പാരിസ് (ഫ്രാന്‍സ്) : പാരിസില്‍ എട്ട് നില കെട്ടിടത്തില്‍ തീപടര്‍ന്നതിനെ തുടര്‍ന്നുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. സ്‌ഫോടനത്തിന്‍റെ കാരണം വ്യക്തമല്ല. പാരിസിലെ 11-ാം അറോണ്ടിസ്‌മെന്‍റില്‍ സ്ഥിതിചെയ്യുന്ന കെട്ടിടത്തിലാണ് ഇന്നലെ വൈകിട്ടോടെ അപകടം ഉണ്ടായത്.
സ്‌ഫോടനത്തിന്‍റെ കാരണം അയല്‍ക്കാര്‍ക്ക് പോലും അറിവില്ലെന്നും കെട്ടിടത്തില്‍ സ്‌ഫോടനാത്മകമായ വാതകങ്ങളൊന്നുമില്ലെന്നും 11-ാം അറോണ്ടിസ്‌മെന്‍റ് ഡെപ്യൂട്ടി മേയര്‍ ലൂക്ക് ലെബണ്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്‌ഫോടനത്തിന്‍റെ കാരണം കണ്ടെത്തുന്നതിനായി ഡിറ്റക്‌ടീവുകളെ നിയോഗിച്ചതായി പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു.
സ്‌ഫോടനത്തിന് പിന്നാലെ സമീപത്തെ കെട്ടിടത്തിലെ താമസക്കാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് മൂന്നാം തവണയാണ് പാരിസില്‍ ഇത്തരത്തില്‍ കെട്ടിടത്തില്‍ സ്‌ഫോടനം നടക്കുന്നത്. 2019 ജനുവരി 12 റൂ ഡി ട്രെവിസില്‍ നടന്ന സ്‌ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. 2023 ജൂണ്‍ 21ന് ഉണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ക്കാണ് ജീവന്‍ നഷ്‌ടമായത്.