സിയോൾ: ബാറ്ററി നിർമ്മാണ ഫാക്‌ടറിയിൽ തീപിടിത്തം. 22 തൊഴിലാളികൾ മരിച്ചു. എട്ട് പേര്‍ക്ക് പരിക്ക്.
ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സിയോളിന് തെക്ക് ഹ്വാസോങ് നഗരത്തിലെ ഫാക്‌ടറിയുടെ രണ്ടാം നിലയിൽ രാവിലെ 10:30 ഓടെയാണ് തീപിടിത്തം. ലിഥിയം ബാറ്ററികൾ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. തൊഴിലാളികൾ ബാറ്ററികൾ പരിശോധിച്ച് പാക്കേജു ചെയ്യുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്.
മരിച്ചവരിൽ 18 ചൈനക്കാരും രണ്ട് ദക്ഷിണ കൊറിയക്കാരും ഒരു ലാവോഷ്യക്കാരും ഉൾപ്പെടുന്നുവെന്ന് അഗ്നിശമന ഉദ്യോഗസ്ഥൻ കിം ജിൻ-യങ് പറഞ്ഞു. മരിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. രക്ഷാപ്രവർത്തകർ സ്ഥലത്ത് തെരച്ചിൽ തുടരുകയാണെന്നും പരിക്കേറ്റ എട്ടുപേരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു.
ബാറ്ററി നിർമ്മാതാക്കളായ അരിസെല്ലിന്‍റെ ഉടമസ്ഥതയിലുള്ള ഫാക്‌ടറി കെട്ടിടങ്ങളിലൊന്നിലാണ് തീപിടിത്തമുണ്ടായത്. റീചാർജ് ചെയ്യാവുന്ന ലിഥിയം അയൺ ബാറ്ററികൾ ലാപ്‌ടോപ്പുകൾ മുതൽ സെൽഫോണുകൾ വരെയുള്ള ഉപഭോക്തൃ ഉത്‌പന്നങ്ങളിൽ സർവ്വവ്യാപിയാണ്. കേടുപാടുകൾ സംഭവിച്ചാലോ തെറ്റായി പാക്കേജുചെയ്‌താലോ അവ അമിതമായി ചൂടാകുകയും തീപിടിത്തങ്ങളിലേക്കും സ്ഫോടനങ്ങളിലേക്കും നയിക്കുകയും ചെയ്യും.
തീപിടിത്തത്തിന്‍റെ കാരണം അന്വേഷിച്ചു വരികയാണ്. സംഭവ സ്ഥലത്ത് അഗ്നിശമന സംവിധാനങ്ങൾ ഉണ്ടായിരുന്നോയെന്നും അത് പ്രവർത്തിച്ചിട്ടുണ്ടോയെന്നും അധികൃതർ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: സമയോചിത ഇടപെടല്‍; ഓടിക്കൊണ്ടിരിക്കവെ തീപിടിച്ച കാറില്‍ നിന്നും യുവതി രക്ഷപ്പെട്ടു