ഡമാസ്‌കസ് : ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഡമാസ്‌കസിലെ ഇറാൻ എംബസിയുടെ കോൺസുലർ വിഭാഗം തകർന്നു. എംബസിയുടെ അകത്തുള്ളവർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്‌തതായും സിറിയൻ സ്റ്റേറ്റ് മീഡിയ അറിയിച്ചു. ആക്രമണത്തിൽ ഇറാനിയൻ സൈനിക ഉപദേഷ്‌ടാവ് ജനറൽ അലി റെസ സഹ്ദി കൊല്ലപ്പെട്ടതായി വാർത്ത ചാനൽ പറഞ്ഞു.
എന്നാൽ ആക്രമണത്തെക്കുറിച്ച് ഇറാന്‍റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. അക്രമണത്തിൽ നിരവധി ആളുകൾ കൊല്ലപ്പെട്ടു എന്നല്ലാതെ മറ്റ് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല എന്ന് ഇറാൻ അംബാസഡർ ഹുസൈൻ അക്ബരിയെ കണ്ടതിന് ശേഷം സിറിയൻ വിദേശകാര്യ മന്ത്രി ഫൈസൽ മെക്‌ദാദ് മാധ്യമങ്ങളോട് പറഞ്ഞു.
കനത്ത സുരക്ഷയോടെ പ്രവർത്തിക്കുന്ന മസെയുടെ സമീപ പ്രദേശത്തെ കെട്ടിടം അക്രമണത്തിൽ നിലംപൊത്തിയതായി വാർത്ത ഏജൻസി പറഞ്ഞു. തകർന്ന കെട്ടിടത്തിനടിയിൽ പെട്ടവരുടെ മൃതദേഹങ്ങൾക്കായുള്ള തെരച്ചിൽ നടക്കുകയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സിറിയയിൽ ഇസ്രയേൽ നൂറുകണക്കിന് ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഗാസ മുനമ്പിൽ ഹമാസിനെതിരെ ഇസ്രയേൽ നടത്തുന്ന യുദ്ധത്തിന്‍റെയും ലെബനൻ-ഇസ്രയേൽ അതിർത്തിയിൽ ഇസ്രയേൽ സൈന്യവും ഹിസ്ബുള്ളയും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ഏറ്റുമുട്ടലുകളുടെ പശ്ചാത്തലത്തിൽ ഇത്തരം വ്യോമാക്രമണങ്ങൾ അടുത്ത മാസങ്ങളിൽ വർധിച്ചിരിക്കുകയാണ്.
സിറിയയിലെ തങ്ങളുടെ പ്രവർത്തനങ്ങൾ അപൂർവമായി മാത്രമേ അംഗീകരിക്കുന്നുള്ളൂവെങ്കിലും, സിറിയൻ പ്രസിഡന്‍റ് ബാഷർ അസദിൻ്റെ സേനയെ പിന്തുണയ്ക്കാൻ ആയിരക്കണക്കിന് പോരാളികളെ അയച്ച ലെബനൻ്റെ ഹിസ്ബുള്ള പോലുള്ള ഇറാൻ സഖ്യകക്ഷി തീവ്രവാദ ഗ്രൂപ്പുകളുടെ താവളങ്ങൾ ലക്ഷ്യമിടുന്നതായി ഇസ്രയേൽ പറഞ്ഞു.
Also read : അൽ-ഷിഫ ആശുപത്രി ഏറ്റുമുട്ടൽ ; ഹമാസ് നേതാവിനെ വധിച്ച് ഇസ്രയേൽ സൈന്യം