വാഷിങ്ടൺ: പതിറ്റാണ്ടുകൾക്ക് ശേഷം ഇതാദ്യമായാണ് അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിന്നും സ്ഥാനാർത്ഥി പിന്മാറുന്നത്. 81 കാരനായ ജോ ബൈഡൻ ആഴ്‌ചകൾ നീണ്ട ആലോചനകൾക്ക് ശേഷമാണ് ഈ കടുത്ത തീരുമാനം എടുത്തത്. എന്നാൽ ഇദ്ദേഹത്തിൻ്റെ ഈ തീരുമാനം തൻ്റെ പ്രസിഡൻ്റ് പദവിയെയും ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്.
തൻ്റെ പ്രസിഡൻ്റ് സ്ഥാനത്തിൻ്റെ കാലാവധി കഴിയാത്തതിനാൽ തന്നെ നിലവില്‍ അദ്ദേഹത്തിന് പ്രസിഡൻ്റ് പദവിയിലിരുന്നു കൊണ്ടുളള ചുമതലകൾ നിറവേറ്റാൻ സാധിക്കുമോ എന്ന ചോദ്യം അടക്കം ഉയരാൻ സാധ്യതയുണ്ട്. 1968 ൽ പ്രസിഡൻ്റ് ലിൻഡൻ ജോൺസണ് ശേഷം ഇതാദ്യമായാണ് മറ്റൊരു വ്യക്തി തെരഞ്ഞെടുപ്പിൽ നിന്നും പിന്മാറുന്നത്. എന്നാൽ ജോൺസൻ്റെ പ്രഖ്യാപനത്തിനെ അപേക്ഷിച്ച് വളരെ നേരത്തെയാണ് ജോ ബൈഡൻ്റെ തീരുമാനം വരുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയ്‌ക്ക് ട്രംപിൻ്റെ വധശ്രമം ഉൾപ്പെടെയുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ടായിരുന്നു.
ജൂൺ 27 ന് റിപ്പബ്ലിക്കൻ പ്രസിഡന്‍റ് സ്ഥാനാർഥിയും മുൻ പ്രസിഡന്‍റുമായ ഡൊണാൾഡ് ട്രംപുമായി നടത്തിയ 90 മിനിറ്റ് സംവാദത്തില്‍ ബൈഡന് അടിപതറിയതോടെ തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു തുടങ്ങിയിരുന്നു. ബൈഡന്‍റെ പ്രായാധിക്യവും മോശം പ്രകടനവും ട്രംപ് രാഷ്‌ട്രീയ ആയുധം ആക്കിയതോടെ ബൈഡന്‍ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറണമെന്ന ആവശ്യം ഡെമോക്രാറ്റുകളുടെ ഇടയില്‍ ശക്തമായി. ഇതിന് പിന്നാലെയാണ് ബൈഡന്‍ പിന്മാറുന്നതായി അറിയിച്ചത്.
Also Read: 'അഭിമാനമല്ലാതെ മറ്റൊന്നുമില്ല': ബൈഡന്‍റെ പിന്‍മാറ്റത്തില്‍ കൊച്ചുമകള്‍ നവോമി ബൈഡൻ