പാരിസ്: തെക്കൻ ലെബനനിലെ യുഎൻ സമാധാന സേന താവളങ്ങൾക്ക് നേരെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളെ അപലപിച്ച് ലോകരാജ്യങ്ങള്‍. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, സ്‌പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് എന്നിവരാണ് ഇസ്രയേല്‍ ആക്രമണത്തെ അപലപിച്ച് സംയുക്ത പ്രസ്‌താവന ഇറക്കിയത്.
'ഇസ്രയേല്‍ ആക്രമണത്തില്‍ നിരവധി യുഎൻ സമാധാന സേനാംഗങ്ങൾക്ക് പരിക്കേറ്റതിൽ ഞങ്ങൾ രോഷം പ്രകടിപ്പിക്കുന്നു. ഈ ആക്രമണത്തിലൂടെ അന്താരാഷ്‌ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണ് ഇസ്രയേല്‍ നേടത്തിയിരിക്കുന്നത്. ഇതൊരിക്കലും നീതീകരിക്കാനാവാത്തതാണ്. ഇത്തരം ആക്രമണങ്ങള്‍ അവസാനിപ്പിക്കാൻ ഇസ്രയേല്‍ സൈന്യം ഉടനെ തയ്യാറാകണം'- സംയുക്ത പ്രസ്‌താവനയിലൂടെ ഫ്രാൻസ്, ഇറ്റലി, സ്‌പെയ്‌ൻ എന്നീ രാജ്യങ്ങള്‍ വ്യക്തമാക്കി.
തെക്കൻ ലെബനനിലെ നഖൗറയിലെ ആസ്ഥാനത്ത് നടന്ന ഇസ്രായേല്‍ വെടിവയ്‌പ്പിലാണ് രണ്ട് അംഗങ്ങൾക്ക് പരിക്കേറ്റതായി UNIFIL (യുണൈറ്റഡ് നാഷൻസ് ഇന്‍റേരിം ഫോഴ്‌സ് ഇൻ ലെബനൻ) അറിയിച്ചത്. സമാധാന സേനാംഗങ്ങൾ അഭയം പ്രാപിച്ച ബങ്കറിലേക്കുള്ള പ്രവേശന കവാടത്തിലേക്കാണ് ഇസ്രായേല്‍ സൈന്യം വെടിവയ്‌പ്പ് നടത്തിയത്. 'എല്ലാ സമാധാന സേനാംഗങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്, ഈ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ UNIFIL സൈനികരുടെ ഒഴിച്ചുകൂടാനാവാത്ത പ്രതിബദ്ധതയെ ഞങ്ങള്‍ പ്രശംസിക്കുന്നു.' - സംയുക്ത പ്രസ്‌താവനയില്‍ ലോകരാജ്യങ്ങള്‍ കൂട്ടിച്ചേർത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇസ്രയേലും ലെബനനും തമ്മിലുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കാനും സമാധാനം പുനസ്ഥാപിക്കാനുമുള്ള ഏക മാർഗം എല്ലാ കക്ഷികളും യുഎൻ സുരക്ഷ കൗൺസിൽ പ്രമേയം 1701 പൂർണമായി നടപ്പാക്കുക എന്നതാണ്, ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്യണമെന്നും മാക്രോണും മെലോണിയയും സാഞ്ചസും ആവശ്യപ്പെട്ടു.
ഇസ്രയേലിനെ എതിര്‍ത്ത് അമേരിക്ക, ഞെട്ടിക്കുന്ന ആക്രമണമെന്ന് ബ്രിട്ടൻ:
അതേസമയം, യുഎൻ സമാധാന സേനാംഗങ്ങള്‍ക്ക് നേരയുള്ള ആക്രമണത്തെ അപലപിച്ച് അമേരിക്കയും ബ്രിട്ടനും നേരത്തെ രംഗത്തെത്തിയിരുന്നു. യുഎൻ സേന താവളത്തിനു നേരെ വെടിയുതിർക്കുന്ന നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ വ്യക്തമാക്കി.
ഇത്തരം നീക്കങ്ങളിൽ നിന്ന് പിൻമാറണമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്‌റ്റിനും ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു. വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ബ്രിട്ടനും ഇസ്രയേല്‍ ആക്രമണത്തെ അപലപിച്ചിരുന്നു.
സമാധാനപാലന കേന്ദ്രത്തിന് സമീപം ഇസ്രയേല്‍ സൈന്യം അടുത്തിടെ നടത്തിയ പ്രവർത്തനങ്ങളിൽ കടുത്ത ആശങ്കയുണ്ടെന്ന് UNIFIL വ്യക്തമാക്കി. ഇസ്രയേല്‍ സേനയുടെ പ്രവർത്തനങ്ങൾ അപകടകരമാണെന്നും സുരക്ഷാ കൗൺസിൽ നിർദേശിച്ച ചുമതലകൾ നിർവഹിക്കുന്ന യുഎൻ സമാധാന സേനയുടെ സുരക്ഷയിൽ വിട്ടുവീഴ്‌ച ചെയ്യുന്നത് സ്വീകാര്യമല്ലെന്നും പ്രസ്‌താവനയിൽ UNIFIL ചൂണ്ടിക്കാട്ടുന്നു.
Read Also: ലെബനനില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; 22 മരണം, 117 പേര്‍ക്ക് പരിക്ക്