ഒട്ടാവ: ഖാലിസ്ഥാൻ ഭീകരൻ ഹര്‍ദീപ് സിങ് നിജ്ജാര്‍ കൊലപാതക കേസില്‍ നാലാമത്തെ അറസ്റ്റ്. കാനഡയില്‍ താമസിക്കുന്ന 22കാരനായ ഇന്ത്യൻ പൗരൻ അമര്‍ദീപ് സിങ്ങിനെയാണ് അറസ്റ്റ് ചെയ്‌തത്. കൊലപാതം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇന്ത്യൻ പൗരനെതിരെ കാനഡയുടെ നടപടി.
നിജ്ജാര്‍ വധത്തില്‍ നേരത്തെ മൂന്ന് ഇന്ത്യൻ പൗരന്മാര്‍ പിടിയിലായിരുന്നു. കരണ്‍ ബ്രാര്‍, കരണ്‍പ്രീത് സിങ്, കമല്‍പ്രീത് സിങ് എന്നിവരെയാണ് നേരത്തെ കാനഡ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ മൂന്ന് നാല് വര്‍ഷങ്ങളിലായി കാനഡയില്‍ ഉള്ള ഇവരെ എഡ്‌മണ്ടില്‍ നിന്നായിരുന്നു പൊലീസ് പിടികൂടിയത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 18നായിരുന്നു ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ച ഹര്‍ദീപ് സിങ് നിജ്ജാര്‍ വെടിയേറ്റ് മരിച്ചത്. ഇതിന് പിന്നാലെ നിജ്ജാറിന്‍റെ കൊലപാതകത്തില്‍ ഇന്ത്യയ്‌ക്ക് പങ്കുണ്ടെന്ന ആരോപണം കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നടത്തി. അസംബന്ധം എന്നായിരുന്നു ട്രൂഡോയുടെ ആരോപണത്തില്‍ ഇന്ത്യയുടെ പ്രതികരണം.