കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ആഘാതം വരും നാളുകളിൽ പല മേഖലകളെയും ബാധിക്കുമെന്ന് പഠനം. കാർബൺ ബഹിർഗമനം, ഉയർന്ന ഊഷ്‌മാവ്, മഴയുടെ ലഭ്യതക്കുറവ് എന്നിവ മൂലം 2050-ഓടെ വെള്ളം ശേഖരിക്കാൻ സാധാരണത്തേക്കാൾ 30 ശതമാനം അധികം സമയം ചെലവഴിക്കേണ്ടി വരുമെന്ന് അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. ഇതുമൂലം പഠനം, ജോലി തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് ആളുകളെ നയിച്ചേക്കും എന്നും പറയുന്നു.
1990 നും 2019 നും ഇടയിൽ വീട്ടിൽ ടാപ്പ് ഇല്ലാത്ത സ്‌ത്രീകൾ വെള്ളത്തിനായി എത്ര ദൂരം പോകോണ്ടി വരുന്നു, എത്ര സമയം ചിലവഴിക്കുന്നു എന്ന വിഷയത്തിൽ ജർമ്മനിയിലെ ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ഇംപാക്റ്റ് റിസർച്ചിലെ എതാനും ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സ്ത്രീകൾ ഓരോ ദിവസവും വെള്ളം ശേഖരിക്കുന്നതിനായി ശരാശരി 23 മിനിറ്റ് ചെലവഴിക്കുന്നതായി കണ്ടെത്തി. ആഗോളതാപനം 2 ഡിഗ്രി സെൽഷ്യസിൽ താഴെ നിലനിർത്താനായാൽ ആ 30 ശതമാനം അധിക സമയം 19 ശതമാനമായി കുറയ്ക്കാനാകുമെന്നും പഠനം പറയുന്നു.
കാലാവസ്ഥാ വ്യതിയാനം സ്‌ത്രീകളുടെ ജീവിതസാഹചര്യങ്ങളിൽ വലിയ തോതിൽ സ്വാധീനം ചെലുത്തുമെന്ന് ഗവേഷകർ വ്യക്തമാക്കി. വെള്ളത്തിനായി കൂടുതൽ സമയം ചെലവഴിക്കേണ്ടി വരുന്നതിനാൽ, വിദ്യാഭ്യാസം, ജോലി, കുടുംബം എന്നിവയ്ക്കായി ചെലവഴിക്കുന്ന സമയം ഗണ്യമായി കുറയുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി.
Also Read: ചൂടേറ്റ് തളരില്ല, ഡബിൾ ഹാപ്പിയാണ് ഈ മൃഗശാലയിലെ പക്ഷിമൃഗാദികൾ