് യൂണിവേഴ്‌സിറ്റിയിൽ വെച്ചാണ് അവർ പ്രവർത്തകരെ അഭിസംബോധന ചെയ്‌തത്.
പരാജയം സമ്മതിച്ച കമല ട്രംപിനെ നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചു. പ്രസിഡന്‍റ് പദവിയിലെത്താൻ 270 ഇലക്‌ടറൽ വോട്ടുകൾ വേണ്ട സ്ഥാനത്ത് 226 സീറ്റുകൾ മാത്രമാണ് കമലക്ക് നേടാനായത്. ട്രംപ് 295 ഇലക്‌ടറൽ വോട്ടുകൾ നേടി ചരിത്ര വിജയമുറപ്പിച്ചു. പരാജയപ്പെട്ടാലും വോട്ടിങ് ബൂത്തിലും കോടതികളിലും പൊതുമണ്ഡലത്തിലും പോരാട്ടം തുടരുമെന്ന് കമല ഹാരിസ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കമല ഹാരിസ് നിശ്ചയദാർഢ്യത്തോടെ തന്‍റെ പോരാട്ടം തുടരുമെന്ന് ബൈഡൻ ആവർത്തിച്ചു. നിലവിലെ പ്രസിഡന്‍റ് ജോ ബൈഡന്‍റെ സ്ഥാനാർഥിത്വം മാറ്റിയായിരുന്നു ഡെമോക്രാറ്റുകൾ കമല ഹാരിസിനെ മത്സരത്തിനിറക്കിയത്. ജയിച്ചാൽ ആദ്യത്തെ കറുത്ത വർഗക്കാരിയായ വനിതാ അമേരിക്കന്‍ പ്രസിഡൻ്റായി ചരിത്രം സൃഷ്‌ടിക്കാൻ കമലക്കാവുമായിരുന്നു.
പക്ഷേ, ഗർഭച്ഛിദ്രവകാശം ഉൾപ്പെടെ ഉയർത്തിക്കാട്ടി പ്രധാനമായും സ്ത്രീപക്ഷ വോട്ട്ബാങ്ക് ലക്ഷ്യമിട്ട് കമല നടത്തിയ പ്രചാരണം ഫലം കണ്ടില്ല. ജനകീയ വോട്ടെടുപ്പ് സർവെ ഫലങ്ങളിൽ ട്രംപും കമലയും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നെങ്കിലും രണ്ട് ഇംപീച്ച്‌മെൻ്റുകളും ശിക്ഷാവിധികളും മുൻ തെരഞ്ഞെടുപ്പ് പരാജയവും മറികടന്ന് ട്രംപ് വിജയം കാണുകയായിരുന്നു.
Also Read:അമേരിക്കയുടെ രണ്ടാം വനിതയാകുന്നത് ഇന്ത്യന്‍ വംശജ; ഉഷ വാന്‍സിന് ഇന്ത്യയില്‍ നിന്ന് അഭിനന്ദന പ്രവാഹം