റോം : ഇറ്റലിയിലെ വെറോണ പ്രവിശ്യയിൽ ഇന്ത്യക്കാരായ 33 കർഷകത്തൊഴിലാളികളെ അടിമകളാക്കി ജോലി ചെയ്യിച്ചുപോന്നിരുന്ന രണ്ട് ഇന്ത്യൻ പൗരന്മാരെ അറസ്റ്റ് ചെയ്‌തു. കാർഷിക മേഖല കമ്പനികളുടെ ഉടമസ്ഥരായ പ്രതികള്‍ രേഖകളില്ലാതെ ജീവനക്കാരെ നിയമിച്ച് നികുതി വെട്ടിപ്പ് നടത്തിയതായി വാർത്താ ഏജൻസിയായ എഎന്‍എസ്എ റിപ്പോർട്ട് ചെയ്‌തു. 475,000 യൂറോ വിലമതിക്കുന്ന സ്വത്തുക്കളും ഇവരില്‍ നിന്ന് ഫിനാൻസ് പൊലീസ് പിടിച്ചെടുത്തു.
സ്ട്രോബെറി പൊതിയുന്ന യന്ത്രത്തില്‍പെട്ട് കൈ മുറിഞ്ഞ സിഖ്‌കാരനായ തൊഴിലാളിയെ തൊഴിലുടമ ഉപേക്ഷിച്ചതിനെത്തുടർന്ന് രക്തം വാർന്നു മരിച്ച സംഭവം വാര്‍ത്തയായതിന് പിന്നാലെയാണ് അടിമത്തത്തിനെ കുറിച്ച് പുറം ലോകമറിയുന്നത്. 31 കാരനായ സിഖ് കർഷകത്തൊഴിലാളി സത്നാം സിങ്ങാണ് കേസിനെ കഴിഞ്ഞ മാസം റോമിനടുത്തുള്ള ലാസിയോയിൽ രക്തം വാര്‍ന്ന് മരിച്ചത്.
മരണത്തിന് ഉത്തരവാദികളായവർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജൂൺ 26ന് ഇന്ത്യ ഇറ്റലിയോട് ആവശ്യപ്പെട്ടിരുന്നു. സംഭവത്തെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി അപലപിക്കുകയും ചെയ്‌തു.
കുടിയേറ്റ കർഷക തൊഴിലാളികളെ ചൂഷണം ചെയ്യുകയും ആക്രമിക്കുകയും ചെയ്യുന്ന ഗ്യാങ്മാസ്റ്ററിങ് ഇറ്റലിയുടെ തെക്ക് ഭാഗത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ പറയുന്നു. ഈ ഭഗത്ത് ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ താമസിക്കുന്നുണ്ട്. ഇവരിൽ പലരും പ്രാദേശിക കാർഷിക മാഫിയക്കായി പഴങ്ങളും പച്ചക്കറികളും പറിക്കുന്ന ജോലി ചെയ്യുന്നവരാണ് എന്നാണ് റിപ്പോര്‍ട്ട്.
ഈ വർഷത്തെ ആദ്യ നാല് മാസത്തിനുള്ളിൽ തന്നെ മാരകമായ അപകടങ്ങളില്‍ പെട്ട് ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 268 ആണ് എന്ന് ജോലിസ്ഥലത്തെ അപകട ഇൻഷുറൻസ് കൈകാര്യം ചെയ്യുന്ന ഏജൻസിയായ INAIL അടുത്തിടെ പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ഇത് 100 ആയിരുന്നു എന്നും കമ്പനി വ്യക്തമാക്കി.