ന്യൂയോർക്ക്: ലോക്‌സഭ തെരഞ്ഞെടുപ്പിൽ വിജയിച്ച് വീണ്ടും അധികാരത്തിലേറുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ തെരഞ്ഞെടുപ്പിലെ വിജയത്തിന് നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങൾ എന്ന് അദ്ദേഹം എക്‌സ് പോസ്റ്റില്‍ പറഞ്ഞു. തന്‍റെ കമ്പനികള്‍ ഇന്ത്യയില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുപ്പിന് മുന്‍പ് മസ്‌ക് ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നതാണ്. എന്നാല്‍, ഔദ്യോഗിക തിരക്കുകള്‍ കാരണമായിരുന്നു മസ്‌ക് ഇന്ത്യയിലേക്കുള്ള തന്‍റെ യാത്ര മാറ്റി വച്ചത്. നരേന്ദ്ര മോദി വീണ്ടും അധികാരത്തിലേറുന്നതോടെ മസ്‌ക് ഈ വര്‍ഷം തന്നെ ഇന്ത്യയിലേക്ക് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കഴിഞ്ഞ വർഷം ജൂണിൽ നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശന വേളയിൽ മസ്‌ക് മോദിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. തൻ്റെ സാറ്റ്‌കോം സംരംഭമായ സ്‌റ്റാർലിങ്കിനൊപ്പം ഇലക്‌ട്രിക് കാർ നിർമ്മാതാക്കളായ ടെസ്‌ലയ്ക്ക് രാജ്യത്ത് ഷോപ്പ് സ്ഥാപിക്കാനുള്ള പദ്ധതികൾ എലോൺ മസ്‌ക് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷകൾ മോദിയുടെ നിർദിഷ്‌ട സന്ദർശനം ഉയർത്തിയിരുന്നു.
ഇന്ത്യയിൽ ടെസ്‌ലയുടെ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള പദ്ധതികൾ മസ്‌ക് പ്രഖ്യാപിക്കുമെന്നും കോടിക്കണക്കിന് ഡോളറിൻ്റെ നിക്ഷേപവും ടെസ്‌ല ഇലക്ട്രിക് കാറുകൾ ഇന്ത്യയിൽ വിൽക്കുന്നതിനുള്ള മുന്നോട്ടുള്ള വഴിയും ഉണ്ടാകുമെന്നും നരേന്ദ്ര മോദി പ്രതീക്ഷിച്ചിരുന്നു. ഇലക്‌ട്രിക് കാറുകൾ മാത്രമല്ല, തൻ്റെ സാറ്റലൈറ്റ് ഇൻ്റർനെറ്റ് ബിസിനസ് സ്‌റ്റാർലിങ്കിനായി അദ്ദേഹം ഇന്ത്യൻ വിപണിയിലും ഉറ്റുനോക്കുന്നു, മാത്രമല്ല അതിന് റെഗുലേറ്ററി അനുമതികൾക്കായി കാത്തിരിക്കുകയാണ്.
രാജ്യത്ത് ടെസ്‌ല കാറുകൾ വിൽക്കാൻ കഴിയുന്നതിന് ഇന്ത്യയിൽ ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന് എലേൺ മസ്‌ക് നേരത്തെ ആവശ്യപ്പെട്ടിരുന്നു. പുതിയ ഇലക്‌ട്രിക് വാഹന നയം സർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഏപ്രിലിൽ ഇന്ത്യ സന്ദർശിക്കാനുള്ള മസ്‌ക്ക് പദ്ധതിയിട്ടത്. കുറഞ്ഞത് 500 മില്യൺ ഡോളർ നിക്ഷേപത്തിൽ രാജ്യത്ത് നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കുന്ന കമ്പനികൾക്ക് ഇറക്കുമതി തീരുവ ഇളവുകൾ നൽകും. ടെസ്‌ലയെപ്പോലുള്ള പ്രമുഖ ആഗോള കമ്പനികളെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള നീക്കമാണിത്.
ALSO READ : 'ടെസ്‌ലയില്‍ ഒരുപാട് ജോലികള്‍ ബാക്കി'; ഇന്ത്യ സന്ദര്‍ശനം റദ്ധാക്കി എലോണ്‍ മസ്‌ക്