ദുബായ്: ലോകത്തിലെ ഏറ്റവും വലിയ സ്വർണക്കട്ടിയെന്ന് ഗിന്നസ് റെക്കോർഡിൽ രേഖപ്പെടുത്തിയ 300.12 കിലോഗ്രാം ഭാരമുള്ള സ്വർണക്കട്ടി പ്രദർശനത്തിൽ വെച്ചു. ദുബായ് ഗോൾഡ് സൂക്ക് എക്‌സ്‌റ്റൻഷനിലെ മിൻ്റിങ്ങ് ഫാക്‌ടറി ഷോപ്പിലാണ് പ്രദർശിപ്പിച്ചിട്ടുള്ളത്. ജപ്പാനിൽ പ്രദർശിപ്പിച്ച 250 കിലോഗ്രാം സ്വർണക്കട്ടിയുടെ റെക്കോർഡാണ് ദുബായിൽ നിന്നുള്ള 300 കിലോഗ്രാം സ്വർണക്കട്ടി തിരുത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സ്വർണക്കട്ടി നിർമിക്കുന്നതിനായി ഏകദേശം എട്ട് മുതൽ പത്ത് മണിക്കൂർ വരെ സമയമെടുത്തു. പിന്നീട് ഇതെല്ലാം കൃത്യമായി രേഖപ്പെടുത്തി ഗിന്നസിലേക്ക് അയയ്ക്കുകയായിരുന്നു എന്ന് സ്വർണക്കട്ടി നിർമിച്ച സ്വർണ ഫാക്‌ടറിയുടെ ഡെപ്യൂട്ടി ജനറൽ മാനേജർ മുഹമ്മദ് ഖർസ പറഞ്ഞു.
25 ദശലക്ഷം ഡോളർ വിലമതിക്കുന്നതാണ് സ്വർണക്കട്ടി. നിലവിലെ നിരക്ക് അനുസരിച്ച് സ്വർണക്കട്ടിയുടെ മൂല്യം 211 കോടി രൂപയാണെന്നും മുഹമ്മദ് ഖർസ കൂട്ടിച്ചേർത്തു. ഇന്നലെ (ഡിസംബർ 07) നിരവധി സന്ദർശകരാണ് മിൻ്റിംഗ് ഫാക്‌ടറി ഷോപ്പിൽ സ്വർണക്കട്ടി കാണുന്നതിനായി എത്തിച്ചേർന്നത്. ഗ്ലാസ് ബോക്‌സിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണക്കട്ടിക്ക് സമീപം നിന്ന് നിരവധിയാളുകൾ സെൽഫിയും ഫോട്ടോകളും എടുക്കുന്നുണ്ട്.