ദുബായ് : ഇറാനിലെ രണ്ടാം പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച് മസൂദ് പെസഷ്‌കിയാൻ. സയീദ് ജലീലിനെ പരാജയപ്പെടുത്തിക്കൊണ്ടാണ് പരിഷ്‌കാരവാദിയായ മസൂദ് വിജയിച്ചത്. ജലീൽ രാജ്യത്ത് നിർബന്ധിത ശിരോവസ്ത്ര നിയമം നടപ്പാക്കുന്നത് എളുപ്പമാക്കുമെന്ന് വാഗ്‌ദാനം ചെയ്‌തുകൊണ്ടായിരുന്നു പ്രചാരണം നടത്തിയിരുന്നത്.
ഇറാൻ്റെ ഷിയാ ദിവ്യാധിപത്യത്തിൽ മാറ്റങ്ങളൊന്നും കൊണ്ടുവരില്ലെന്ന് പെസഷ്‌കിയാൻ പ്രചാരണത്തിലുടനീളം പറഞ്ഞിരുന്നു. വോട്ടെണ്ണൽ വെള്ളിയാഴ്‌ചയാണ് നടന്നത്. 16.3 ദശലക്ഷം വോട്ടുകൾ നേടിയാണ് പെസെഷ്‌കിയാൻ വിജയിയായത്. ജലീലിക്ക് ലഭിച്ചത് 13.5 ദശലക്ഷം വോട്ടുകളും. 30 ദശലക്ഷം ആളുകൾ വോട്ട് ചെയ്‌തതായി ഇറാൻ ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
'പ്രിയപ്പെട്ട ഇറാനിലെ ജനങ്ങളേ... തെരഞ്ഞെടുപ്പ് അവസാനിച്ചിരിക്കുന്നു. ഇത് നിങ്ങളുടെ സഹകരണത്തിൻ്റെ തുടക്കം മാത്രമാണ്. നിങ്ങളുടെ സഹകരണമില്ലാതെ മുന്നോട്ടുള്ള എൻ്റെ പാത സുഗമമാകില്ല. ഈ വഴിയിൽ നിങ്ങളെ ഒരിക്കലും തനിച്ചാക്കില്ലെന്ന് ഞാൻ സത്യം ചെയ്യുന്നു' -സമൂഹമാധ്യമമായ എക്‌സിൽ പെസഷ്‌കിയാൻ കുറിച്ചു.
ഇസ്രയേൽ-ഹമാസ് യുദ്ധത്തിൻ്റെയും യുഎസിലെ തെരഞ്ഞെടുപ്പ് എന്നിവയെച്ചൊല്ലിയുളള തർക്കം, ഇറാൻ്റെ ആണവ പദ്ധതി എന്നിങ്ങനെയുളള സംഘർഷാവസ്ഥയുടെ സാഹചര്യത്തിൽ പെസഷ്‌കിയാൻ്റെ വിജയം ഇറാൻ ജനതയ്‌ക്ക് ആശ്വാസം നൽകുന്ന കാര്യമാണ്. പെസഷ്‌കിയാൻ ഒരു ഡോക്‌ടറായി സേവനമനുഷ്‌ഠിക്കുന്ന ആളായതിനാൽ തന്നെ അദ്ദേഹം ഇറാൻ്റെ ആഭ്യന്തര രാഷ്ട്രീയത്തിൽ മാറ്റം കൊണ്ടുവരും എന്നതിൽ സംശയമില്ല.
1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇസ്ലാമിക് റിപ്പബ്ലിക്കിൻ്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിങ് ആണ് ജൂൺ 28 ന് നടന്ന ആദ്യ റൗണ്ട് വോട്ടെടുപ്പിൽ രേഖപ്പെടുത്തിയത്. വെള്ളിയാഴ്‌ചത്തെ വോട്ടിങ്ങിൽ 49.6 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഇറാനിയൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ചരിത്രപരമായി ഇപ്പോഴും ആളുകൾ വോട്ട് ചെയ്യുന്നത് കുറവാണ്.
607,575 ലക്ഷം അസാധുവായ വോട്ടുകൾ ഉണ്ടായിരുന്നു. അസെറി, ഫാർസി, കുർദിഷ് ഭാഷകൾ സംസാരിക്കുന്ന പെസഷ്‌കിയാൻ ഇറാനിലെ പല വംശീയതകൾക്കെതിരെയും പ്രചാരണം നടത്തിയിരുന്നു. പടിഞ്ഞാറൻ ഇറാനിൽ നിന്നുള്ള ആദ്യത്തെ പ്രസിഡൻ്റാണ് ഇദ്ദേഹം.
പ്രാദേശിക സംഘർഷങ്ങൾ രൂക്ഷമായ സാഹചര്യത്തിലായിരുന്നു ഈ തെരഞ്ഞെടുപ്പ് നടന്നത്. സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ എന്നിവർ പെസഷ്‌കിയാന് അഭിനന്ദനങ്ങളുമായെത്തിയിരുന്നു.