ഗാസ/ ബെയ്‌റൂത്ത്: വടക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ കനത്ത ബോംബാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. ലെബനനിൽ ഹിസ്ബുള്ളയ്‌ക്കെതിരായ വ്യോമാക്രമണം കടുപ്പിക്കുന്നതിനിടയിലാണ് ഇസ്രയേൽ സൈന്യം വടക്കൻ ഗാസയിലും ആക്രമണം രൂക്ഷമാക്കിയിരിക്കുന്നത്. ആക്രമണം തുടരുമ്പോഴും ഒക്‌ടോബർ 1 മുതൽ ഇവിടേക്ക് ആവശ്യമായ ഭക്ഷ്യ സഹായം എത്തിയിട്ടില്ലെന്ന് യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാം അറിയിച്ചു. ഏകദേശം 40000 ത്തോളം പേർ നിലവിൽ വടക്കൻ ഗാസയിൽ ഉള്ളതായാണ് കണക്കുകള്‍.
അതേസമയം, ലെബനനിൽ യുഎൻ സമാധാന സേനയുടെ നഖൗറയിലെ ആസ്ഥാനം വീണ്ടും ആക്രമിക്കപ്പെട്ടു. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ ഒരു സുരക്ഷാ സേനാംഗത്തിന് വെടിയേറ്റിരുന്നു. ഇദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്‌തികരമാണ്. സമാധാന സേനാംഗങ്ങൾക്ക് രാജ്യം വിടാൻ മുന്നറിയിപ്പ് നൽകിയ ഇസ്രയേൽ, മറ്റു പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
തെക്കൻ, കിഴക്കൻ ലെബനനിലെ ഒന്നിലധികം പ്രദേശങ്ങളിൽ ശനിയാഴ്‌ച (ഒക്‌ടോബർ 12) ഇസ്രയേൽ വ്യോമാക്രമണം നടത്തിയതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വടക്കു കിഴക്കൻ പ്രദേശത്തെ മൈസ്ര ഗ്രാമത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. ബെയ്‌റൂത്തിൽ തെക്ക് ബർജയുടെ അരികിലുള്ള അപ്പാർട്ട്‌മെൻ്റ് കെട്ടിടത്തിൽ നാല് പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ബെക്കാ താഴ്‌വരയിലെ റയാക്, താൽ ചിഹ ആശുപത്രികൾക്ക് ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചു. നബാത്തിയിൽ എട്ട് പേർക്ക് പരിക്കേറ്റു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഹമാസിനും ഹിസ്ബുള്ളക്കുമെതിരായ ആക്രമണങ്ങളിൽ നിന്ന് സുരക്ഷിതരാകാൻ ലെബനന്‍, പലസ്‌തീന്‍ പൗരന്മാർക്ക് ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആക്രമണം തുടരുന്ന സാഹചര്യത്തിൽ ലെബനനിലെ തുറമുഖങ്ങളും വിമാനത്താവളവും സർവീസ് നിർത്തലാക്കപ്പെടുമെന്ന ആശങ്ക യുഎൻ ഉദ്യോഗസ്ഥർ പങ്കുവെച്ചു.
ലെബനൻ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച്, ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള സംഘർഷത്തിൽ കഴിഞ്ഞ വർഷം ലെബനനിൽ 2,255 പേർ കൊല്ലപ്പെട്ടു. സെപ്റ്റംബർ പകുതി മുതൽ മാത്രം 1,400 ലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍.
ഈ സാഹചര്യത്തിൽ, ലെബനൻ ജനതയ്‌ക്കും പലസ്‌തീന്‍ ജനതയ്‌ക്കുമുള്ള പിന്തുണ തുടരുമെന്ന് ഇറാൻ പാർലമെൻ്റ് സ്‌പീക്കർ മുഹമ്മദ് ബഗർ ഖാലിബാഫ് അറിയിച്ചു. ബെയ്‌റൂത്തിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തിയ സ്ഥലം സന്ദർശിക്കുന്നതിനിടെയാണ് മുഹമ്മദ് ബഗർ ഖാലിബാഫ് ഇക്കാര്യം വ്യക്തമാക്കിയത്.