ദുബായ് : 35 ബില്യൺ ഡോളർ ചെലവിൽ 400 ഗേറ്റുകളും അഞ്ച് സമാന്തര റൺവേകളുമുള്ള ലോകത്തെ ഏറ്റവും വലിയ എയർപോർട്ട് ടെർമിനല്‍ നിര്‍മ്മിക്കാൻ ദുബായ്. അല്‍ മക്തൂം ഇന്‍റര്‍നാഷണല്‍ എയർപോർട്ട് എന്ന പേരിലാകും പുതിയ വിമാനത്താവളം അറിയപ്പെടുക. പുതിയ വിമാനത്താവളത്തിന്‍റെ യാത്രാടെര്‍മിനലിന് വേണ്ടി തയ്യാറാക്കിയ രൂപരേഖയ്‌ക്ക് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്‍കിയിട്ടുണ്ട്.
പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം, തുറമുഖം, നഗരകേന്ദ്രം എന്നീ സവിശേഷതകള്‍ ദുബായ്‌ക്ക് സ്വന്തമാകുമെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എക്‌സില്‍ പോസ്റ്റ് ചെയ്‌ത സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു. ഭാവിയില്‍ 26 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാൻ ശേഷിയുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ എയര്‍പോര്‍ട്ടായി അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 70 ചതുരശ്ര കിലോമീറ്റര്‍ വിസ്‌തൃതിയിലാകും ഇവിടെ 400 എയര്‍ക്രാഫ്‌റ്റ് ഗേറ്റുകള്‍ സജ്ജമാക്കുക.
നിര്‍മാണം കഴിയുന്നതോടെ നിലവില്‍ ഉള്ള ദുബായ് എയര്‍പോര്‍ട്ടിന്‍റെ അഞ്ചിരട്ടി വലിപ്പം ആയിരിക്കും പുതിയ വിമാനത്താവളത്തിന് ഉണ്ടായിരിക്കുക. ദുബായ് ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ പ്രവര്‍ത്തനങ്ങള്‍ പതിയെ ഇവിടേക്ക് മാറ്റും. വ്യോമയാന മേഖലയില്‍ ഇതുവരെ ആരും ഉപയോഗിച്ചിട്ടില്ലാത്ത സാങ്കേതിക വിദ്യകളായിരിക്കും അല്‍ മുക്തൂം ഇന്‍റര്‍നാഷണല്‍ എയർപോർട്ടില്‍ ഉപയോഗിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.
ദുബായിലെ ജബല്‍ അലി പ്രദേശത്ത് ആണ് പുതിയ വിമാനത്താവളം ഒരുങ്ങുന്നത്. പുതിയ വിമാനത്താവളത്തിന്‍റെ ഭാഗമായി തെക്കൻ ദുബായില്‍ വിശാലമായ എയര്‍പോര്‍ട്ട് സിറ്റിയും നിര്‍മിക്കാൻ അധികൃതര്‍ ആലോചിക്കുന്നുണ്ട്. 10 ലക്ഷം പേര്‍ക്ക് ഇവിടെ പാര്‍പ്പിട സൗകര്യം ഒരുക്കുന്നതും ആലോചനയിലുണ്ട്. ഇതോടെ ഇവിടം ലോജിസ്റ്റിക്, എയര്‍ ട്രാൻസ്‌പോര്‍ട്ട് മേഖലയിലെ പ്രധാനികളുടെ കേന്ദ്രമായി മാറുമെന്നും അധികൃതര്‍ പ്രതീക്ഷിക്കുന്നു.