ന്യൂഡൽഹി : റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ സംഗീത നിശക്കിടെ ഉണ്ടായ സ്‌ഫോടനത്തില്‍ 115 പേരാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ്-ഖൊറാസാൻ (ഐസിസ്-കെ)ഏറ്റെടുത്തിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് അവരുടെ സോഷ്യൽ മീഡിയ ചാനലുകളിലൂടെയാണ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. എന്നാല്‍ റഷ്യൻ സർക്കാരോ രാജ്യത്തെ സുരക്ഷാ ഏജൻസികളോ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.
ക്രാസ്നോഗോർസ്‌കിലെ ക്രിസ്‌ത്യാനികളുടെ ഒരു വലിയ സമ്മേളനം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്ലാമിക് സ്റ്റേറ്റിന്‍റെ അമാഖ് വാർത്താ ഏജൻസി പ്രസിദ്ധീകരിച്ച പ്രസ്‌താവനയിൽ പറയുന്നത്. ഇതിന്‍റെ ആധികാരികതയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ആക്രമണം ആസൂത്രണം ചെയ്‌തത് ഇസ്ലാമിക് സ്റ്റേറ്റ് ആണെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചതായി ഒരു യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ അന്താരാഷ്‌ട്ര വാർത്താ ഏജൻസിയെ അറിയിച്ചിരുന്നു.
എന്താണ് ഐസിസ്-ഖൊറാസാൻ?
ഐസിസ്- കെ, ഐസിസ്-ഖൊറാസാൻ, ഇസ്‌ലാമിക് സ്റ്റേറ്റ് ഖൊറാസാൻ പ്രൊവിന്‍സ് (ISKP) എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഭീകരവാദ സംഘടന അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും പ്രവർത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ ഒരു പ്രാദേശിക പതിപ്പാണ്.
ഐസിസ് നേതാവ് അബൂബക്കർ അൽ-ബാഗ്ദാദിയോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന ഐസിസ്-ഖൊറാസാൻ, 2014 അവസാനത്തോടെയാണ് ഉയർന്നുവരുന്നത്. പാകിസ്ഥാനി താലിബാന്‍ മുൻ അംഗങ്ങൾ, അഫ്ഗാൻ താലിബാൻ അംഗങ്ങള്‍, പ്രദേശത്തെ മറ്റ് തീവ്രവാദികള്‍ എന്നിവരടങ്ങിയതാണ് ഐസിസ്-ഖൊറാസാൻ സംഘടന.
ഇസ്ലാമിക് സ്റ്റേറ്റ് ആശയത്തിന്‍റെ അതേ ചുവടുപിടിച്ച്, ശരിയ നിയമം നടപ്പിലാകുന്ന ഒരു ഇസ്ലാമിക ഭരണം ഖൊറാസാൻ മേഖലയിലും സ്ഥാപിക്കുകയാണ് ഐസിസ്-കെയുടെ ലക്ഷ്യം. ഇന്നത്തെ ഇറാൻ, അഫ്ഗാനിസ്ഥാൻ, ബ്രിട്ടീഷ് ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ അതിർത്തി പ്രവിശ്യ എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്ന മധ്യകാല ഇസ്ലാമിക സാമ്രാജ്യമായിരുന്നു ഖൊറാസാൻ.
ഖൊറാസാൻ എന്ന് വിളിക്കപ്പെടുന്ന പ്രദേശത്തിന്‍റെ വ്യാപ്‌തി കാലക്രമേണ മാറിക്കൊണ്ടിരിക്കുന്ന ഒന്നായിരുന്നു. വടക്കുകിഴക്കൻ ഇറാന്‍റെ ഇന്നത്തെ ഭൂപ്രദേശങ്ങളും അഫ്ഗാനിസ്ഥാന്‍റെ ചില ഭാഗങ്ങളും മധ്യേഷ്യയുടെ തെക്കൻ ഭാഗങ്ങളും അമു ദര്യ (ഓക്സസ്) നദി വരെ വ്യാപിച്ചുകിടക്കുന്നതാണ് ചരിത്രത്തിലെ ഖൊറാസാന്‍. എന്നാല്‍ ട്രാൻസോക്സിയാനയുടെ ഭൂരിഭാഗവും (ഇന്നത്തെ ഉസ്ബെക്കിസ്ഥാനിലെ ബുഖാറയും സമർഖന്ദും ഉൾപ്പെടുന്ന പ്രദേശം), പടിഞ്ഞാറ് കാസ്പിയൻ തീരം മുതല്‍ ദഷ്-ഇ കവിർ വരെയും തെക്ക് സിസ്‌താന്‍ വരെയും കിഴക്ക് പാമിർ പർവതം വരെ വ്യാപിച്ച് കിടക്കുന്ന വിശാല ഭൂപ്രദേശത്തെയും പലപ്പോഴും ഖൊറാസാന്‍ എന്ന് വിളിക്കപ്പെട്ടിരുന്നു.
സിറിയൻ ആഭ്യന്തരയുദ്ധത്തില്‍ പങ്കാളികളായ പാകിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും തീവ്രവാദികള്‍ ചേര്‍ന്നാണ് ഐസിസ്-കെ ആരംഭിക്കുന്നത്. ഖൊറാസാൻ മേഖലയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ ശാഖയിലേക്ക് പോരാളികളെ റിക്രൂട്ട് ചെയ്യുകയായിരുന്നു സംഘത്തിന്‍റെ ആദ്യ ലക്ഷ്യം.
അസംതൃപ്‌തരായ താലിബാൻ തീവ്രവാദികളെയും താലിബാനുമായി വിയോജിച്ച് നിന്നവരെയും ഐസിസ്-കെ റിക്രൂട്ട് ചെയ്തു. കിഴക്കൻ അഫ്‌ഗാനിസ്ഥാനിൽ പാകിസ്ഥാന്‍ അതിർത്തിയോട് ചേര്‍ന്നാണ് ഐസിസ്-ഖൊറാസാന്‍ അടിത്തറ പാകുന്നത്. അതിന്നും പ്രദേശത്ത് തുടര്‍ന്ന് പോരുകയും ചെയ്യുന്നുണ്ട്.
2016-ൽ കൊല്ലപ്പെട്ട മുൻ പാകിസ്ഥാൻ താലിബാൻ കമാൻഡറായ ഹാഫിസ് സയീദ് ഖാനാണ് ഐസിസ് -ഖൊറാസാന്‍റെ ആദ്യ നേതാവ്. നേതൃത്വ നിരയിലുള്ള നിരവധി ഭീകരവാദികള്‍ കൊല്ലപ്പെടുന്ന പശ്ചാത്തലത്തില്‍ നിലവിലെ നേതാവിനെ പരസ്യമായി പ്രഖ്യാപിക്കാന്‍ സംഘടന ധൈര്യപ്പെട്ടിട്ടില്ല. ഐസിസ്-ഖൊറാസാനെ അഫ്ഗാനിസ്ഥാനിലെയും പാകിസ്ഥാനിലെയും പ്രത്യേക പ്രാദേശിക ശാഖകൾ അല്ലെങ്കിൽ പ്രവിശ്യകൾ ആയി ക്രമീകരിച്ചിട്ടുണ്ട്, ഓരോ ഗ്രൂപ്പിനും അവരുടേതായ പ്രവർത്തന രീതികളും. ഘടനയുമാണുള്ളത്.
ഐസിസ്-കെ യുടെ പ്രവർത്തന മേഖലകൾ:
അഫ്‌ഗാനിസ്ഥാന്‍റെ കിഴക്ക്,വടക്ക് പ്രവിശ്യകളായ നംഗർഹാർ, കുനാർ, നൂറിസ്ഥാൻ, ജൗസാൻ എന്നിവയാണ് ഗ്രൂപ്പിന്‍റെ പ്രാഥമിക പ്രവർത്തന മേഖലകൾ. പാക്കിസ്ഥാന്‍റെ വിവിധ പ്രദേശങ്ങളിൽ, വിശേഷിച്ചും അഫ്ഗാന്‍-പാക് അതിർത്തിയിലുള്ള ഗോത്രമേഖലകളിൽ സംഘടന സാന്നിധ്യം നിലനിർത്തുന്നുണ്ട്.
ചാവേർ ബോംബാക്രമണങ്ങള്‍, കൃത്യമായ ലക്ഷ്യം വെച്ചുള്ള കൊലപാതകങ്ങൾ, സിവിലിയൻ, സൈനിക കേന്ദ്രങ്ങള്‍ക്കെതിരെയുള്ള ആക്രമണം എന്നിവയിലെല്ലാം ഐസിസ്-കെയുടെ പേരും പലപ്പോഴായി ഉയര്‍ന്നുവന്നിട്ടുണ്ട്. അഫ്‌ഗാനിസ്ഥാനിലെയും പാക്കിസ്ഥാനിലെയും ഉന്നത സിവിലിയന്മാർക്കെതിരെ നിരവധി ആക്രമണങ്ങൾ ഈ ഭീകര സംഘടന നടത്തിയിട്ടുണ്ട്. 2021 ഓഗസ്റ്റിൽ അഫ്‌ഗാനിസ്ഥാനില്‍ നിന്ന് യുഎസ് പിൻവാങ്ങുന്നതിനിടെ കാബൂളിൽ ഐസിസ്-കെ നടത്തിയ ചാവേർ ബോംബാക്രമണത്തിൽ 13 അമേരിക്കൻ സൈനികരും 169 അഫ്‌ഗാനികളും കൊല്ലപ്പെട്ടിരുന്നു.
2018 ജൂലൈയിൽ പാക്കിസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലികളിൽ 131 പേരുടെ മരണത്തിനിടയാക്കിയ ഇരട്ട ചാവേർ സ്ഫോടനം നടത്തിയതും ഐസിസ് ഖൊറാസാന്‍ ആണ്. 2016 ജൂലൈയിൽ കാബൂൾ നഗരമധ്യത്തിൽ 97 ഹസാര പ്രക്ഷോഭകർ കൊല്ലപ്പെട്ട ഇരട്ട ബോംബ് സ്‌ഫോടനം, 2023 ജൂലൈയിൽ പാക്കിസ്ഥാനിലെ ഖാറിൽ ജാമിയത്ത് ഉലമ-ഇ-ഇസ്‌ലാം-എഫ് (ജെയുഐ-എഫ്) റാലിക്കിടെ 63 പേർ കൊല്ലപ്പെട്ട ചാവേർ ആക്രമണം എന്നിവയെല്ലാം ഐസിസ് ഖൊറാസാന്‍ നടത്തിയ ഭീകരാക്രമണങ്ങളാണ്.
ഐസിസ്-കെയുടെ ഭൂരിഭാഗം ആക്രമണങ്ങളും കിഴക്കൻ അഫ്ഗാനിസ്ഥാനിലും പടിഞ്ഞാറൻ പാകിസ്ഥാനിലുമാണ് സംഭവിച്ചിട്ടുള്ളത് എങ്കിലും ഒരിക്കല്‍ അഫ്‌ഗാനിസ്ഥാന്‍റെ വടക്കൻ അയൽ രാജ്യങ്ങളായ താജിക്കിസ്ഥാനിലേക്കും ഉസ്ബെക്കിസ്ഥാനിലേക്കും റോക്കറ്റാക്രമണം നടത്തിയതായും സംഘടന അവകാശപ്പെടുന്നുണ്ട്.
2024 ജനുവരി ആദ്യം, ഖുദ്‌സ് ഫോഴ്‌സ് തലവന്‍ ഖാസിം സുലൈമാനിയെ യുഎസ് വധിച്ചതിന്‍റെ സ്‌മൃതി ദിനത്തില്‍, ഇറാനിലെ കെർമനിൽ രണ്ട് ഐസിസ്-കെ ചാവേറുകള്‍ സ്‌ഫോടനങ്ങൾ നടത്തിയിരുന്നു. 94 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനം അഫ്ഗാന്‍-പാക് മേഖലയുടെ അതിർത്തിക്കപ്പുറത്തേക്കുള്ള ഐസിസ്-കെയുടെ ആദ്യ ആക്രമണമായിരുന്നു.
നിലവില്‍ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടവുമായി താരതമ്യേന തീവത്ര കുറഞ്ഞ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുകയാണ് ഐസിസ്-കെ. അഫ്‌ഗാനിസ്ഥാനില്‍ നിന്ന് യുഎസിനെ തിരിച്ചയക്കുന്ന കാര്യത്തില്‍ ഐസിസ്-കെയും താലിബാനും ഒറ്റക്കെട്ടായിരുന്നു എങ്കിലും യുഎസ് പിൻവാങ്ങിയതോടെ കാര്യങ്ങള്‍ മാറി. ഐസിസ്-കെ വിഭാവനം ചെയ്യുന്ന ഇസ്ലാമിക ഭരണം സ്ഥാപിക്കുന്നതിനായി താലിബാൻ ഭരണകൂടത്തെ അട്ടിമറിക്കാനുമുള്ള ശ്രമങ്ങളിലാണ് സംഘടനയിപ്പോള്‍.
അതേസമയം താലിബാൻ സര്‍ക്കാര്‍, റെയ്ഡുകളിലൂടെ ഐസിസ്-കെയെ തകര്‍ക്കാനുള്ള ശ്രമത്തിലാണ്. ഐസിസ്-കെ തീവ്രവാദികളുടെ ആക്രമണങ്ങളിൽ നിന്ന് വിദേശ നയതന്ത്രജ്ഞരെയും നിക്ഷേപകരെയും സംരക്ഷിക്കാനും താലിബാന്‍ സര്‍ക്കാര്‍ കിണഞ്ഞു പരിശ്രമിക്കുകയാണ്.
എന്തിന് ഐസിസ്-കെ മോസ്കോയിലെ സംഗീത നിശയില്‍ ആക്രമണം നടത്തി?
ഇതാദ്യമായല്ല ഐഎസിസ്-കെ റഷ്യയെ ലക്ഷ്യമിടുന്നത്. 2022 സെപ്‌തംബറിൽ, കാബൂളിലെ റഷ്യൻ എംബസിയുടെ പ്രവേശന കവാടത്തിന് സമീപം ചാവേറാക്രമണം നടത്തിയിരുന്നു. രണ്ട് എംബസി ജീവനക്കാർ ഉൾപ്പടെ ആറ് പേരാണ് അന്ന് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ റഷ്യൻ നയതന്ത്രജ്ഞൻ മിഖായേൽ ഷാഖും സുരക്ഷാ വിദഗ്ധൻ കുഴുഗെത് അഡിഗ്ജിയും കൊല്ലപ്പെട്ടതായി റഷ്യൻ വിദേശകാര്യ മന്ത്രാലയം സമ്മതിച്ചിരുന്നു.
റഷ്യയുടെ പ്രസിഡന്‍റായി വ്‌ളാഡിമിർ പുടിൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് ദിവസങ്ങൾക്ക് ശേഷമാണ് ക്രോക്കസ് സിറ്റി ഹാളിൽ ആക്രമണമുണ്ടായത്. പുടിനുമായി ഇസ്ലാമിക് സ്റ്റേറ്റിന് ദീർഘകാല ശത്രുതയുണ്ട്. സിറിയയിലെ റഷ്യയുടെ സൈനിക ഇടപെടലാണ് പുടിനോടുള്ള ഇസ്ലാമിക് സ്റ്റേറ്റിന്‍റെ എതിർപ്പിന്‍റെ പ്രധാന കാരണങ്ങളിലൊന്ന്. ഇസ്ലാമിക് സ്റ്റേറ്റിനും മറ്റ് വിമത ഗ്രൂപ്പുകൾക്കുമെതിരെ വ്യോമാക്രമണം ഉൾപ്പെടെ നടത്തുന്ന ബശ്ശാർ അൽ-അസാദിന്‍റെ സിറിയൻ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സിറിയയിലെ സംഘടനയുടെ അഭിലാഷങ്ങളെ വെല്ലുവിളിക്കുന്ന പുടിനോട് കടുത്ത ശത്രുതയാണ് സംഘടനയ്‌ക്കുള്ളത്. റഷ്യയുടെ സൈനിക ഇടപെടൽ, ഇസ്ലാമിക് സ്റ്റേറ്റിന്‍റെ നിയന്ത്രണത്തെ കാര്യമായി ദുർബലപ്പെടുത്തുകയും സംഘടനയുടെ വിപുലീകരണത്തെ തടസപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
ഇക്കാരണം കൊണ്ടുതന്നെ പുടിനെ ഇസ്‌ലാമിന്‍റെയും മുസ്‌ലിംകളുടെയും ശത്രുവായി പ്രഖ്യാപിച്ചിരിക്കുകയാണ് ഇസ്‌ലാമിക് സ്‌റ്റേറ്റ്. സിറിയയിലെയും മറ്റ് പ്രദേശങ്ങളിലെയും സംഘർഷത്തെ, ഇസ്‌ലാമും പുടിന്‍ ഉൾപ്പെടെയുള്ള ശത്രുക്കളും തമ്മില്‍ നടക്കുന്ന പോരാട്ടമായി ചിത്രീകരിച്ച്, റഷ്യയുടെ വടക്കൻ പ്രദേശങ്ങളില്‍ നിന്നും മധ്യേഷ്യ എന്നിവയുൾപ്പെടെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ നിന്നും കൂടുതല്‍ അണികളെ ആകര്‍ഷിക്കുകയാണ് ഇസ്ലാമിക് സ്റ്റേറ്റിന്‍റെ ലക്ഷ്യം. ഇതിന്‍റെ ഭാഗമാണ് ഇപ്പോഴുണ്ടായിരിക്കുന്ന ആക്രമണം.