വാഷിങ്ടൺ (യുഎസ്) : യുഎസിലേക്ക് ദശലക്ഷക്കണക്കിന് ഡോളറിന്‍റെ ആഭരണങ്ങൾ ഇറക്കുമതി ചെയ്‌തതിനും അനധികൃതമായി കസ്റ്റംസ് തീരുവ ഒഴിവാക്കിയതിനും ലൈസൻസില്ലാത്ത പണം കൈമാറിയതിനും ഇന്ത്യൻ ആഭരണ വ്യവസായിക്കെതിരെ കുറ്റം ചുമത്തിയതായി യുഎസ് അഭിഭാഷകൻ പറഞ്ഞു (Indian American Jeweller Indicted In Multi-Million Dollar International Trade Fraud). ന്യൂജേഴ്‌സിയില്‍ താമസിക്കുന്ന മുംബൈ സ്വദേശി മോനിഷ്‌കുമാർ കിരൺകുമാർ ദോഷി ഷാ (39) ആണ് അറസ്‌റ്റിലായത്.
ഫെബ്രുവരി 26 ന് നൊവാർക്ക് ഫെഡറൽ കോടതിയിൽ മോനിഷ്‌കുമാർ ഹാജരായി. മോനിഷ് ദോഷി ഷാ എന്ന ഷായെ 100,000 യുഎസ് ഡോളറിന്‍റെ ബോണ്ടിൽ വിട്ടയച്ചു. തട്ടിപ്പ് നടത്താൻ ഗൂഢാലോചന നടത്തിയതിനും, ലൈസൻസില്ലാത്ത പണം കൈമാറ്റം ചെയ്യാൻ സഹായിച്ചതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
2015 ജനുവരി മുതൽ 2023 സെപ്‌തംബർ വരെ, തുർക്കിയിൽ നിന്നും ഇന്ത്യയിൽ നിന്നും യുഎസിലേക്ക് ആഭരണങ്ങൾ കയറ്റുമതി ചെയ്യുന്നതിനുള്ള തീരുവ ഒഴിവാക്കാനുള്ള പദ്ധതിയിൽ ഷാ ഏർപ്പെട്ടിരുന്നതായി രേഖകൾ പറയുന്നു. തുർക്കിയിൽ നിന്നോ ഇന്ത്യയിൽ നിന്നോ ചരക്കുകൾ കയറ്റി അയയ്‌ക്കാൻ അദ്ദേഹം തന്‍റെ ഗൂഢാലോചനക്കാരോട് നിർദേശിക്കുകയാണ് ചെയ്യുക, നേരിട്ട് ഇവിടുന്ന് യു എസിലേക്ക് ചരക്ക് അയക്കുകയാണെങ്കിൽ 5.5 ശതമാനം തീരുവയ്‌ക്ക് വിധേയമാകും, ഇത് ഒഴിവാക്കാൻ ദക്ഷിണ കൊറിയയിലെ ഷായുടെ കമ്പനികളിൽ ഒന്നിലേക്കാണ് ചരക്കുകൾ എത്തിക്കുകയെന്ന് അധികൃതർ പറഞ്ഞു.
ദക്ഷിണ കൊറിയയിലെ ഷായുടെ ഗൂഢാലോചനക്കാർ ആഭരണങ്ങളിലെ ലേബലുകൾ മാറ്റി, തുർക്കി, ഇന്ത്യ എന്നതിന് പകരം ദക്ഷിണ കൊറിയയിൽ നിന്നുള്ള ചരക്കാണെന്ന് പ്രസ്‌താവിക്കുകയും, അവ യുഎസിലെ അവന്‍റെ ഉപഭോക്താക്കൾക്കോ അയച്ചുകൊടുക്കുകയും ചെയ്യും. അതുവഴി നിയമവിരുദ്ധമായാണ് കാര്യങ്ങൾ ചെയ്യുന്നതെന്ന് ഫെഡറൽ പ്രോസിക്യൂട്ടർമാർ ആരോപിച്ചു.
ഈ രീതിയില്‍ ഷാ ദശലക്ഷക്കണക്കിന് ഡോളറിന്‍റെ ആഭരണങ്ങൾ ദക്ഷിണ കൊറിയയിൽ നിന്ന് യുഎസിലേക്ക് അയച്ചതായി പ്രോസിക്യൂട്ടർമാർ ആരോപിച്ചു. 2020 ജൂലൈ മുതൽ 2021 നവംബർ വരെ, ന്യൂയോർക്ക് നഗരത്തിലെ ഡയമണ്ട് ഡിസ്ട്രിക്റ്റിൽ എംകോർ എൽഎൽസി (എംകോർ), എംകോർ യുഎസ്എ ഇൻക്, (എംകോർ യുഎസ്എ), വ്രുമാൻ കോർപ് (വ്രുമാൻ) എന്നിവയുൾപ്പെടെ നിരവധി ആഭരണ കമ്പനികൾ ഷാ നടത്തുന്നുണ്ട്.
ഇടപാടുകാർക്കായി ദശലക്ഷക്കണക്കിന് ഡോളറിന്‍റെ അനധികൃത സാമ്പത്തിക ഇടപാടുകൾ നടത്താൻ അദ്ദേഹം ഈ സ്ഥാപനങ്ങൾ ഉപയോഗിച്ചു. പണം ചെക്കുകളിലേക്കോ വയർ ട്രാൻസ്‌ഫറുകളിലേക്കോ മാറ്റുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്‌തുവെന്നും രേഖകൾ പറയുന്നു. ഷാ ഉപഭോക്താക്കളിൽ നിന്ന് പണം ശേഖരിക്കുകയും ഡയമണ്ട് ഡിസ്ട്രിക്റ്റിൽ സ്ഥിതി ചെയ്യുന്ന ഗൂഢാലോചനക്കാരുടെ ജ്വല്ലറി കമ്പനികൾ ഉപയോഗിച്ച് പണം വയറുകളോ ചെക്കുകളോ ആക്കി മാറ്റുകയും ചെയ്യുന്നുവെന്നും രേഖകളിൽ ഉണ്ട്.
ഷായും ഗൂഢാലോചനക്കാരും ഒരു ദിവസം കൊണ്ട് ഒരു മില്യൺ ഡോളറിലധികം പണം നീക്കിയതായും രേഖകൾ പറയുന്നുണ്ട്. ഷായുടെയോ അദ്ദേഹത്തിന്‍റെ ഗൂഢാലോചനക്കാരുടെയോ കമ്പനികളൊന്നും ന്യൂയോർക്ക്, ന്യൂജേഴ്‌സി, അല്ലെങ്കിൽ ഫിനാൻഷ്യൽ ക്രൈംസ് എൻഫോഴ്‌സ്‌മെൻ്റ് നെറ്റ്‌വർക്കിൽ (ഫിൻസെൻ) പണം കൈമാറുന്ന ബിസിനസുകളായി രജിസ്‌റ്റർ ചെയ്‌തിട്ടില്ലെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു.