ഹൈദരാബാദ് : അമേരിക്കയിൽ ഹൈദരാബാദ് സ്വദേശിയായ വിദ്യാർഥിയെ കാണാതായിട്ട് രണ്ടാഴ്‌ച (Hyderabad Student Goes "Missing" In US). ഇതിനിടെ, ഒരു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് വിദ്യാർഥിയുടെ മാതാപിതാക്കൾക്ക് അജ്ഞാതരുടെ ഫോൺ സന്ദേശം ലഭിച്ചു. അബ്‌ദുൾ മുഹമ്മദ് എന്ന വിദ്യാർഥിയെ ഈ മാസം ഏഴ് മുതലാണ് കാണാതായത്.
ഒഹായോയിലെ ക്ലീവ്‌ലാൻഡ് സർവകലാശാലയിൽ ഐടി ബിരുദാനന്തര ബിരുദ വിദ്യാർഥിയാണ് അബ്‌ദുൾ മുഹമ്മദ്. അജ്ഞാതർ തങ്ങളെ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയതായി വിദ്യാര്‍ഥിയുടെ പിതാവ് മുഹമ്മദ് സലിം പറഞ്ഞു (Family Receives "Ransom" Call) . 1200 ഡോളർ നൽകണമെന്നും അല്ലെങ്കിൽ മകന്‍റെ വൃക്ക വിൽക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
അബ്‌ദുളിന്‍റെ മാതാപിതാക്കൾ അത് സമ്മതിക്കുകയും വിദ്യാര്‍ഥി ഒപ്പമുണ്ടെന്ന് കാണിക്കാന്‍ തെളിവ് ആവശ്യപ്പെടുകയും ചെയ്‌തു. തട്ടിക്കൊണ്ടുപോയവർ ദേഷ്യപ്പെട്ട് ഫോൺ കട്ട് ചെയ്‌തതായും പിന്നീട് വിളിച്ചില്ലെന്നും മുഹമ്മദ് സലിം പറഞ്ഞു. എന്നാൽ അയാൾ സംസാരിക്കുന്നതിനിടയില്‍ ഫോണിൽ അബ്‌ദുളിന്‍റെ കരച്ചിൽ കേട്ടതായും പിതാവ് പറഞ്ഞു.
തുടർന്ന് മുഹമ്മദ് സലിം അമേരിക്കയിലുള്ള തങ്ങളുടെ ബന്ധുക്കൾക്ക് ഈ നമ്പർ അയച്ചുകൊടുക്കുകയും ക്ലീവ്‌ലാൻഡ് പൊലീസിന് നമ്പർ കൈമാറാൻ ആവശ്യപ്പെടുകയും ചെയ്‌തു. ഈ മാസം എട്ടിനാണ് അബ്‌ദുൾ മുഹമ്മദിനെ കാണാതായെന്ന് കാണിച്ച് ബന്ധുക്കൾ ക്ലീവ്‌ലാൻഡ് പൊലീസിൽ പരാതി നൽകിയത്. ഇതോടെ അവർ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
അബ്‌ദുളിന്‍റെ കുടുംബാംഗങ്ങൾ മാർച്ച് 18 ന് ചിക്കാഗോയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുകയും വിദ്യാര്‍ഥിയെ കണ്ടെത്താൻ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്‌തിരുന്നു. ഈ മാസം ഏഴിനാണ് മകനോട് അവസാനമായി സംസാരിച്ചതെന്ന് അബ്‌ദുളിന്‍റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
ആന്ധ്ര സ്വദേശിയായ വിദ്യാർഥി യുഎസിൽ മരിച്ച നിലയിൽ : യുഎസിലെ ബോസ്‌റ്റൺ യൂണിവേഴ്‌സിറ്റിയിലെ രണ്ടാം വർഷ എഞ്ചിനീയറിങ് വിദ്യാർഥിയായ 20 കാരനെ വനമേഖലയിൽ ഉപേക്ഷിച്ച കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശ് ഗുണ്ടൂരില്‍ നിന്ന് ഉപരിപഠനത്തിനായി യുഎസിലെത്തിയ അഭിജിത്ത് പരുചൂരി എന്ന വിദ്യാർഥിയാണ് മരിച്ചത്.
മാർച്ച് 11 മുതലാണ് അഭിജിത്ത് പരുചൂരിനെ കാണാതായത്. സുഹൃത്തുക്കൾ ഇയാളെ കാണാതായതായി പൊലീസിൽ അറിയിച്ചതിനെ തുടർന്ന് മൊബൈൽ ഫോൺ സിഗ്നലുകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അഭിജിത്ത് പരുചൂരിന്‍റെ വിയോഗത്തില്‍ അതിയായ ദുഃഖം ഉണ്ടെന്ന് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ എക്‌സില്‍ കുറിച്ചു.
ALSO READ : വാഷിങ്‌ടണിൽ വെടിവയ്‌പ്പ് ; 2 പേർ കൊല്ലപ്പെട്ടു, 5 പേർക്ക് പരിക്ക്