ജറുസലേം: ഇസ്രായേലിൽ വെസ്‌റ്റ് നൈൽ വൈറസ് ബാധിച്ച കൊതുകുകളെ കണ്ടെത്തി. ഇസ്രായേൽ പരിസ്ഥിതി സംരക്ഷണ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും സംയുക്തമായി നടത്തിയ നിരീക്ഷണ ഓപ്പറേഷനിലാണ് വെസ്‌റ്റ് നൈൽ വൈറസ് വഹിക്കുന്ന കൊതുകുകളെ കണ്ടെത്തിയത്.
ടെൽ അവീവ്, ഹെർസ്ലിയ, കിര്യത് ഓനോ, പെറ്റ ടിക്വ, സെൻട്രൽ ഡിസ്ട്രിക്റ്റ്, ലെവ് ഹഷറോൺ റീജിയണൽ കൗൺസിൽ, എയ്‌ലറ്റ്, അയ്‌ലോട്ട് റീജിയണൽ കൗൺസിൽ തുടങ്ങി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വൈറസ് വഹിക്കുന്ന കൊതുകുകളെ കണ്ടെത്തിയിട്ടുണ്ട്. അതേസമയം രോഗം പടരാതിരിക്കുന്നതിനായി സർക്കാർ പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് പൊതുജനങ്ങളോട് ഇസ്രായേൽ ആരോഗ്യമന്ത്രാലയം അറിയിച്ചു.
പക്ഷികളിൽ നിന്നും കൊതുകുകൾ വഴി മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് വെസ്‌റ്റ് നൈൽ പനിയെന്ന് ആരോഗ്യ മന്ത്രാലയത്തിലെ പബ്ലിക് ഹെൽത്ത് ഡിവിഷൻ സൂനോട്ടിക് ഡിസീസ് വിഭാഗം ഡയറക്‌ടർ ഒറെൻ ആഷെത് കതാബി പറഞ്ഞു. പൊതുവെ പക്ഷികളിൽ കണ്ടുവരുന്ന രോഗം ക്യൂലക്‌സ് വിഭാഗത്തിൽ പെട്ട കൊതുകുകൾ വഴിയാണ് മനുഷ്യരിലേക്ക് എത്തുന്നത്. കൊതുകുകളിൽ നിന്ന് മൃഗങ്ങളിലേക്കും രോഗം പകരും. മിക്ക രോഗികളിലും ലക്ഷണങ്ങൾ ഒന്നുമില്ലാതെ രോഗം വന്നു പോകാറുണ്ട്. പനി, തലവേദന, സന്ധികളിലും പേശികളിലും വേദന, വയറിളക്കം, ഓക്കാനും തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങൾ.
ജപ്പാൻ ജ്വരത്തിന് സമാനമായ രോഗലക്ഷണമാണ് വെസ്‌റ്റ് നൈൽ പനിയ്ക്കും കണ്ടുവരുന്നത്. എന്നാൽ വെസ്‌റ്റ് നൈൽ രോഗം ഗുരുതരമാകാറില്ല. രോഗബാധിതരായ ഒരു ശതമാനം പേരിൽ മാത്രമേ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ കണ്ടുവരാറുള്ളൂ. അപൂർവമായി മാത്രമാണ് രോഗിക്ക് മരണം സംഭവിന്നത്. എന്നാൽ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്.
Also Read: ഷിഗെല്ല അപകടകാരി, മരണം പോലും സംഭവിക്കാം; പ്രതിരോധം ഇങ്ങനെ