ഗാസ: ഐക്യരാഷ്‌ട്രസഭയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഉദ്യോഗസ്ഥൻ ഗാസയിൽ കൊല്ലപ്പെട്ടു. യുണൈറ്റഡ് നേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റിയിലെ (ഡിഎസ്എസ്) സ്റ്റാഫാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ഇദ്ദേഹത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, കൊല്ലപ്പെട്ടയാൾ മുൻ സൈനിക ഉദ്യോഗസ്ഥനായ ഇന്ത്യൻ പൗരൻ ആണെന്നുമാണ് റിപ്പോര്‍ട്ട്.
അദ്ദേഹം സഞ്ചരിച്ച വാഹനം റാഫയിൽ വച്ചാണ് ആക്രമിക്കപ്പെട്ടത്. മറ്റൊരു ഡിഎസ്എസ് ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്. ഒക്‌ടോബർ ഏഴിന് നടന്ന ഭീകരാക്രമണത്തെ തുടർന്ന് ഇസ്രയേൽ-ഹമാസ് സംഘർഷം ആരംഭിച്ചതിന് ശേഷം ഗാസയിലെ അന്താരാഷ്‌ട്ര യുഎൻ ജീവനക്കാർക്കിടയിലെ ആദ്യത്തെ അപകടമാണിത്.
സംഭവത്തിൽ യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് അതീവ ദുഃഖം രേഖപ്പെടുത്തി. യുഎൻ ഉദ്യോഗസ്ഥർക്കെതിരായ എല്ല ആക്രമണങ്ങളെയും ഗുട്ടെറസ് അപലപിക്കുന്നുവെന്നും സമഗ്രമായ അന്വേഷണം വേണമെന്നും സെക്രട്ടറി ജനറലിൻ്റെ ഡെപ്യൂട്ടി വക്താവ് ഫർഹാൻ ഹഖ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു. കൊല്ലപ്പെട്ട ജീവനക്കാരൻ്റെ കുടുംബത്തിന് ഗുട്ടെറസ് അനുശോചനം അറിയിച്ചു.
ഗാസയിൽ തങ്ങളുടെ സഹപ്രവർത്തകരിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്‌തതായി എക്‌സിലെ പോസ്റ്റിൽ ഗുട്ടെറസ് പറഞ്ഞു. ഗാസയിൽ ഇതുവരെ 190-ലധികം യുഎൻ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായും അദ്ദേഹം പറഞ്ഞു. "യുഎൻ ഉദ്യോഗസ്ഥർക്ക് നേരെയുള്ള എല്ലാ ആക്രമണങ്ങളെയും ഞാൻ അപലപിക്കുന്നു. ഇവർ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. വെടിനിർത്തലിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള എൻ്റെ അടിയന്തിര അഭ്യര്‍ത്ഥന ആവർത്തിക്കുന്നു," അദ്ദേഹം പറഞ്ഞു.
അതേസമയം തങ്ങൾ ബന്ധപ്പെട്ട സർക്കാരുകളെയും കുടുംബാംഗങ്ങളെയും അറിയിക്കാനുള്ള പ്രക്രിയയിലാണെന്നും ഈ ഘട്ടത്തിൽ പേരോ മറ്റ് വിവരങ്ങളോ പങ്കിടാൻ കഴിയില്ലെന്നും വാർത്ത സമ്മേളനത്തിനിടെ ഹഖ് വ്യക്തമാക്കി.