ഒഹിയോ : അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനല്ല താനാണ് സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതെന്ന് മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പില്‍ താന്‍ തോറ്റാൽ രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഒഹിയോയിൽ, സെനറ്റ് സ്ഥാനാർത്ഥി ബെർണി മൊറേനോയ്ക്ക് വേണ്ടി പ്രചാരണം നടത്തവേയാണ് ട്രംപിന്‍റെ പരാമര്‍ശം. മത്സരത്തിൽ താൻ തെരഞ്ഞെടുത്ത സ്ഥാനാർത്ഥി അമേരിക്കയിലെ ആദ്യ ചാമ്പ്യൻ ആണെന്നും ഒഹിയോ കമ്മ്യൂണിറ്റികൾക്ക് വേണ്ടി തന്‍റെ ജീവിതം ഉഴിഞ്ഞുവച്ചയാളാണെന്നും ട്രംപ് ഡെയ്‌ട്ടണില്‍ പ്രസംഗിച്ചു. അദ്ദേഹം വാഷിംങ്ടണിലെ യോദ്ധാവാകാൻ പോവുകയാണ് എന്നും ട്രംപ് പറഞ്ഞു.
പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മൊറേനോ, സ്‌റ്റേറ്റ് സെക്രട്ടറിയായ ഫ്രാങ്ക് ലാറോസിനെയും സ്‌റ്റേറ്റ് സെനറ്ററായ മാറ്റ് ഡോളനെയും ചൊവ്വാഴ്‌ച നേരിടും. ലാറോസും മൊറേനോയും പാർട്ടിയുടെ ട്രംപ് അനുകൂല വിഭാഗമാണ്. അതേസമയം ഡോളനെ പിന്തുണയ്‌ക്കുന്നത് ഗവർണർ മൈക്ക് ഡിവൈനും മുൻ സെനറ്റർ റോബ് പോർട്ട്‌മാനും ഉൾപ്പെടുന്ന റിപ്പബ്ലിക്കൻ പാര്‍ട്ടി വിഭാഗമാണ്.
മൊറേനോയുടെ സ്ഥാനാർത്ഥിത്വത്തെ പിന്തുണയ്ക്കുന്ന ഗ്രൂപ്പായ ബക്കി വാല്യൂസ് പിഎസിയാണ് ശനിയാഴ്‌ച റാലി സംഘടിപ്പിച്ചത്. തന്‍റെ അശ്ലീലം നിറഞ്ഞ പതിവ് പ്രസംഗ ശൈലി തന്നെയാണ് ട്രംപ് ഒഹിയോയിലെ വേദിയിലും ഉപയോഗിച്ചത്.
'ഞാൻ തെരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ അത് ഒരു രക്തച്ചൊരിച്ചിലായിരിക്കും. രാജ്യത്ത് ഒരു രക്തച്ചൊരിച്ചിലുണ്ടാകും.' രാജ്യത്തെ വാഹന വ്യവസായത്തിൽ ഓഫ്‌ഷോറിംഗിന്‍റെ ആഘാതത്തെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു ട്രംപിന്‍റെ പരാമര്‍ശം. വിദേശ നിർമ്മിത കാറുകളുടെ താരിഫ് വർദ്ധിപ്പിക്കാനുള്ള തന്‍റെ പദ്ധതികളെക്കുറിച്ചും ട്രംപ് പറഞ്ഞു. ഈ തെരഞ്ഞെടുപ്പ് വിജയിച്ചില്ലെങ്കിൽ ഈ രാജ്യത്ത് ഇനിയൊരു തെരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
2016ലെ റിപ്പബ്ലിക്കൻ പ്രൈമറിയിൽ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ച മാർക്കോ റൂബിയോയെ പിന്തുണച്ച വ്യക്തിയാണ് ബിസിനസുകാരനായ മൊറേനോ. അക്കാലത്ത് ട്രംപ് വിമർശകനായിരുന്നു മൊറേനോ. ട്രംപിന്‍റെ വാക്കുകള്‍ കേള്‍ക്കുന്നത്, നിങ്ങളെ അസ്വസ്ഥമാക്കുന്ന ഒരു വാഹനാപകടം കാണുന്നത് പോലെയാണ്. നിങ്ങൾക്കത് കാണുന്നത് എപ്പോള്‍ വേണമെങ്കിലും നിർത്താം എന്ന് മൊറേനോ ഒരിക്കല്‍ ട്വീറ്റ് ചെയ്‌തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന റാലിയില്‍ ട്രംപിനെ മഹാനായ അമേരിക്കക്കാരൻ എന്നാണ് മൊറേനോ പ്രശംസിച്ചത്. ട്രംപിനെ വിമർശിച്ച പാർട്ടിയിലുള്ളവർക്കെതിരെ മൊറേനോ ആഞ്ഞടിക്കുകയും ചെയ്‌തു . മൊറേനോയ്‌ക്കെതിരെ കടുത്ത വ്യാജ ആരോപണങ്ങളാണ് ഉയരുന്നതെന്ന് ട്രംപ് പറഞ്ഞു. ഞങ്ങൾ അത് കാര്യമാക്കാന്‍ പോകുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.
മൊറേനോയ്‌ക്കെതിരെ സമീപകാലങ്ങില്‍ ഉയര്‍ന്നു വന്ന ആരോപണങ്ങള്‍ മുഴുവന്‍ ട്രംപ് തള്ളി. വർഷങ്ങളായി താൻ നേരിടുന്ന ആക്രമണങ്ങള്‍ക്ക് സമാനമാണിതെന്ന് ട്രംപ് പറഞ്ഞു. 2008-ൽ, മൊറേനോയുടെ വർക്ക് ഇമെയിൽ അക്കൗണ്ടില്‍ ആക്‌സസ് ഉള്ള ആരോ ഒരാൾ അശ്ലീല വെബ്‌സൈറ്റില്‍ ഒരു പ്രൊഫൈൽ സൃഷ്‌ടിച്ചതായി അസോസിയേറ്റഡ് പ്രസ് വ്യാഴാഴ്‌ച റിപ്പോർട്ട് ചെയ്‌തിരുന്നു. ഇത് മൊറേനോ തന്നെ സൃഷ്‌ടിച്ചതാണെന്ന് മാധ്യമത്തിന് കൃത്യമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിരുന്നില്ല. അക്കൗണ്ട് സൃഷ്‌ടിച്ചത് ഒരു മുൻ ഇന്‍റേണ്‍ ആണെന്നും ഇയാള്‍ മൊഴി നൽകിയിട്ടുണ്ടെന്നും മൊറേനോയുടെ അഭിഭാഷകൻ വ്യക്തമാക്കി. പ്രൊഫൈലിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പൊതുതെരഞ്ഞെടുപ്പിൽ മൊറേനോയ്ക്ക് തിരിച്ചടിയാകുമെന്നാണ് മുതിർന്ന റിപ്പബ്ലിക്കൻ പ്രവർത്തകരുടെ വിലയിരുത്തല്‍.
Also Read : യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: ബൈഡനും ട്രംപും വീണ്ടും നേര്‍ക്കുനേര്‍
അതേസമയം അതിർത്തി കൈകാര്യം ചെയ്യുന്നതിലും കുടിയേറ്റ പ്രതിസന്ധിയിലും ബൈഡന് വീഴ്‌ച പറ്റിയെന്ന് ട്രംപ് വിമർശിച്ചു. ഡോളന്‍ ദുർബലനാണെന്നും പേരിൽ മാത്രമാണ് റിപ്പബ്ലിക്കൻ എന്നും ട്രംപ് പറഞ്ഞു. ഡോളന്‍റെ കുടുംബത്തെയും ട്രംപ് കടന്നാക്രമിച്ചു. ഒഹിയോ സെനറ്റർ ജെഡി വാൻസും സൗത്ത് ഡക്കോട്ട ഗവർണർ ക്രിസ്‌റ്റി നോയവും റാലിയിൽ ട്രംപിനൊപ്പം പങ്കെടുത്തിരുന്നു. ഇരുവരെയും വൈസ് പ്രസിഡന്‍റ് സ്ഥാനാർത്ഥി പട്ടികയിലാണ് പ്രതീക്ഷിക്കുന്നത്. മൊറേനോയെ പിന്തുണയ്ക്കാനുള്ള ട്രംപിന്‍റെ തീരുമാനം ലാറോസിന് വലിയ തിരിച്ചടിയായിരുന്നു. ചൊവ്വാഴ്‌ച നടക്കുന്ന ആദ്യ ഘട്ടത്തിലെ വിജയി മൂന്നാം ഘട്ടത്തില്‍ സെനറ്റർ ഷെറോഡ് ബ്രൗണിനെ നേരിടും.