വാഷിങ്ടണ്‍: ആയുധം കൈവശം വയ്ക്കല്‍ കേസില്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെ മകന്‍ ഹണ്ടര്‍ ബൈഡന്‍ കുറ്റക്കാരനെന്ന് കോടതി. ആയുധം കൈവശം വയ്ക്കലുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളാണ് ഹണ്ടറിനെതിരെ ചുമത്തിയിട്ടുള്ളത്. ഇതില്‍ മൂന്നിലും ഇയാള്‍ കുറ്റക്കാരനാണെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.
25 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ. ആദ്യമായി ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പടുന്ന വ്യക്തിയായത് കൊണ്ട് ശിക്ഷയില്‍ ചിലപ്പോള്‍ ഇളവ് ലഭിച്ചേക്കാം. പ്രസിഡന്‍റിന് മാപ്പ് നല്‍കാനുള്ള അധികാരമുണ്ട്. എന്നാല്‍ തന്‍റെ മകന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയാല്‍ താന്‍ ഒരിക്കലും മാപ്പ് നല്‍കില്ലെന്ന് ജോ ബൈഡന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രസിഡന്‍റിന്‍റെ മകനെതിരെ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തപ്പെടുന്നതും കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നതും. 2018ല്‍ കോള്‍ട്ട് കോബ്ര റിവോള്‍വര്‍ വാങ്ങിയതിന് നല്‍കിയ ഫോമില്‍ തെറ്റായ വിവരങ്ങള്‍ രേഖപ്പെടുത്തി. ആ സമയത്ത് താന്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന് കള്ളവും പറഞ്ഞു.
കയ്യില്‍ തോക്ക് ഉള്ളപ്പോള്‍ മയക്കുമരുന്ന് ഉപയോഗിച്ചെന്ന കുറ്റവും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. താന്‍ കുറ്റക്കാരനല്ലെന്ന് ഇയാള്‍ വാദിച്ചു. ഇയാള്‍ക്കെതിരെ നികുതി വെട്ടിപ്പിന് മറ്റൊരു കേസും നിലവിലുണ്ട്. ഇതിന്‍റെ രണ്ടാം വിചാരണ സെപ്റ്റംബറില്‍ നടക്കും.