ഗാസ (ഇസ്രയേൽ) : ഗാസയിലെ അൽ - ഷിഫ ആശുപത്രിയുടെ പരിമിതമായ പ്രദേശങ്ങൾ ലക്ഷ്യമിട്ടുള്ള ഇസ്രയേൽ സൈന്യത്തിന്‍റെ പ്രവർത്തനം ആരംഭിച്ചു. ഇസ്രയേലിനെതിരായ ആക്രമണങ്ങൾ ഏകോപിപ്പിക്കാൻ ഈ സൗകര്യം ഉപയോഗിക്കുന്ന മുതിർന്ന ഹമാസ് പ്രവർത്തകരുടെ സാന്നിധ്യം അവിടെ ഉണ്ടെന്ന് ഇന്‍റലിജൻസ് വിഭാഗം സൂചിപ്പിച്ചു.
സിവിലിയന്മാരെ ദ്രോഹിക്കുന്നതിനുപകരം ഹമാസ് തീവ്രവാദികളെ നേരിടുക എന്നതാണ് ലക്ഷ്യമെന്ന് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) വക്താവ് റാഡ്ം ഹഗാരി (RAdm Hagari) തിങ്കളാഴ്‌ച (18-03-2024) പറഞ്ഞു. മാത്രമല്ല അടിയന്തര നടപടി ആവശ്യമായ ഇന്‍റലിജൻസിനുള്ള പ്രതികരണമാണ് ഈ ഓപ്പറേഷനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുതിർന്ന ഹമാസ് ഭീകരർ അൽ - ഷിഫ ആശുപത്രിക്കുള്ളിൽ വീണ്ടും സംഘടിച്ചിട്ടുണ്ടെന്നും അത് ഇസ്രയേലിനെതിരായ ആക്രമണത്തിന് കമാൻഡ് ചെയ്യാൻ വേണ്ടിയാണ് എന്നും റാഡ്ം ഹഗാരി പറഞ്ഞു. സിവിലിയൻ അപകടങ്ങൾ കുറയ്ക്കുന്നതിന് കൃത്യതയോടെയും ശ്രദ്ധയോടെയുമാണ് ഓപ്പറേഷൻ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആശുപത്രി കോമ്പൗണ്ടിനുള്ളിൽ രോഗികളെ സഹായിക്കാൻ അറബി സംസാരിക്കുന്നവരെയും മെഡിക്കൽ ഉദ്യോഗസ്ഥരെയും ഐഡിഎഫ് വിന്യസിക്കുകയും സാധാരണക്കാർക്ക് മാനുഷിക സഹായം നൽകുകയും ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
രോഗികൾക്കും മെഡിക്കൽ സ്‌റ്റാഫിനും ആശുപത്രി ഒഴിപ്പിക്കാൻ ബാധ്യതയില്ലെങ്കിലും, പോകാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് ആശുപത്രി വിടാമെന്നും റാഡ്ം ഹഗാരി പറഞ്ഞു. മെഡിക്കൽ സൗകര്യങ്ങൾ ഒരിക്കലും തീവ്രവാദ പ്രവർത്തനങ്ങൾക്കായി ചൂഷണം ചെയ്യരുതെന്ന് അടിവരയിടുന്ന അദ്ദേഹം ഹമാസ് തീവ്രവാദികളോട് കീഴടങ്ങുവാനും ആഹ്വാനം ചെയ്‌തു.
'ചികിത്സ സൗകര്യങ്ങൾ ഒരിക്കലും ഭീകരതയ്ക്ക് വേണ്ടി ചൂഷണം ചെയ്യരുത്. ഹമാസ് ഉത്തരവാദിത്തം ഏറ്റെടുക്കണമെ'ന്നും റാഡ്ം ഹഗാരി എക്‌സില്‍ പോസ്‌റ്റ് ചെയ്‌തു.
അതേസമയം, ഗാസയിലെ ഹമാസ് നിയന്ത്രിത ആരോഗ്യ മന്ത്രാലയം ഇസ്രയേൽ നടത്തുന്ന പ്രവർത്തനത്തെക്കുറിച്ച് ഒരു പ്രസ്‌താവന പുറത്തിറക്കി. അൽ-ഷിഫ മെഡിക്കൽ കോംപ്ലക്‌സിനുള്ളിലെ മെഡിക്കൽ സ്‌റ്റാഫ്, രോഗികൾ, കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾ എന്നിവരുടെ ജീവിതത്തിന് ഇസ്രായേലി അധിനിവേശത്തിന് ഞങ്ങൾ ഉത്തരവാദികളാണ്, -എന്നായിരുന്നു ആ പ്രസ്‌താവന എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
'അധിനിവേശ ശക്തികൾ ചെയ്യുന്നത് അന്താരാഷ്‌ട്ര മാനുഷിക നിയമത്തിന്‍റെ ലംഘനമാണ്. ഇസ്രയേൽ അധിനിവേശം ലോകത്തെ കബളിപ്പിക്കാനും അൽ - ഷിഫ മെഡിക്കൽ കോംപ്ലക്‌സിന് നേരെയുള്ള ആക്രമണത്തെ ന്യായീകരിക്കാനും വേണ്ടിയാണെ'ന്ന് പ്രസ്‌താവനയില്‍ പറയുന്നുണ്ട്.
അൽ ജസീറയുടെ സനദ് വെരിഫിക്കേഷൻ യൂണിറ്റ് പരിശോധിച്ച ഫൂട്ടേജുകളിൽ ഇസ്രയേൽ സൈന്യം പ്രദേശത്ത് ഓപ്പറേഷൻ ആരംഭിച്ചതിന് ശേഷം ഡസൻ കണക്കിന് പലസ്‌തീനികൾ ഗാസയിലെ അൽ - ഷിഫ ആശുപത്രിയിൽ നിന്ന് പലായനം ചെയ്യുന്നത് കാണാനാകും. വടക്കൻ ഗാസ സിറ്റിയിലെ മെഡിക്കൽ കോംപ്ലക്‌സിനുള്ളിൽ ഇസ്രയേൽ സൈന്യം വെടിയുതിർക്കുകയും, അതിലൂടെ ജനങ്ങൾ മരിക്കുകയും നിരവധി പേർക്ക് പരിക്കുകൾ ഉണ്ടാക്കുകയും ചെയ്‌തു. ഇസ്രയേൽ ബോംബാക്രമണത്തെ തുടർന്ന് അൽ - ഷിഫ ആശുപത്രിയിലെ ശസ്‌ത്രക്രിയ കെട്ടിടത്തിൽ തീപിടിത്തമുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.
ഇസ്രയേൽ സൈന്യം എല്ലാവരോടും ആശുപത്രി ഒഴിയാൻ ഉച്ചഭാഷിണിയിലൂടെ ഉത്തരവിട്ടു. അതേസമയം സമുച്ചയത്തിനുള്ളിൽ വെടിയുതിർക്കുകയും നിരവധി ആളുകൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.