ന്യൂയോർക്ക്: ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ അടുത്ത ആഴ്‌ച പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. ബന്ദികളെ മോചിപ്പിക്കാൻ അനുവദിച്ചതായും അദ്ദേഹം വ്യക്തമാക്കി. എൻബിസിയുടെ ലേറ്റ് നൈറ്റ് വിത്ത് സേത്ത് മെയേഴ്‌സ് എന്ന് ചാറ്റ്‌ഷോയിൽ വെടിനിർത്തലുമായി ബന്ധപ്പെട്ടുളള ചോദ്യത്തിന് മറുപടിപറയുകയായിരുന്നു അദ്ദേഹം.
അതേസമയം ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയില്‍ പ്രതിഷേധിച്ച് അമേരിക്കൻ വ്യോമസേനാംഗം ഇസ്രായേൽ എംബസിക്ക് മുന്നില്‍ സ്വയം തീകൊളുത്തി മരിച്ച് മണിക്കൂറുകള്‍ക്കമാണ് ബൈഡന്‍റെ പ്രതികരണമുണ്ടായത്.
പലസ്‌തീന്‍ അതിര്‍ത്തിയിലെ മനുഷ്യജീവിതം ഏറെ പ്രതിസന്ധിയിലായ സാഹചര്യത്തില്‍ ഈജിപ്‌ത്, ഖത്തര്‍, ഫ്രാന്‍സ് തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഇസ്രയേല്‍-ഹമാസ് യുദ്ധം നിര്‍ത്തുന്നതിനായി മധ്യസ്ഥരായി പ്രവർത്തിക്കുകയാണ്. പലസ്‌തീൻ ബന്ദികളെ വിട്ടയക്കാനുളള ശ്രമങ്ങൾ നടത്താൻ ഈ രാജ്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇസ്രായേൽ-പലസ്‌തീൻ പിരിമുറുക്കങ്ങൾ വർധിക്കുന്ന സമയത്ത് ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ പങ്കെടുക്കുന്ന ദോഹയിലെ യോഗത്തിൽ മുസ്ലീം പുണ്യ മാസമായ റമദാൻ ആരംഭിക്കുന്നതിനു മുൻപ് തന്നെ ഒരു സന്ധി ഉറപ്പാക്കണമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം ഗാസയിലെ സാധാരണക്കാർക്ക് അടിസ്ഥാന സേവനങ്ങളും മാനുഷിക സഹായവും ഉറപ്പാക്കാൻ അടിയന്തരവും ഫലപ്രദവുമായ നടപടികൾ കൈക്കൊള്ളാനായി ഐക്യരാഷ്‌ട്രസഭയുടെ പരമോന്നത കോടതി ഇസ്രയേലിനോട് ഉത്തരവിട്ടിരുന്നു.
എന്നാൽ ഐക്യരാഷ്‌ട്രസഭയുടെ പരമോന്നത കോടതിയുടെ ഉത്തരവ് പാലിക്കുന്നതിൽ ഇസ്രായേൽ പരാജയപ്പെട്ടുവെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് തിങ്കളാഴ്‌ച പറഞ്ഞു. ഇസ്രായേലും ഹമാസും തമ്മിൽ യുദ്ധം നടക്കുന്ന ഗാസയിൽ വെടിനിർത്തലിന് ഉത്തരവിടുന്നത് യുഎൻ പരമോന്നത കോടതി നിർത്തിവച്ചിരിക്കുകയായിരുന്നു.
ഗാസ മുനമ്പിലെ സൈനിക നീക്കങ്ങൾ അടിയന്തരമായി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു കോടതിയുടെ വിധി ഉണ്ടായത്. അതേസമയം തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിക്കുകയും തങ്ങൾ സ്വയം പ്രതിരോധത്തിനാണ് പോരാടുന്നതെന്നും ഇസ്രായേൽ പറഞ്ഞു.
യുദ്ധം ആരംഭിച്ച് ഏകദേശം അഞ്ച് മാസങ്ങൾ പിന്നിടുമ്പോൾ 1.4 ദശലക്ഷം പലസ്‌തീനികൾ സുരക്ഷ തേടിയ ഗാസയുടെ തെക്കേ അറ്റത്തുള്ള പട്ടണമായ റഫയിലേക്ക് ഇസ്രായേൽ അതിന്‍റെ കര പ്രവർത്തനം വ്യാപിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടക്കുകയാണ്.
റഫയിലെ സ്ഥിതിഗതികൾ ആഗോളതലത്തിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഹമാസ് തീവ്രവാദി ഗ്രൂപ്പിനെതിരായ പോരാട്ടത്തിൽ സാധാരണക്കാരെ സംരക്ഷിക്കണമെന്ന് ഇസ്രായേലിൻ്റെ സഖ്യകക്ഷികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
റഫയുടെ പ്രവർത്തന പദ്ധതിയെക്കുറിച്ചും യുദ്ധമേഖലകളിൽ നിന്ന് സാധാരണക്കാരെ ഒഴിപ്പിക്കാനുള്ള പദ്ധതിയും സൈന്യം യുദ്ധ കാബിനറ്റിന് മുന്നിൽ അവതരിപ്പിച്ചതായും തിങ്കളാഴ്‌ച പുലർച്ചെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഓഫിസ് അറിയിച്ചു. എന്നാൽ കൂടുതൽ വിശദാംശങ്ങൾ നൽകിയിട്ടില്ല.