ടെൽ അവീവ് : പ്രധാന നിര്‍ദേശവുമായി ഇസ്രയേലിലെ ഇന്ത്യൻ മിഷൻ. നൂറുകണക്കിന് പ്രൊജക്‌ടൈലുകളുമായി ഇറാൻ ജൂത രാഷ്‌ട്രത്തിനെതിരെ നടത്തിയ ആക്രമണത്തിന് ശേഷം ശാന്തത പാലിക്കാനും സുരക്ഷ പ്രോട്ടോക്കോളുകൾ പാലിക്കാനും നിര്‍ദേശിച്ചു.
ഡമാസ്‌കസിലെ ഇസ്ലാമിക് റിപ്പബ്ലിക്കിന്‍റെ നയതന്ത്ര സ്ഥാപനത്തിന് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് പ്രതികാരമായി ഇറാന്‍ ഇസ്രയേലിന് നേരെ 330 മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചു. അതിൽ രണ്ട് മുൻനിര കമാൻഡർമാർ ഉൾപ്പെടെ നിരവധി ആളുകൾ കൊല്ലപ്പെട്ടു.
'മേഖലയിലെ സമീപകാല സംഭവങ്ങളുടെ വെളിച്ചത്തിൽ, ഇസ്രയേലിലെ എല്ലാ ഇന്ത്യൻ പൗരന്മാരും ശാന്തമായിരിക്കാനും പ്രാദേശിക അധികാരികൾ നൽകുന്ന സുരക്ഷ പ്രോട്ടോക്കോളുകൾ പാലിക്കാനും നിർദേശിക്കുന്നതായി ഇന്ത്യൻ മിഷൻ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പറഞ്ഞു.
എംബസി സ്ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണെന്നും എല്ലാ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാൻ ഇസ്രയേൽ അധികാരികളുമായും ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങളുമായും ബന്ധപ്പെടുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. ഇന്ത്യൻ പൗരന്മാരോട് എംബസിയിൽ രജിസ്റ്റർ ചെയ്യാനും അഭ്യർഥിച്ചു.
ഇറാൻ പ്രതികാര ആക്രമണത്തെക്കുറിച്ചുള്ള വർധിച്ചുവരുന്ന ഊഹാപോഹങ്ങൾക്കിടയിൽ, അനാവശ്യ യാത്രകൾ ഒഴിവാക്കാനും ശാന്തത പാലിക്കാനും പ്രാദേശിക അധികാരികൾ പുറപ്പെടുവിക്കുന്ന സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കാനും ഇന്ത്യൻ എംബസി കഴിഞ്ഞ ദിവസം നിര്‍ദേശം നൽകിയിരുന്നു.
ALSO READ: കനത്ത ജാഗ്രതയില്‍ ഇസ്രയേല്‍, സ്‌കൂളുകള്‍ അടച്ചു; ആശങ്ക അറിയിച്ച് ഇന്ത്യയും