ഹ്യൂസ്‌റ്റൺ : കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിയെ കാണാതായതായി റിപ്പോര്‍ട്ട്. നിതീഷ കന്ദുല എന്ന 23 കാരിയെ മെയ് 28 മുതൽ കാണാതായെന്നാണ് വിവരം. കാലിഫോർണിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ സാൻ ബെർണാർഡിനോ വിദ്യാർഥിനിയാണ് നിതീഷ കന്ദുല. ലോസ് ഏഞ്ചൽസിലാണ് നിതീഷയെ അവസാനമായി കണ്ടത്.
കാണാതായ പെൺകുട്ടിയെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം പൊലീസ് തേടിയിട്ടുണ്ട്. വിദ്യാർഥികൾ ഉൾപ്പെടുന്ന ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയാകുകയും ആശങ്ക ഉയര്‍ത്തുകയും ചെയ്യുന്നതിനിടെയാണ് നിതീഷയുടെ തിരോധാനം. മെയ് 30 നാണ് 23കാരിയെ കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.
സമീപ മാസങ്ങളിൽ, നിരവധി ഇന്ത്യൻ വിദ്യാർഥികളെ കാണാതാവുകയോ ദാരുണമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയോ ചെയ്‌തിരുന്നു. ഇത് സമൂഹത്തിൽ വളരെയധികം ആശങ്കകൾ സൃഷ്‌ടിക്കുന്നുണ്ട്. കഴിഞ്ഞ മാസം ചിക്കാഗോയിൽ 26 കാരനായ രൂപേഷ് ചന്ദ്ര ചിന്തകിന്ദ് എന്ന ഇന്ത്യൻ വിദ്യാർഥിയെ കാണാതായിരുന്നു.
മാർച്ച് മുതൽ കാണാതായ 25 കാരനായ മറ്റൊരു ഇന്ത്യൻ വിദ്യാർഥിയെ ഏപ്രിലിൽ യുഎസിലെ ക്ലീവ്‌ലാൻഡിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഹൈദരാബാദിലെ നാചരം സ്വദേശിയായ മുഹമ്മദ് അബ്‌ദുൾ അർഫത്ത് കഴിഞ്ഞ വർഷം മേയിലാണ് ക്ലീവ്‌ലാൻഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഐടിയിൽ ബിരുദാനന്തര ബിരുദം നേടുന്നതിനായി യുഎസിലെത്തിയത്.
മാർച്ചിൽ മിസോറിയിലെ സെൻ്റ് ലൂയിസിൽ ഇന്ത്യയിൽ നിന്നുള്ള ക്ലാസിക്കൽ നർത്തകൻ അമർനാഥ് ഘോഷ് വെടിയേറ്റ് മരിച്ചിരുന്നു. ഫെബ്രുവരി 5 ന് ഇന്ത്യാനയിലെ പ്രകൃതി സംരക്ഷണ കേന്ദ്രത്തിൽ പർഡ്യൂ സർവകലാശാലയിലെ ഇന്ത്യൻ - അമേരിക്കൻ വിദ്യാർഥിയായ 23 കാരന്‍ സമീർ കാമത്തിനെയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ഫെബ്രുവരി 2 ന്, ഇന്ത്യൻ വംശജനും ഐടി എക്‌സിക്യൂട്ടീവുമായ വിവേക് തനേജ(41)യ്‌ക്കാണ് ആക്രമണം നേരിടേണ്ടി വന്നത്. വാഷിങ്ടണിലെ ഒരു റെസ്‌റ്റോറൻ്റിന് പുറത്ത് നടന്ന ആക്രമണത്തിനിടെ അദ്ദേഹത്തിന്‍റെ ജീവന് തന്നെ ഭീഷണികുന്ന തരത്തില്‍ പരിക്കേറ്റിരുന്നു.
ജനുവരിയിൽ, ഇല്ലിനോയിസ് സർവകലാശാലയിലെ വിദ്യാർഥിയായ 18 കാരന്‍ അകുൽ ധവാനെ ക്യാമ്പസ് കെട്ടിടത്തിന് പുറത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഹൈപ്പോഥെർമിയ മൂലമാണ് അകുല്‍ മരിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കടുത്ത മദ്യപാനവും വളരെ തണുത്ത താപനിലയിൽ ദീർഘനേരം സമയം ചെലവഴിച്ചതുമാണ് അദ്ദേഹത്തിൻ്റെ മരണത്തിന് കാരണമെന്ന് അധികൃതർ പറഞ്ഞു.
ALSO READ : തെലങ്കാനയില്‍ നിന്നുള്ള വിദ്യാര്‍ഥിയെ ഷിക്കാഗോയില്‍ കാണാതായി : അന്വേഷണം