ന്യൂയോർക്ക്: ടെക് ഭീമനായ ഗൂഗിൾ 28 ജീവനക്കാരെ പിരിച്ചുവിട്ടു. ഇസ്രായേലുമായി 1.2 ബില്യൺ ഡോളറിൻ്റെ കരാർ ഒപ്പുവെച്ച ഗൂഗിളിനെതിരെ പ്രതിഷേധം നടത്തിയതിനാണ് ജീവനക്കാരെ പിരിച്ചു വിട്ടത്. ന്യൂയോർക്കിലും കാലിഫോർണിയയിലും പ്രതിഷേധക്കാർ 10 മണിക്കൂറോളം കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാരെ പിരിച്ചുവിട്ടതായി ഗൂഗിൾ അറിയിച്ചത്.
ഇസ്രായേലുമായി വ്യാപാരം നടത്തുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കാലിഫോർണിയയിലെ ഗൂഗിൾ ക്ലൗഡ് ചീഫ് ഓപ്പറേറ്റിങ് ഓഫിസ് പ്രതിഷേധക്കാർ അടിച്ചു തകർത്തിരുന്നു. ഇതിനെ തുടർന്ന് പ്രതിഷേധിച്ചവരിൽ ഒമ്പത് ജീവനക്കാരെ അറസ്‌റ്റ് ചെയ്‌തു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതായും ജീവനക്കാരെ പിരിച്ചു വിട്ടതായും ഗൂഗിൾ അറിയിച്ചു.
കമ്പനി വിഷയത്തെ ഗൗരവമായി എടുക്കുന്നതായും, തങ്ങളുടെ പോളിസിക്കെതിരെ പ്രവർത്തിച്ചവർക്കെതിരെ നടപടിയെടുക്കുമെന്നും ഗൂഗിൾ അറിയിച്ചു. കൂടാതെ ജീവനക്കാർക്കിടയിലുള്ള ഇത്തരം പെരുമാറ്റം പ്രോത്സാഹിപ്പിക്കാനാവില്ലെന്നും, അത്തരക്കാർക്ക് കമ്പനിയിൽ സ്ഥാനമില്ലെന്നും ഗൂഗിൾ അറിയിച്ചു. നോ ടെക് ഫോർ അപ്പാത്തീഡ് എന്ന സംഘടനയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
Also Read: തെറ്റായ വസ്‌തുതകൾ അവതരിപ്പിച്ചു; ഗൂഗിളിനെതിരെ ഒരു ലക്ഷം രൂപ പിഴ ചുമത്തി ഡൽഹി ഹൈക്കോടതി