മംഗഫ് : കുവൈറ്റില്‍ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തില്‍ വന്‍ തീപിടിത്തം. 49 പേര്‍ മരിച്ചു. മംഗഫിലുള്ള വ്യവസായ സ്ഥാപനത്തിലെ തൊഴിലാളി ക്യാമ്പായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരില്‍ മലയാളികളുമുണ്ട്.
കെട്ടിടത്തിലുണ്ടായിരുന്ന നിരവധി പേരെ രക്ഷപ്പെടുത്തി. ഇന്ന് (ജൂണ്‍ 12) രാവിലെ 6 മണിക്കാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചാണ് നിരവധി പേര്‍ മരിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
ആറ് നിലയുള്ള കെട്ടിടത്തിന്‍റെ താഴത്തെ നിലയില്‍ നിന്നാണ് തീ ആളിപ്പടര്‍ന്നത്. ഇതോടെ മുകളിലത്തെ നിലയില്‍ നിന്നും നിരവധി പേര്‍ കെട്ടിടത്തിന് പുറത്തേക്ക് എടുത്തുചാടി. ഇതോടെ പലര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും ചിലര്‍ മരിക്കുകയും ചെയ്‌തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. കെട്ടിടത്തില്‍ തീ പടര്‍ന്നതിനെ തുടര്‍ന്ന് പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. സംഭവ സമയത്ത് കെട്ടിടത്തിനകത്ത് കുടുങ്ങി കിടന്ന നിരവധി പേരെ പുറത്തെത്തിച്ചു.
പരിക്കേറ്റവരെ അദാന്‍, അമീരി, ഫര്‍വാനിയ, മുബാറക്, ജാബിര്‍ എന്നീ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ ആരോഗ്യമന്ത്രാലയം പ്രത്യേക മെഡിക്കല്‍ സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. 195 പേരാണ് ഇവിടെ താമസിച്ചിരുന്നത്. പുലര്‍ച്ചെ എല്ലാവരും ഉറക്കമായിരുന്നതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കെട്ടിടത്തില്‍ എങ്ങനെയാണ് തീപിടിത്തമുണ്ടായതെന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
അപകടത്തില്‍ 49 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഉപപ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹ് പറഞ്ഞു. കെട്ടിടത്തിലെ സുരക്ഷാസംവിധാനങ്ങളുടെ കുറവാണ് അപകടത്തിന്‍റെ തീവ്രത വര്‍ധിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ 6 മണിക്കാണ് തീപിടിത്തം സംബന്ധിച്ചുള്ള വിവരം ലഭിച്ചതെന്ന് മേജര്‍ ജനറല്‍ റഷീദ് ഹമദ് പറഞ്ഞു. തീപിടിത്തമുണ്ടായ കെട്ടിടത്തില്‍ തൊഴിലാളികളാണ് താമസിച്ചിരുന്നത്. നിരവധി പേരാണ് സംഭവ സമയത്ത് കെട്ടിടത്തില്‍ കുടുങ്ങി കിടന്നത്. നിരവധി പേരെ രക്ഷപ്പെടുത്തി. എന്നാല്‍ അതിനിടെ നിരവധി പേര്‍ പുക ശ്വസിച്ച് മരിച്ചുവെന്നും റഷീദ് ഹമദ് പറഞ്ഞു. അതേസമയം മരിച്ചവരെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
Also Read: ഭിവണ്ടിയിലെ സാനിറ്ററി നാപ്‌കിൻ ഫാക്‌ടറിയിൽ വന്‍ തീപിടിത്തം