ജോർജിയ : അമേരിക്കയില്‍ ഹൈസ്‌കൂളില്‍ വിദ്യാർഥി നടത്തിയ വെടിവയ്‌പ്പിൽ രണ്ട് വിദ്യാർഥികളടക്കം നാല് പേർ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഒമ്പത് പേർക്ക് പരിക്കേറ്റു. ജോർജിയയിലെ വിൻഡറിലെ അപാലാച്ചി ഹൈസ്‌കൂൾ വിദ്യാർഥിയായ 14 കാരന്‍ കോൾട്ട് ക്രേ ആണ് വെടിയുതിര്‍ത്തത്. പ്രതി പൊലീസിന്‍റെ കസ്റ്റഡിയിലാണ്.
കൊല്ലപ്പെട്ടവരിൽ രണ്ടുപേർ വിദ്യാർഥികളും രണ്ടുപേർ അധ്യാപകരുമാണ്. വെടിവയ്‌പ്പിന് പിന്നിലെ കാരണം വ്യക്തമല്ല. പിടിക്കപ്പെട്ട കോള്‍ട്ട് ശാന്ത പ്രകൃതക്കാരനായിരുന്നു എന്ന് അപലാച്ചി ഹൈസ്‌കൂളിലെ ജൂനിയർ വിദ്യാര്‍ഥി ലൈല സായരത്ത് അന്താരാഷ്‌ട്ര മാധ്യമമായ സിഎൻഎന്നിനോട് സംസാരിക്കവേ പറഞ്ഞു. ബുധനാഴ്‌ച പ്രാദേശിക സമയം രാവിലെ 9:45 ഓടെ ക്ലാസില്‍ നിന്ന് വെളിയിലേക്ക് പോയ കോൾട്ട് കുറച്ചു കഴിഞ്ഞെത്തി വെടിയുതിര്‍ക്കുകയായിരുന്നു എന്നും ലൈല മാധ്യമങ്ങളോട് പറഞ്ഞു.
ഈ വർഷം ഇതുവരെ യുഎസിൽ കുറഞ്ഞത് 385 കൂട്ട വെടിവയ്പ്പുകളെങ്കിലും ഉണ്ടായിട്ടുണ്ടെന്ന് ഗൺ വയലൻസ് ആർക്കൈവ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നതായി സിഎൻഎൻ റിപ്പോര്‍ട്ട് ചെയ്യുന്നു. അതായത് പ്രതിദിനം ശരാശരി 1.5 കൂട്ട വെടിവയ്‌പ്പുകൾ എങ്കിലും ഉണ്ടാകുന്നുണ്ട്. നാലോ അതിലധികമോ പേര്‍ വെടിയേറ്റ് മരിക്കുന്ന സംഭവങ്ങളാണ് കൂട്ട വെടിവയ്പ്പുകളായി നിർവചിച്ചിരിക്കുന്നത്.
Also Read: പ്രതിശ്രുത വധുവിനെയും പിതാവിനെയും സഹോദരനെയും വെടിവച്ചുകൊന്നു; സംഭവം പഞ്ചാബിലെ ഫിറോസ്‌പൂരില്‍