വാഷിങ്ടൺ (യുഎസ്) : ഇന്ത്യ യുഎസിന്‍റെ ഒരു പ്രധാന തന്ത്രപരമായ പങ്കാളിയാണെന്ന് ബൈഡൻ ഭരണകൂടം. രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിന്‍റെ നില മാറ്റമില്ലാതെ തുടരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഭരണകൂടം കൂട്ടിച്ചേർത്തു. ഇന്ത്യയിൽ ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ യുഎസിൽ നിന്ന് ഇന്ത്യൻ സർക്കാരിനെ വിമർശിക്കുന്ന ചില ലേഖനങ്ങളും അഭിപ്രായ പ്രകടനങ്ങളും വന്നിരുന്നു. ഈ പശ്ചാത്തലത്തിൽ യുഎസ് - ഇന്ത്യ ബന്ധത്തെക്കുറിച്ച് തിങ്കളാഴ്‌ച (ഏപ്രിൽ 15) നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് മാത്യു മില്ലർ.
ഇന്ത്യയിലെ ജനാധിപത്യ പിന്നോക്കാവസ്ഥയെക്കുറിച്ചുള്ള ആശങ്കകളെക്കുറിച്ചും പ്രതിപക്ഷത്തെ അടിച്ചമർത്തലിനെ ക്കുറിച്ചും സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് അടുത്തിടെ നടത്തിയ പ്രസ്‌താവനകളെക്കുറിച്ചും ഉള്ള ചോദ്യത്തിന്, ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്ന് മില്ലർ പറഞ്ഞു. ഇത് യുണൈറ്റഡ് സ്‌റ്റേറ്റ്സിന്‍റെ ഒരു പ്രധാന തന്ത്രപരമായ പങ്കാളിയാണ്, അത് തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.
അടുത്തിടെ യുഎസ് ഉദ്യോഗസ്ഥർ ഇന്ത്യയെ "തങ്ങളുടെ വളരെ പ്രധാനപ്പെട്ട പങ്കാളിയെന്നും, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളർന്നു കൊണ്ടിരിക്കുകയാണെന്നും" വിശേഷിപ്പിച്ചിരുന്നു. എന്നിരുന്നാലും, കഴിഞ്ഞ വർഷം വൈറ്റ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ചരിത്രപരമായ ഔദ്യോഗിക സ്‌റ്റേറ്റ് സന്ദർശനത്തിന് ശേഷം, ഉഭയകക്ഷി ബന്ധത്തിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടായിട്ടുണ്ട്.
യുഎസിലെ സിഖ് വിഘടനവാദ പ്രസ്ഥാനത്തിന്‍റെ വിഷയത്തിലും, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ അറസ്‌റ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്‌റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് നടത്തിയ അസാധാരണ പ്രസ്‌താവനയിലുമാണ് അസ്വാരസ്യങ്ങൾ ഉണ്ടായത്. സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ക്കെതിരെ ഇന്ത്യ ശക്തമായി പ്രതിഷേധിച്ചിരുന്നു.