ദേർ അൽ-ബലാഹ് (ഗാസ സ്ട്രിപ്പ്): ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ ഒരേ കുടുംബത്തിൽ നിന്നുള്ള 18 പേർ കൊല്ലപ്പെട്ടു. ഇസ്രായേൽ സൈന്യത്തിന് മാംസവും മത്സ്യവും എത്തിക്കുന്നതിന് സഹായം നല്‍കിയിരുന്ന മൊത്തക്കച്ചവടക്കാരനായ സമി ജവാദ് അൽ-എജ്‌ല എന്നയാളുടെ കുടുംബമാണ് കൊല്ലപ്പെട്ടത്. രണ്ട് ഭാര്യമാരും 11 കുട്ടികളും മുത്തശ്ശിയും മറ്റ് മൂന്ന് ബന്ധുക്കളുമാണ് മരിച്ചത്.
ശനിയാഴ്‌ചയുണ്ടായ വ്യോമാക്രമണത്തിൽ സവൈദ പട്ടണത്തിന്‍റെ പ്രവേശന കവാടത്തിന് സമീപമുളള വീടും വെയർഹൗസുമാണ് തകർന്നത്. അവിടെ അഭയം പ്രാപിച്ചിരുന്ന ആളുകളാണ് ആക്രമണത്തിന് ഇരയായതെന്ന് ദേർ അൽ-ബലാഹിലെ അൽ-അഖ്‌സ മാർട്ടിയർ ആശുപത്രി അധികൃതർ അറിയിച്ചു. 10 മാസമായി നീണ്ടു നില്‍ക്കുന്ന ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധത്തില്‍ വെടിനിർത്തൽ കരാറിന് മധ്യസ്ഥർ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് പുതിയ ആക്രമണമുണ്ടായത്.
അതേസമയം മധ്യ ഗാസയുടെ ചില ഭാഗങ്ങളിൽ നിന്നും ആളുകളെ വീണ്ടും കൂട്ടത്തോടെ ഒഴിപ്പിക്കുന്നതിന് ഉത്തരവിട്ടിട്ടുണ്ട്.
വെടിനിർത്തലും പദ്ധതികളുടെ നടത്തിപ്പും
വെടിനിർത്തൽ, ഗാസയിൽ നിന്നും ഇസ്രായേൽ സൈന്യത്തെ പിൻവലിക്കൽ, ഇസ്രായേൽ തടവിലാക്കിയ പലസ്‌തീനികളെ മോചിപ്പിക്കൽ എന്നിവയ്‌ക്ക് മൂന്ന് ഘട്ടത്തിലുളള പദ്ധതികൾക്കാണ് മധ്യസ്ഥർ മാസങ്ങൾ ചെലവഴിച്ചത്. ബെയ്‌റൂട്ടിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ ഉന്നത ഹിസ്ബുള്ള കമാൻഡറും ടെഹ്‌റാനിലെ സ്‌ഫോടനത്തിൽ ഹമാസിൻ്റെ ഉന്നത നേതാവും കൊല്ലപ്പെട്ടതിന് ശേഷമാണ് ഈ പദ്ധതികൾക്ക് വേഗം കൂടിയത്.
യുദ്ധം ആരംഭിച്ചതു മുതൽ ഇസ്രായേലും ഹിസ്ബുള്ളയും തമ്മിൽ വെടിവെയ്‌പ്പ് നടക്കുകയുണ്ടായി. ശനിയാഴ്‌ച (ഓഗസ്റ്റ് 17) ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഒരു സ്ത്രീയും അവരുടെ രണ്ട് കുട്ടികളും ഉൾപ്പെടെ പത്ത് സിറിയക്കാരാണ് കൊല്ലപ്പെട്ടത്. ഹിസ്ബുളളയുടെ ആയുധശേഖരം ലക്ഷ്യമിട്ട് കൊണ്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ പറഞ്ഞു.
അതേസമയം വെടിനിർത്തുന്നതിനായി ആയിരക്കണക്കിന് ഇസ്രായേലികൾ ശനിയാഴ്‌ച രാത്രി പ്രക്ഷോഭം നടത്തുകയുണ്ടായി. തങ്ങളുടെ സുരക്ഷയ്ക്കായി വെടിനിർത്തണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് അവർ പ്രതിഷേധിച്ചത്.
Also Read: ഗാസയിൽ മരണം 40,000 കടന്നു; വെടിനിർത്താൻ ആവശ്യപ്പെട്ട് യുഎൻ മനുഷ്യാവകാശ കമ്മീഷൻ