പാരിസ്(ഫ്രാന്‍സ്): പശ്ചിമേഷ്യയില്‍ ആക്രമണം നടത്തുന്നതിനായി ഇസ്രയേലിന് ആയുധങ്ങള്‍ വിതരണം ചെയ്യുന്നത് നിര്‍ത്തണമെന്ന് ആഹ്വാനം ചെയ്‌ത് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍. ഒരു രാഷ്‌ട്രീയ പരിഹാരത്തിനാണ് ഇപ്പോള്‍ നാം പ്രാധാന്യം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഫ്രാന്‍സ് ആര്‍ക്കും ആയുധങ്ങള്‍ വിതരണം ചെയ്യുന്നില്ലെന്നും മാക്രോണ്‍ അറിയിച്ചു.
300 കോടി ഡോളറിന്‍റെ ആയുധങ്ങളാണ് അമേരിക്ക ഇസ്രയേലിന് പ്രതിവര്‍ഷം നല്‍കുന്നത്. ഇവ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കായാണ് ഇസ്രയേല്‍ ഉപയോഗിക്കുന്നതെന്ന് ചൂണ്ടിക്കാട്ടാന്‍ തങ്ങള്‍ക്ക് മതിയായ തെളിവില്ലെന്ന് ഇക്കഴിഞ്ഞ മെയ്‌യില്‍ അമേരിക്കന്‍ വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി. ഇസ്രയേലിലേക്കുള്ള ചില ആയുധ കയറ്റുമതികള്‍ ബ്രിട്ടന്‍ റദ്ദാക്കിയതായി സെപ്റ്റംബറില്‍ വ്യക്തമാക്കിയിരുന്നു. രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങള്‍ ലംഘിക്കാനായി ഇവ ഉപയോഗിക്കുന്നുവെന്ന ആശങ്കകളുള്ള സാഹചര്യത്തിലാണ് ഈ നടപടിയെന്നും ബ്രിട്ടന്‍ വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വെടിനിര്‍ത്തലിനുള്ള ആഹ്വാനം ആവര്‍ത്തിച്ചുള്ള പശ്ചാത്തലത്തിലാണ് മാക്രോണ്‍ തന്‍റെ ആശങ്കകള്‍ പങ്കുവച്ചിരിക്കുന്നത്. തങ്ങള്‍ പറയുന്നത് ആരും കേള്‍ക്കുന്നില്ല. ഇതൊരു വലിയ തെറ്റാണ്. ഇസ്രയേലിന്‍റെ സുരക്ഷയടക്കം ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘര്‍ഷം വിദ്വേഷത്തിലേക്ക് നയിക്കും.
ലെബനനിലെ സ്ഥിതി വഷളാകാന്‍ അനുവദിച്ച് കൂടാ. ലെബനന്‍ മറ്റൊരു ഗാസ ആയിക്കൂടാ. ഇസ്രയേല്‍ ഹമാസിനെതിരെ ആക്രമണം തുടങ്ങിയിട്ട് ഒരു വര്‍ഷം തികയാന്‍ പോകുകയാണെന്നും മാക്രോണ്‍ കൂട്ടിച്ചേര്‍ത്തു.