ഒരുവിധം എല്ലാ രാജ്യങ്ങളിലും കാണപ്പെടുന്ന ഒരു ജീവിയാണ് പാമ്പുകൾ. എന്നാൽ പാമ്പുകൾ ആധിപത്യം ഉറപ്പിച്ചിരിക്കുന്ന ഒരു ദ്വീപിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ഉണ്ടാകാൻ സാധ്യത കുറവാണ്. അവിടെ എത്തിപ്പെട്ടാൽ ഒരു തിരിച്ചുവരവ് ഉണ്ടാകുമോ എന്ന കാര്യവും സംശയമാണ്.
ഏക്കറുകളോളം പരന്നുകിടക്കുന്ന ഒരു ദ്വീപാണത്. മഴക്കാടുകളും അപൂര്‍വ സസ്യസമ്പത്തും തിങ്ങിനിറഞ്ഞ പ്രദേശം. പക്ഷേ, ആ മനോഹാരിതയിലും പച്ചപ്പുകൾക്കിടയിലും മരണം പതിയിരിക്കുന്നുണ്ട്. ദ്വീപില്‍ കാലുകുത്തിയാല്‍ ഓരോ ചവിട്ടടിയിലും കാലിനടിയിലേക്കെത്തുക ഉഗ്രവിഷമുളള പാമ്പുകളായിരിക്കും. ബ്രസീലിലെ സാവോപോളോയിൽ നിന്ന് ഏതാനും മൈലുകള്‍ അകലെയാണ് പാമ്പുകളുടെ ദ്വീപ് അഥവാ ഇല്‍ഹ ഡ ക്യൂമാഡ ഗ്രാന്‍ഡെ എന്നറിയപ്പെടുന്ന മരണം മണക്കുന്ന ഈ ദ്വീപുളളത്.
ഇല്‍ഹ ഡ ക്യൂമാഡ ഗ്രാന്‍ഡെ എന്നാല്‍ വനനശീകരണം എന്നാണ് അര്‍ഥം. 20ാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ദ്വീപില്‍ കൃഷി വ്യാപകമാക്കാനായി അവിടെയുള്ള മരങ്ങളും ചെടികളുമെല്ലാം നശിപ്പിക്കപ്പെട്ടിരുന്നു. കാട്ടുതീയിട്ടാണ് ദ്വീപ് വൃത്തിയാക്കുന്നതിനായി അവർ ശ്രമിച്ചത്. എന്നാല്‍, ഈ പദ്ധതി പൂര്‍ത്തിയായില്ലെന്ന് മാത്രമല്ല, ദ്വീപിലൊളിച്ചിരിക്കുന്ന അപകടം മനസിലാക്കിയതോടെ ആരും ഇവിടേക്ക് പിന്നീട് വരാതെയായി. അങ്ങനെയാണ് ദ്വീപിന് ഇങ്ങനെയൊരു പേര് ലഭിക്കുന്നത്.
വളരെയധികം ഭംഗിയുള്ള ആകാശദൃശ്യങ്ങളില്‍ മനോഹരമായ കാടുകളും പച്ചപ്പും കുന്നുകളും പാറകളുമെല്ലാമുള്ള ദ്വീപാണ് ഇല്‍ഹ ഡ ക്യൂമാഡ. എന്നാൽ അതുകണ്ട് ഇവിടേക്കെത്തുന്നവരെ കാത്തിരിക്കുന്നത് മരണമാണ്. ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പുകളുടെ വിഭാഗത്തിൽപ്പെട്ട കുന്തത്തലയന്‍ സ്വര്‍ണ അണലികള്‍ ഉള്‍പ്പെടെ നാല് ലക്ഷത്തോളം പാമ്പുകളാണ് ദ്വീപിലുള്ളത്. ഓരോ ചതുരശ്ര മീറ്ററിലും രണ്ട് മുതല്‍ അഞ്ച് വരെ പാമ്പുകള്‍ ഉണ്ടാകുമെന്ന് ഗവേഷകര്‍ പറയുന്നു. അതുകൊണ്ടുതന്നെ ദ്വീപിനകത്തേക്ക് അനുവാദമില്ലാതെ ആര്‍ക്കും പ്രവേശിക്കാൻ കഴിയില്ല.
ദ്വീപിനെ കുറിച്ചുള്ള കഥകൾ: ഈ ദ്വീപിനെ സംബന്ധിച്ച് പേടിപ്പിക്കുന്ന ഒട്ടേറെ കഥകൾ ബ്രസീലിലെ തദ്ദേശീയർക്കിടയിൽ പ്രചാരത്തിലുണ്ട്. നിധി സംരക്ഷിക്കാനായി പാമ്പുകളെ കടൽക്കൊള്ളക്കാരാണ് ഇവിടെ കൊണ്ടുവന്നിട്ടതെന്നാണ് ഇതിൽ വളരെ പ്രശസ്‌തമായ ഒരു കഥ. എന്നാൽ ഇതു വെറുമൊരു കെട്ടുകഥയാണെന്നും ഇതിൽ യാഥാർഥ്യം ഒന്നുമില്ലെന്നും ശാസ്‌ത്രജ്ഞർ പറയുന്നു.
11,000 വർഷം മുമ്പ് ഭൂമിയിൽ ആദിമ ഹിമയുഗ കാലങ്ങളില്‍ ജലനിരപ്പുയർന്നതോടെയാണ് ഈ പാമ്പുകൾ ദ്വീപിൽ അകപ്പെട്ടത്. തെക്കേ അമേരിക്കൻ വൻകരയിൽ ജീവിക്കുന്ന മറ്റ് പാമ്പുകളെ അപേക്ഷിച്ച് ഇവയിൽ പരിണാമപരമായ മാറ്റങ്ങൾ പ്രകടമായി. ദ്വീപില്‍ അകപ്പെട്ട ഇവയ്‌ക്ക് മറ്റിടങ്ങളിലേക്ക് ഇഴഞ്ഞ് പോകാനായില്ല. മാത്രമല്ല ഇവയ്‌ക്ക് നശിക്കാനുള്ള മറ്റ് കാരണങ്ങളും ഉണ്ടായില്ല. അതുകൊണ്ട് തന്നെ വര്‍ഷം തോറും ഇവയുടെ എണ്ണം അധികരിച്ച് വരികയും ചെയ്‌തു. ദ്വീപിലേത്തുന്ന ദേശാടനപ്പക്ഷികളെ ഇവ ഇരകളുമാക്കി.
പാമ്പ് ദ്വീപുമായി ബന്ധപ്പെട്ട അപകടങ്ങൾ: പാമ്പ് ദ്വീപുമായി ബന്ധപ്പെട്ട അപകടങ്ങളെ കുറിച്ച് ധാരാളം കഥകൾ പ്രചരിക്കുന്നുണ്ട്. വാഴപ്പഴം ശേഖരിക്കാനായി ദ്വീപിലേക്ക് പോയ മത്സ്യത്തൊഴിലാളി പാമ്പ് കടിയേറ്റ് മരിച്ചതാണ് അതില്‍ ഒന്നാമത്തെ കഥ. കടിയേറ്റെങ്കിലും അയാള്‍ക്ക് താന്‍ സഞ്ചരിച്ച ബോട്ടിലേക്ക് തിരിച്ചെത്താനായി. പക്ഷേ, അയാൾക്ക് ജീവന്‍ തിരിച്ചുകിട്ടിയില്ല.
തീരത്തടിഞ്ഞ ബോട്ടില്‍ മത്സ്യത്തൊഴിലാളിയുടെ ജഡത്തിനൊപ്പം രക്തവും തളം കെട്ടിക്കിടന്നിരുന്നുവെന്നാണ് പറയപ്പെടുന്നത്. ജഡം പരിശോധിച്ചതിൽ നിന്ന് മാരകമായ വിഷമേറ്റാണ് അയാള്‍ മരിച്ചതെന്ന് കണ്ടെത്തി. അതേസമയം വിഷം കുന്തത്തലയന്‍ അണലിയുടേതാണെന്നും വിദഗ്‌ധര്‍ തിരിച്ചറിഞ്ഞു.
ദ്വീപിലെ ലൈറ്റ്ഹൗസിലുണ്ടായിരുന്ന അവസാനത്തെ ജീവനക്കാരനുമായി ബന്ധപ്പെട്ടാണ് മറ്റൊന്ന്. ദ്വീപിലെ ലൈറ്റ് ഹൗസ് ഓപ്പറേറ്റര്‍ കുടുംബത്തോടൊപ്പമാണ് ദ്വീപില്‍ താമസിച്ചിരുന്നത്. ഒരു ദിവസം ജനലിലൂടെ എണ്ണാന്‍ സാധിക്കുന്നതിലുമധികം പാമ്പുകള്‍ വീടിനകത്തേക്ക് പ്രവേശിക്കുകയും ഓപ്പറേറ്ററെയും ഭാര്യയെയും മക്കളേയും ആക്രമിക്കുകയും ചെയ്‌തു.
വീട്ടിൽ നിന്ന് ഓടിയിറങ്ങി തീരത്ത് ബന്ധിച്ചിരുന്ന ബോട്ടില്‍ കയറി രക്ഷപ്പെടാന്‍ അവര്‍ ശ്രമിച്ചെങ്കിലും ബോട്ടിനടുത്തേക്ക് ഓടിയടുത്ത കുടുംബത്തെ മരച്ചില്ലകളില്‍ ചുറ്റിയിരുന്ന പാമ്പുകള്‍ കടിക്കുകയും അവര്‍ മരിക്കുകയും ചെയ്‌തു. ഈ സംഭവത്തിന് ശേഷം ദ്വീപിലേക്ക് പിന്നീടാരും ലൈറ്റ്ഹൗസ് ഓപ്പറേറ്ററായി എത്തിയിട്ടില്ല എന്ന കഥയും പ്രചാരത്തിലുണ്ട്.
അതേസമയം ഓരോ ചതുരശ്ര മീറ്ററിലും അഞ്ച് പാമ്പെങ്കിലും ഉണ്ടാവുമെന്നത് പ്രദേശവാസികളുടെ അതിശയോക്തിയാണെന്നാണ് ഇരുപതിലധികം തവണ പാമ്പ് ദ്വീപ് സന്ദര്‍ശിച്ചിട്ടുള്ള ജീവശാസ്‌ത്രജ്ഞനായ മാര്‍സെലോ ഡുവാര്‍ട്ടെ പറയുന്നത്. ഓരോ ചതുരശ്ര മീറ്ററിലും ഒരു പക്ഷേ ഒന്നോ-രണ്ടോ പാമ്പുകള്‍ ഉണ്ടായേക്കാം. അങ്ങനെയാണെങ്കില്‍ തന്നെയും പാമ്പുകടിയേല്‍ക്കാനും മരിക്കാനുമുള്ള സാധ്യതയുണ്ട്.
ദ്വീപിലേക്കുള്ള പ്രവേശനം വിലക്കി ബ്രസീലിയൻ സർക്കാർ: നിലവിൽ ഈ ദ്വീപിലേക്ക് പൊതുജനങ്ങൾ പോകുന്നത് ബ്രസീലിയൻ സർക്കാർ വിലക്കിയിട്ടുണ്ട്. സാവോപോളോ നഗരത്തില്‍ നിന്ന് 33 കിലോ മീറ്റര്‍ ദൂരമാണ് ഈ ദ്വീപിലേക്കുള്ളത്. വിനോദ സഞ്ചാരികള്‍ക്ക് ഇവിടേക്ക് പ്രവേശിക്കാന്‍ അനുവാദമില്ല.
അതേസമയം തെരഞ്ഞെടുക്കപ്പെട്ട ഗവേഷകര്‍ക്കും നാവികസേനയ്ക്കും ദ്വീപില്‍ പ്രവേശിക്കാം. ദ്വീപില്‍ മനുഷ്യവാസമുണ്ടായിരുന്ന കാലത്ത് നിര്‍മിച്ച ലൈറ്റ് ഹൗസിന്‍റെ അറ്റകുറ്റ പണികള്‍ക്കായാണ് ബ്രസീലിലെ നാവികസേന ഉദ്യോഗസ്ഥര്‍ ദ്വീപിലെത്തുന്നത്.
1909 മുതൽ 1920 വരെയുള്ള കാലയളവിൽ ഇവിടെ ചെറിയ തോതിൽ മനുഷ്യവാസമുണ്ടായിരുന്നു. ദ്വീപിൽ സ്ഥാപിച്ചിരുന്ന ഒരു ലൈറ്റ്ഹൗസിന്‍റെ നിയന്ത്രണത്തിനായുള്ള ആളുകളായിരുന്നു ഇവർ. 1920 മുതല്‍ ഈ ലൈറ്റ് ഹൗസും ഓട്ടോമേറ്റഡ് ആയി. വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കായി മാത്രമാണ് ഇപ്പോൾ നാവികസേന ദ്വീപിലെത്തുന്നത്. ഇവരെ കൂടാതെ ബ്രസീലിയന്‍ ഫെഡറല്‍ കണ്‍സര്‍വേഷന്‍ യൂണിറ്റായ ചിക്കോ മെന്‍ഡ്‌സ് ഇൻസ്‌റ്റിറ്റ്യൂട്ട് ഫോര്‍ ബയോഡൈവേഴ്‌സിറ്റി കണ്‍സര്‍വേഷനിലെ ഗവേഷകരും ദ്വീപിലെത്താറുണ്ട്. പാമ്പ് കടിയേറ്റാല്‍ ചികിത്സയ്ക്കായി പ്രയോഗിക്കുന്ന പ്രതിവിഷവുമായാണ് ഇവര്‍ ഈ ദ്വീപിലേക്ക് പ്രവേശിക്കുന്നത്.
ബ്രസീലിയന്‍ നാവിക സേനയുടെ സഹകരണമില്ലാതെ ആര്‍ക്കും ഇവിടെ കാലുകുത്താനാവില്ല. ബ്രസീല്‍ സര്‍ക്കാരിന്‍റെയും നാവികസേനയുടേയും പ്രത്യേക അനുവാദം വാങ്ങിയാലും ഒരു ഡോക്‌ടര്‍ക്കൊപ്പമല്ലാതെ ആര്‍ക്കും നിയമപരമായി ദ്വീപില്‍ പ്രവേശിക്കാന്‍ അനുവാദമില്ല. ബ്രസീൽ നേവിക്കാണ് ദ്വീപിന്‍റെ നിയന്ത്രണം.
കരിഞ്ചന്തയിൽ പൊന്നുംവിലയുള്ള പാമ്പുകളാണ് ഗോൾഡൻ ലാൻസ്ഹെഡ്. ഒരു പാമ്പിന് 7 ലക്ഷം മുതൽ 21 ലക്ഷം രൂപ വരെ ലഭിക്കും. ഇത് മുതലാക്കാനായി കള്ളക്കടത്തുകാരും കൊള്ളക്കാരും ദ്വീപിൽ എത്താറുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
ദ്വീപിൽ വംശനാശഭീഷണി നേരിടുന്ന ജീവികൾ: പാമ്പുകളുടെ ദ്വീപ് മറ്റ് ജീവിവര്‍ഗങ്ങള്‍ക്കും വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. പാമ്പുകള്‍ ഭക്ഷണത്തിന് വേണ്ടി ചെറുജീവികളേയും പക്ഷികളേയും പിടിക്കുന്നത് ഇവയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നുണ്ട്. 41 തരം പക്ഷികളാണ് ഈ ദ്വീപിലുള്ളത്. ഇവയില്‍ രണ്ട് തരം പക്ഷികളെ കുന്തത്തലയന്‍ അണലികള്‍ സ്ഥിരമായി വേട്ടയാടുന്നുണ്ട്.
ദ്വീപില്‍ ഏകദേശം 2000-4000 കുന്തത്തലയന്‍ അണലികള്‍ ഉണ്ടെന്നായിരുന്നുവെന്നാണ് കണക്കുകള്‍. എന്നാല്‍, മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ഡിസ്‌കവറി ഡോക്യുമെന്‍ററിയില്‍ ഇവയുടെ എണ്ണം കുറഞ്ഞതായി പറയുന്നു.
ഈ പാമ്പുകള്‍ ഭക്ഷണത്തിനായി ആശ്രയിച്ചിരുന്ന പക്ഷികളുടെയും മറ്റും എണ്ണം കുറഞ്ഞത് പാമ്പുകളുടെ നിലനില്‍പ്പിനെ തന്നെ ബാധിച്ചുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ ഐയുസിഎന്‍ (ഇന്‍റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നാച്വർ) പുറത്തിറക്കിയ വംശനാശ ഭീഷണി നേരിടുന്നവയുടെ പട്ടികയില്‍ ഈ പാമ്പുകളും ഇടംപിടിച്ചിരിക്കുകയാണ്. വംശനാശഭീഷണി നേരിടുന്ന ജീവികളെ കുറിച്ച് ബ്രസീല്‍ തയ്യാറാക്കിയ പട്ടികയിലും ഈ പാമ്പുകള്‍ ഉള്‍പ്പെടുന്നുണ്ട്.
അതേസമയം, വേട്ടയാടലിന്‍റെ വലിയ ഭീഷണി കുന്തത്തലയന്‍ സ്വര്‍ണ അണലിക്കെതിരേ നിലനില്‍ക്കുന്നുണ്ട്. കുന്തത്തലയന്‍ സ്വര്‍ണ അണലിക്ക് കരിഞ്ചന്തയില്‍ വലിയ ഡിമാന്‍ഡാണുള്ളത്. അതിനാൽത്തന്നെ പാമ്പുകടത്തുകാര്‍ അനധികൃതമായി ദ്വീപിലേക്ക് അതിക്രമിച്ച് കയറാറുണ്ടെന്നാണ് റിപ്പോർട്ട്.
ഇത് നിരീക്ഷിക്കാനായി നാവികസേന ദ്വീപിൽ ക്യാമറകള്‍ സ്ഥാപിച്ചു. കരിഞ്ചന്തയില്‍ ഒരു പാമ്പിന് 30,000 ഡോളര്‍ വരെയാണ് വില ലഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഷമുള്ള പാമ്പുകള്‍ മാത്രമല്ല ഇല്‍ഹ ഡ ക്യൂമാഡ ഗ്രാന്‍ഡെ ദ്വീപിലുള്ളത്. വിഷമില്ലാത്ത പാമ്പുകളായ ഡിപ്‌സാസ് ആൽബിഫ്രോൺസ് (Dipsas albifrosn) വിഭാഗത്തില്‍പ്പെട്ട പാമ്പുകളുടേയും കൂടി സ്വന്തം ആവാസസ്ഥലമാണ് ഈ ദ്വീപ്.
Also Read: നിഗൂഢതകളുടെ പറുദീസയായ കൊണാർക്കിന്‍റെ മണ്ണിലേക്ക് പോകാം; വാസ്‌തുവിദ്യ വിസ്‌മയം കാണാം