തിരുവനന്തപുരം : യു എസിലെ കാലിഫോർണിയയിൽ മലയാളി കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശികളായ 4 പേരെയാണ് തിങ്കളാഴ്‌ച രാത്രി മരിച്ച നിലയിൽ കണ്ടെത്തിയത്. ഫാത്തിമ മാതാ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. ജി ഹെൻറിയുടെ മകനും ഭാര്യയും ഇരട്ടക്കുട്ടികളുമാണ് കൊല്ലപ്പെട്ടത്. ആനന്ദ് സുജിത് ഹെൻറി (42), ആലീസ് പ്രിയങ്ക (40), നോഹ, നെയ്‌തൻ (4) എന്നിവരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
പൊലീസ് സ്ഥലത്തെത്തി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മരണകാരണം സംബന്ധിച്ച് പൊലീസ് ഇതുവരെ സൂചനകളൊന്നും വെളിപ്പെടുത്തിയിട്ടില്ല, പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂ. വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എ സിയിൽ നിന്നോ തണുപ്പുകാലത്ത് ഉപയോഗിക്കുന്ന ഹീറ്ററിൽ നിന്നോ വമിച്ച വാതകം ശ്വസിച്ചതാണോ മരണകാരണമെന്ന സംശയമാണ് ബന്ധുക്കൾ പങ്കുവയ്ക്കുന്നത്.
ഞായറാഴ്‌ച വരെ യു എസിലായിരുന്ന ആലീസിന്‍റെ അമ്മ ജൂലിയറ്റ്, തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ശേഷം, വിവരം അറിയിക്കാന്‍ ശ്രമിച്ചിട്ടും മറുപടിയൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് യു എസിലുള്ള മറ്റ് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ബന്ധുക്കള്‍ സ്ഥലത്തെത്തിയെങ്കിലും വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് പൊലീസെത്തി വാതില്‍ തകര്‍ത്ത് അകത്തുകടന്നപ്പോഴാണ് വീട്ടുകാരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഗൂഗിളിൽ ജോലി ചെയ്യുന്ന സുജിത്ത് ആറ് വർഷം മുമ്പാണ് യുഎസില്‍ എത്തുന്നത്. ഭാര്യ ആലീസ് സീനിയർ അനലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു.