ജെറുസലേം: വെടിനിർത്തൽ വകവയ്ക്കാതെ ഹിസ്ബുള്ള ഇസ്രയേലിലേക്ക് ആക്രമണം നടത്തിയെന്നും, തുടർന്ന് ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേൽ സൈന്യം തിരിച്ചടിച്ചെന്നും ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു. ലെബനനിലുടനീളം ഹിസ്ബുള്ളയുടെ ഡസൻ കണക്കിന് ലോഞ്ചറുകളും ഇൻഫ്രാസ്ട്രക്‌ചറുകളും ലക്ഷ്യമിട്ടായിരുന്നു തങ്ങളുടെ ആക്രമണമെന്ന് ഐഡിഎഫ് പ്രസ്‌താവനയിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം (ഡിസംബർ 2 ) ഹിസ്ബുള്ള ഇസ്രയേലിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് "ഇസ്രായേലും ലെബനനും തമ്മിലുള്ള വെടിനിർത്തൽ കരാറിന്‍റെ ലംഘനം" എന്നാണ് ഇസ്രയേൽ വിശേഷിപ്പിച്ചത്. ഇസ്രയേലിലെ മൗണ്ട് ഡോവിലേക്കാണ് കഴിഞ്ഞ ദിവസം ഹിസ്ബുള്ള ആക്രമണം നടത്തിയത്. ഹിസ്‌ബുള്ളയുടെ ആക്രമണത്തോട് ശക്തമായി പ്രതികരിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇസ്രയേല്‍ സൈന്യം ഹിസ്‌ബുള്ളയുടെ വിവിധ കേന്ദ്രങ്ങള്‍ ആക്രമിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
'ഡോവ് പർവതത്തിൽ ഹിസ്ബുള്ളയുടെ ആക്രമണം ഗുരുതരമായ വെടിനിർത്തൽ ലംഘനമാണ്, ഇസ്രയേൽ ഇതിനോട് ശക്തമായി പ്രതികരിക്കും. വെടിനിർത്തൽ തുടർന്നും നടപ്പാക്കാനും ഹിസ്ബുള്ളയുടെ ചെറുതോ ഗുരുതരമോ ആയ ഏത് ലംഘനത്തിനോടും പ്രതികരിക്കാൻ ഞങ്ങൾ തീരുമാനിച്ചു' എന്ന് നെതന്യാഹു വ്യക്തമാക്കി.
ഹിസ്‌ബുള്ളയെ ഏത് തരത്തിലും തിരിച്ചടിക്കുമെന്ന് ഇസ്രയേലിന്‍റെ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സും മുന്നറിയിപ്പ് നല്‍കി. "ഹിസ്ബുള്ളയുടെ ഏത് വെടിനിർത്തൽ ലംഘനത്തിനെതിരെയും തക്കതായ മറുപടി നല്‍കും, അത് ഞങ്ങൾ ചെയ്യും, മൗണ്ട് ഡോവിലെ ഐഡിഎഫ് പോസ്റ്റിന് നേരെ ഹിസ്ബുള്ള നടത്തിയ വെടിവയ്പ്പിന് കടുത്ത പ്രതികരണം നേരിടേണ്ടിവരും, എന്തായിരിക്കുമെന്ന് പറയാനാകില്ല" എന്ന് ഇസ്രായേൽ കാറ്റ്സ് പറഞ്ഞു.
നവംബര്‍ 27നാണ് ഹിസ്ബുള്ളയുമായുള്ള വെടിനിർത്തല്‍ കരാറിന് ഇസ്രയേൽ അംഗീകാരം നൽകിയത്. 60 ദിവസത്തേക്കാണ് ഇസ്രയേല്‍ സുരക്ഷാ മന്ത്രിസഭ വെടിനിർത്തൽ പ്രഖ്യാപിച്ചത്. മന്ത്രിസഭ കരാർ അംഗീകരിച്ചതിന് പിന്നാലെ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സെപ്‌തംബർ 23 ന് ആണ് ലെബനനില്‍ ഇസ്രയേല്‍ ആക്രമണം ആരംഭിക്കുന്നത്.
ഹിസ്‌ബുള്ള തലവന്‍ ഹസൻ നസ്‌റള്ളയെയും മറ്റ് മുതിർന്ന അംഗങ്ങളെയും ഇക്കാലയളവില്‍ ഇസ്രയേല്‍ വധിച്ചിരുന്നു. ഹിസ്ബുള്ളയ്ക്കൊപ്പം ലെബനനിലെ സാധാരണ ജനങ്ങളെയും ആക്രമണം ബാധിച്ചു. ഇസ്രയേൽ ആക്രമണം കടുപ്പിച്ചതിന് പിന്നാലെ ലെബനനിൽ സാധാരണക്കാരടക്കം മൂവായിരത്തിലധികം പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. വെടിനിര്‍ത്തലിന് പിന്നാലെയുള്ള ഇപ്പോഴത്തെ ആക്രമണങ്ങള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കും.
Read More: ഇസ്രയേലിന്‍റെ മേൽ വിജയം പ്രഖ്യാപിച്ച് ഹിസ്‌ബുള്ള; വെടിനിര്‍ത്തലിന് പിന്നാലെ ആഹ്ളാദ പ്രകടനങ്ങൾ