സിംഗപ്പൂർ : ദക്ഷിണ ചൈന കടലിലെ തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണമെന്ന് ഇന്ത്യയും സിംഗപ്പൂരും സംയുക്തമായി ആഹ്വാനം ചെയ്‌തു. UNCLOS (യുണൈറ്റഡ് നേഷൻസ് കൺവെൻഷൻ ഓൺ ദി ലോ ഓഫ് ദി സീ) അന്താരാഷ്‌ട്ര നിയമ പ്രകാരം ദക്ഷിണ ചൈന കടലിൽ സമാധാനവും സുരക്ഷയും നാവിഗേഷൻ സ്വാതന്ത്ര്യവും നിലനിർത്തണമെന്നും ഇരു രാജ്യങ്ങളും ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സിംഗപ്പൂർ സന്ദർശനത്തിനിടെയായിരുന്നു സംയുക്ത പ്രസ്‌താവന.
ഭീഷണിയോ ബലപ്രയോഗമോ കൂടാതെ സമാധാനപരമായ മാർഗങ്ങളിലൂടെ തർക്കങ്ങൾ പരിഹരിക്കാനും മേഖലയിലെ സംഘർഷങ്ങൾ വർധിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ സ്വയം സംയമനം പാലിക്കാനും ഇന്ത്യയും സിംഗപ്പൂരും ആഹ്വാനം ചെയ്യുന്നതായി പ്രസ്‌താവനയില്‍ പറഞ്ഞു. സമുദ്രങ്ങളിലും കടലിലുമുള്ള എല്ലാ പ്രവർത്തനങ്ങളും UNCLOS നിയമത്തിന് കീഴിലാണ് നടത്തേണ്ടത്. സമുദ്ര സംബന്ധമായ അവകാശങ്ങൾ, പരമാധികാര അവകാശങ്ങൾ, അധികാരപരിധി എന്നിവ നിർണയിക്കുന്നതിനുള്ള അടിസ്ഥാനവും ഈ നിയമമാണ്.
കൂടാതെ, ആഗോള സമാധാനത്തിനും സുസ്ഥിരതയ്ക്കും ഭീഷണിയാകുന്ന ഭീകരതയെ ഇരു രാജ്യങ്ങളും അപലപിച്ചു. ഭീകരവാദത്തെ എല്ലാ രൂപത്തിലും ചെറുക്കുമെന്ന് ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചു. സെപ്‌റ്റംബർ 4, 5 തീയതികളിലാണ് പ്രധാനമന്ത്രി മോദി സിംഗപ്പൂരിൽ ഔദ്യോഗിക സന്ദർശനം നടത്തിയത്. പ്രധാനമന്ത്രിയുടെ അഞ്ചാമത്തെ സിംഗപ്പൂര്‍ സന്ദർശനമാണിത്.