വാഷിങ്ടണ്‍: യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പില്‍ നിന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയും നിലവിലെ യുഎസ് പ്രസിഡൻ്റുമായ ജോ ബൈഡന്‍ പിന്മാറിയതില്‍ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഇലോൺ മസ്‌ക്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് മസ്‌ക് ഇതു സംബന്ധിച്ച് പ്രതികരിച്ചത്. പ്രസിഡൻ്റ് തെരഞ്ഞെടുപ്പില്‍ നിന്ന് ജോ ബൈഡന്‍ പിന്മാറുമെന്ന് വിവേക് രാമസ്വാമി പ്രതികരിക്കുന്ന വീഡിയോ റീ ട്വീറ്റ് ചെയ്‌തുകൊണ്ടാണ് മസ്‌ക് വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
Simple incentives explain almost everything. A complex explanation is rarely needed. https://t.co/hBnhaSwVNk
— Elon Musk (@elonmusk) July 21, 2024
അതേസമയം യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറുകയാണെന്ന് പ്രഖ്യാപിച്ച ജോ ബൈഡന്‍ സ്ഥാനാര്‍ഥിയായി കമലാഹാരിസിനെ നാമനിർദേശം ചെയ്യുകയായിരുന്നു. വാർത്താക്കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്. പാര്‍ട്ടിയുടേയും രാജ്യത്തിൻ്റേയും താത്പര്യം മുൻനിർത്തിയാണ് ഈ തീരുമാനമെന്നാണ് ബൈഡൻ പറഞ്ഞത്.
കമലയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായി അദ്ദേഹം എക്‌സിൽ കുറിച്ചു. ഒന്നിച്ചുനിന്ന് ട്രംപിനെ തോൽപ്പിക്കണമെന്നും ഡെമോക്രാറ്റിക് പാർട്ടിയെ പിന്തുണയ്ക്കുന്നവരോട് അദ്ദേഹം ആഹ്വാനം ചെയ്‌തു. കഴിഞ്ഞ മൂന്നരവര്‍ഷംകൊണ്ട് യുഎസ് വലിയ മുന്നേറ്റമുണ്ടാക്കിയെന്നും ഇന്ന് ലോകത്തെ ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥ അമേരിക്കയുടേതാണെന്നും, പിന്മാറ്റം പ്രഖ്യാപിച്ചുകൊണ്ടുള്ള വാര്‍ത്താക്കുറിപ്പില്‍ ജോ ബൈഡന്‍ പറഞ്ഞിരുന്നു.
സുപ്രീം കോടതിയില്‍ ആദ്യമായി ഒരു അമേരിക്കന്‍-ആഫ്രിക്കന്‍ വനിതയെ നിയമിച്ചതും കൊവിഡ് കാലത്തെ മറികടന്നതും ഉള്‍പ്പടെയുള്ള നേട്ടങ്ങളും അദ്ദേഹം എണ്ണിപ്പറഞ്ഞു. അതേസമയം റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപുമായി ജൂണില്‍ നടന്ന സംവാദത്തിലെ ദുര്‍ബലമായ പ്രകടനത്തെ തുടര്‍ന്ന് സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് പിന്മാറാന്‍ ജോ ബൈഡനുമേല്‍ പാര്‍ട്ടിയില്‍നിന്ന് വലിയ സമ്മര്‍ദമുണ്ടായിരുന്നു.
Also Read: ബൈഡന്‍ പിന്മാറി; യുഎസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് കമല ഹാരിസ് മത്സരിച്ചേക്കും