ജനീവ: സ്വതന്ത്ര പലസ്‌തീൻ എന്ന രാഷ്‌ട്രത്തിന്‍റെ അവകാശത്തിനായി യുഎൻ മനുഷ്യാവകാശ കൗൺസിലിന്‍റെ കരട് പ്രമേയത്തില്‍ അനുകൂലമായി വോട്ട് ചെയ്‌ത് ഇന്ത്യ. ഇന്ത്യയുൾപ്പെടെ 42 അംഗ രാജ്യങ്ങളുടെ പിന്തുണയോടെ കരട് പ്രമേയം പാസായി. 47 അംഗ കൗൺസിലിൽ യുഎസും പരാഗ്വേയും മാത്രമാണ് പ്രമേയത്തിന് എതിരെ വോട്ട് ചെയ്‌തത്. അൽബേനിയ, അർജന്‍റീന, കാമറൂൺ എന്നീ അംഗ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നു.
സ്വാതന്ത്ര്യത്തിലും നീതിയിലും അന്തസിലും ജീവിക്കാനുള്ള പലസ്‌തീന്‍ ജനയുടെ അവകാശവും, സ്വതന്ത്ര പലസ്‌തീന്‍ രാഷ്‌ട്രത്തിന്‍റെ ആവശ്യകതയും ഉൾപ്പെടെയുള്ള പലസ്‌തീന്‍ ജനതയുടെ സ്വയം നിർണ്ണയാവകാശം പ്രമേയത്തില്‍ എടുത്തു പറഞ്ഞു. അന്താരാഷ്‌ട്ര നിയമങ്ങൾക്കും ഐക്യരാഷ്‌ട്ര പ്രമേയങ്ങള്‍ക്കും അനുസൃതമായി ഇസ്രായേൽ-പലസ്‌തീന്‍ സംഘർഷത്തിന് ശാശ്വതമായ പരിഹാരം കൈവരിക്കേണ്ടതിന്‍റെ ആവശ്യകതയും പ്രമേയത്തില്‍ പ്രതിപാദിക്കുന്നുണ്ട്.
കിഴക്കൻ ജറുസലേം ഉൾപ്പെടെയുള്ള പലസ്‌തീൻ പ്രദേശത്തെ ഇസ്രയേല്‍ അധിനിവേശം ഉടൻ അവസാനിപ്പിക്കണമെന്നും പലസ്‌തീന്‍റെ രാഷ്‌ട്രീയ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും തടസം നില്‍ക്കരുതെന്നും പ്രമേയം ആവശ്യപ്പെടുന്നു.
Also Read : 'പലസ്‌തീനെ സ്വതന്ത്രമാക്കൂ'; ഇസ്രായേൽ എംബസിക്ക് മുന്നില്‍ ജീവനൊടുക്കി അമേരിക്കൻ വ്യോമ സേനാംഗം