ടെൽ അവീവ് : മൂന്ന് ഹമാസ് ബന്ദികളുടെ മൃതദേഹങ്ങൾ ഗാസ മുനമ്പിൽ നിന്ന് കണ്ടെത്തി ഒരു ദിവസത്തിന് ശേഷം മറ്റൊരു ബന്ദിയുടെ മൃതദേഹം കൂടി കണ്ടെത്തി ഇസ്രയേൽ സൈന്യം. ഇസ്രയേൽ, ഹമാസ് യുദ്ധം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഒക്‌ടോബർ 7-ന് ഹമാസ് തട്ടിക്കൊണ്ടുപോയ 53 കാരനായ റോൺ ബെഞ്ചമിന്‍റേതാണ് മൃതദേഹം. ഒക്‌ടോബർ ഏഴിന് തന്നെ ഹമാസ് ഭീകരർ ബെഞ്ചമിനെ കൊലപ്പെടുത്തിയെന്നും മൃതദേഹം ഗാസയിലേക്ക് കൊണ്ടുപോയെന്നും ഐഡിഎഫ് വക്താവ് റിയർ അഡ്‌മിറല്‍ ഡാനിയൽ ഹഗാരി പറഞ്ഞു.
ഒക്‌ടോബർ 7 ന് സുഹൃത്തുക്കളെ കാണാൻ കിബ്ബത്ത് ബീരിയിലേക്ക് പോയ അദ്ദേഹം സൈറണുകൾ കേള്‍ക്കുകയും തിരിച്ച് വീട്ടിലേക്ക് യാത്ര തിരിക്കുകയും ചെയ്‌തു. എന്നാല്‍ അദ്ദേഹം തിരിച്ച് വീട്ടില്‍ എത്തിയിരുന്നില്ല. വെള്ളിയാഴ്‌ച യുദ്ധബാധിതമായ ഗാസ മുനമ്പിൽ നിന്ന് മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ ഐഡിഎഫ് കണ്ടെടുത്തിരുന്നു.
ഇറ്റ്സാക്ക് ഗെലറെന്‍റർ, അമിത് ബുസ്‌കില, ഷാനി ലൂക്ക് എന്നിവരെയാണ് സൈന്യം കണ്ടെത്തിയത് എന്ന് വാർത്താക്കുറിപ്പിൽ ഐഡിഎഫ് വക്താവ് റിയർ അഡ്‌മിറല്‍ വ്യക്തമാക്കി. സൈന്യവും ഷിൻ ബെറ്റും ചേർന്ന് ഒറ്റരാത്രികൊണ്ട് നടത്തിയ ഓപ്പറേഷനിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തതെന്നും ഡാനിയൽ ഹഗാരി കൂട്ടിച്ചേര്‍ത്തു.
ഹമാസിന്‍റെ നേതൃത്വത്തിൽ ഒക്‌ടോബർ 7-ന് അക്രമം നടന്നപ്പോള്‍ റെയ്‌മിനടുത്തുള്ള സൂപ്പർനോവ സംഗീതോത്സവത്തില്‍ പങ്കെടുക്കുകയായിരുന്നു മൂവരും. തുടർന്ന് മെഫാൽസിം പ്രദേശത്തേക്ക് യാത്ര ചെയ്‌തു. അവിടെ വച്ച് മൂവരെയും ഹമാസ് കൊലപ്പെടുത്തിയെന്നും പിന്നീട് അവരുടെ മൃതദേഹങ്ങൾ ഗാസയിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നും ഹഗാരി പറഞ്ഞു.