മാലെ: മാലദ്വീപിൽ നിന്ന് ഇന്ത്യന്‍ സൈനികരെ പൂര്‍ണമായും പിൻവലിച്ചതായി രാജ്യത്തെ സർക്കാർ അറിയിച്ചു. മെയ് 10-ന് ഇന്ത്യൻ സൈനികരെ പൂർണമായും പിൻവലിക്കണമെന്ന് മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയിസു അറിച്ച പശ്ചാത്തലത്തിലാണ് നടപടി. മാലദ്വീപിൽ വിന്യസിച്ച ഇന്ത്യൻ സൈനികരുടെ അവസാന ബാച്ചിനെയും തിരിച്ചയച്ചതായി പ്രസിഡന്‍റിന്‍റെ ഓഫീസ് ചീഫ് വക്താവ് ഹീന വലീദ് സ്ഥിരീകരിച്ചു.
രാജ്യത്തുണ്ടായിരുന്ന ഇന്ത്യന്‍ സൈനികരുടെ എണ്ണം സംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും അവർ കൂട്ടിച്ചേർത്തു. ചൈന അനുകൂല നിലപാട് വ്യക്തമാക്കിയ മുയിസു, മാലദ്വീപിൽ വിന്യസിച്ച 90 ഇന്ത്യൻ സൈനികരെയും സ്വദേശത്തേക്ക് തിരിച്ചയക്കുമെന്ന് കഴിഞ്ഞ വർഷം പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തന്നെ പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യൻ ഉദ്യോഗസ്ഥരുടെ ഒന്നും രണ്ടും ബാച്ചുകൾ ഇന്ത്യയിലേക്ക് മടങ്ങിയെന്ന് വ്യാഴാഴ്‌ച ന്യൂ ഡൽഹിയിൽ നടന്ന മാധ്യമ സമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാള്‍ അറിയിച്ചിരുന്നു. മാലദ്വീപിന് സമ്മാനിച്ച രണ്ട് ഹെലികോപ്റ്ററുകളും ഡോർണിയർ വിമാനങ്ങളും പ്രവർത്തിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമായി ഇന്ത്യൻ സൈനികർ രാജ്യത്ത് നിലയുറപ്പിച്ചിരുന്നു.
മാലദ്വീപിൽ 89 ഇന്ത്യൻ സൈനികര്‍ ഉള്ളതായാണ് സർക്കാർ നേരത്തെ പ്രഖ്യാപിച്ചത്. ഇവരിൽ 51 സൈനികരെ തിങ്കളാഴ്‌ച ഇന്ത്യയിലേക്ക് തിരിച്ചയച്ചതായി മാലദ്വീപ് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. ശേഷിക്കുന്ന ഇന്ത്യൻ സൈനികരെ മെയ് 10-ന് മുമ്പ് പിൻവലിക്കാമെന്ന് ഇന്ത്യയും മാലദ്വീപും ധാരണയിലെത്തിയിരുന്നു.
മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീർ കഴിഞ്ഞ ദിവസം ഇന്ത്യ സന്ദർശിച്ചപ്പോഴാണ് ധാരണയില്‍ ഒപ്പ് വെച്ചത്. വ്യാഴാഴ്‌ച വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തിയ മൂസ സമീര്‍ ഉഭയകക്ഷി ബന്ധങ്ങളെ കുറിച്ചും പ്രാദേശിക സുരക്ഷാ പ്രശ്‌നങ്ങളെ കുറിച്ചും ചർച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്.
Also Read : മാലിദ്വീപില്‍ മുഹമ്മദ് മുയിസു തന്നെ; ഇന്ത്യയുടെ മുന്നില്‍ ഇനിയെന്ത്? - Mohamed Muizzu And India