സാൻഫ്രാൻസിസ്കോ: ഗൂഗിളിൻ്റെ ഉയർച്ചയിൽ നിർണായക പങ്ക് വഹിച്ച ഗൂഗിളിലെ ആദ്യത്തെ ജീവനക്കാരിലൊരാളും യൂട്യൂബ് മുൻ മേധാവിയുമായ സൂസൻ വോജിക്കി (56) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അർബുദം മൂലം വളരെ നാളായി ചികിത്സയിലായിരുന്നു. സിലിക്കൺ വാലിയിലെ പ്രമുഖ വ്യക്‌തികളിൽ ഒരാളായ വോജിക്കി, ഗാരേജിൽ ആരംഭിച്ച സെർച്ച് എഞ്ചിൻ സ്റ്റാർട്ടപ്പായ ഗൂഗിളിനെ ആഗോള തലത്തിലേക്ക് എത്തിക്കുവാൻ രണ്ട് പതിറ്റാണ്ടോളം പ്രയത്നിച്ചവരിൽ ഒരാളാണ്.
2006-ൽ ഗൂഗിൾ, യൂട്യൂബിനെ ഏറ്റെടുത്തതിനുശേഷം കുടുംബം, ആരോഗ്യം, വ്യക്തിഗത പ്രോജക്‌ടുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി കഴിഞ്ഞ വർഷം സ്ഥാനമൊഴിയുന്നതിന് മുമ്പ്, ഏകദേശം ഒരു ദശാബ്‌ദത്തോളം വോജിക്കി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു.
വോജിക്കിയുടെ മരണവാർത്ത ഭർത്താവ് ഡെന്നിസ് ട്രോപ്പർ ആണ് ഫേസ്ബുക്കിലൂടെ അറിയിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തോളമായി ശ്വാസകോശ അർബുദത്താൽ ചികിത്സയിലായിരുന്നെന്നും ഇന്ന് (ഓഗസ്റ്റ് 10) ഞങ്ങളെ വിട്ട് പോയെന്നും ഡെന്നിസ് അറിയിച്ചു.
വോജിക്കിയുടെ സുഹൃത്തുക്കളായ സെർജി ബ്രിനും ലാറി പേജും 1998-ൽ കാലിഫോർണിയയിലെ മെൻലോ പാർക്കിൻ്റെ ഗാരേജിൽ ഷോപ്പ് ആരംഭിച്ചപ്പോൾ വോജിക്കി അന്ന് ഇൻ്റലിൽ ജോലി ചെയ്യുകയായിരുന്നു. ഒരു വർഷത്തിനിപ്പുറം കമ്പനിയുടെ ആദ്യത്തെ മാർക്കറ്റിംഗ് മാനേജരായി കമ്പനിയിൽ ചേർന്നു. ഗൂഗിളിൽ ഇമേജ് സെർച്ചുകൾ സൃഷ്‌ടിക്കുന്നതിലും യൂട്യൂബിൻ്റെയും പരസ്യ പ്ലാറ്റ്‌ഫോമായ ഡബിൾക്ലിക്കിൻ്റെ ഏറ്റെടുക്കലിലും പങ്കുവഹിച്ചു.
" വോജിക്കി ഗൂഗിളിൻ്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനിയാണ്. അവളില്ലാത്ത ലോകം സങ്കൽപ്പിക്കാൻ തന്നെ പ്രയാസമാണ്". ഗൂഗിളിൻ്റെ ചീഫ് എക്‌സിക്യൂട്ടീവായ സുന്ദർ പിച്ചൈ സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചു.
2014-ൽ യൂട്യൂബിൻ്റെ സിഇഒ ആയി വോജിക്കി തെരഞ്ഞെടുക്കപ്പെട്ടു. പുതിയ രീതിയിലുളള പരസ്യങ്ങൾ യൂട്യൂബിൽ അവതരിപ്പിക്കുകയും യൂട്യൂബിൽ സ്ട്രീമിംഗ് ടെലിവിഷൻ സേവനം ആരംഭിക്കുകയും അതിൻ ഫലമായി ഇൻ്റർനെറ്റിലൂടെ ആളുകൾ ഷോകളും ചലച്ചിത്രങ്ങളും കാണുവാൻ തുടങ്ങുകയുണ്ടായി.
കുട്ടികളുടെ സ്വകാര്യത, വിദ്വേഷ പ്രസംഗം, വ്യാജ വിവരങ്ങൾ പ്രചരിക്കുന്നത് എന്നിവ തടയുക എന്നീ കാര്യങ്ങളിലെല്ലാം തന്നെ അവർ മേൽനോട്ടം വഹിച്ചു. പ്രത്യേകിച്ച് കൊവിഡ് സമയത്ത്. ഗൂഗിളിൽ ചേരുമ്പോൾ നാലുമാസം ഗർഭിണിയായിരുന്ന വോജിക്കി, പെയ്‌ഡ് പാരൻ്റൽ ലീവിന് വേണ്ടി ശബ്‌ദമുയർത്തിയ വ്യക്‌തികളിൽ ഒരാളായിരുന്നു. വോജിക്കിക്കും ട്രോപ്പറിനും അഞ്ച് മക്കളാണുളളത്.
Also Read: പോളിസികളിൽ മാറ്റം വരുത്തി യൂട്യൂബ് : പ്രായപൂർത്തിയാകാത്തവർക്ക് തോക്ക് വീഡിയോകൾക്ക് നിയന്ത്രണം