ചാൾസ്‌റ്റണ്‍: മുൻ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് അമേരിക്കയുടെ തെക്കൻ സ്‌റ്റേറ്റായ കരോലിനയിലെ പ്രൈമറിയിൽ വിജയിച്ചതായി പ്രമുഖ അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഇന്ത്യൻ-അമേരിക്കൻ സ്ഥാനാര്‍ത്ഥിയും മുൻ യുഎൻ അംബാസഡറുമായ നിക്കി ഹാലിയെയാണ് തോൽപ്പിച്ചത്. ശനിയാഴ്‌ച വോട്ടെടുപ്പ് അവസാനിച്ച് മിനിറ്റുകൾക്ക് ശേഷമാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്.
അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള പൊതുതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കാനുള്ള നാലാം റിപ്പബ്ലിക്കന്‍ പ്രൈമറിയിലാണ് ട്രംപിന്‍റെ വിജയം. റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ പ്രൈമറികളായ അയോവ, ന്യൂ ഹാംഷെയർ, നെവാഡ, സൗത്ത് കരോലിന എന്നിവിടങ്ങളിൽ തുടർച്ചയായ നാല് വിജയങ്ങളാണ് ട്രംപിനെ തേടിയെത്തിയത്.
കരോലിനയിലെ വിജയം ട്രംപിന് ഹാലിയെക്കാൾ നിർണായകമായ മുൻതൂക്കം നൽകാൻ ഇടയാക്കി. രണ്ട് തവണ സൗത്ത് കരോലിനയുടെ ഗവർണറായിരുന്ന ഹാലിക്ക് ട്രംപിന്‍റെ വിജയം കനത്ത തിരിച്ചടിയാണ്. മുന്‍പ് നടന്ന പ്രൈമറികളില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടി മത്സരിച്ചിരുന്ന പല റിപ്പബ്ലിക്കന്‍ നേതാക്കളും പിന്മാറിയിരുന്നു.
അതേസമയം ഒരു സ്ഥാനാർത്ഥിക്ക് പാർട്ടിയുടെ നാമനിർദ്ദേശം ലഭിക്കാൻ 1,215 പ്രതിനിധികൾ ആവശ്യമാണ്. ഇതുവരെ ഹേലി 17 പ്രതിനിധികളെയും ട്രംപ് 92 പേരെയും വിജയിപ്പിച്ചു. സൗത്ത് കരോലിനയിലെ വിജയം 15 മിനിറ്റ് ആഘോഷിച്ച് വീണ്ടും ജോലിയിലേക്ക് തന്നെ മടങ്ങാമെന്ന് കൊളംബിയയിൽ നടത്തിയ വിജയ പ്രസംഗത്തിൽ ട്രംപ് പറഞ്ഞു. എന്നാൽ 16 സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്ന മാർച്ച് അഞ്ചാം തീയതിയിലാണ് തന്‍റെ പ്രതീക്ഷയെന്ന് നിക്കി ഹാലി വ്യക്തമാക്കി.