വാഷിങ്ടണ്‍: അടുത്തമാസം പത്തിന് എബിസി ന്യൂസില്‍ കമല ഹാരിസുമൊത്തുള്ള സംവാദത്തിനില്ലെന്ന് വ്യക്തമാക്കി മുന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. പകരം അടുത്തമാസം നാലിന് വൈസ് പ്രസിഡന്‍റ് കമലഹാരിസുമായി ഫോക്‌സ് ന്യൂസില്‍ സംവാദമാകാമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം സെപ്റ്റംബര്‍ പത്തിന് താന്‍ എബിസി ന്യൂസിലുണ്ടാകുമെന്ന് ട്രംപിനുള്ള മറുപടി ട്വീറ്റില്‍ കമല വ്യക്തമാക്കി. ഏത് സമയവും എപ്പോള്‍ വേണമെങ്കിലും എവിടെ വച്ചും എന്നതിന് പകരം, നിര്‍ദിഷ്‌ടസമയത്ത്, പ്രത്യേക സുരക്ഷിത ഇടത്ത് എന്നത് ഏറെ രസകരമാണെന്നും കമല എക്സില്‍ കുറിച്ചു. മുന്‍ധാരണയനുസരിച്ചുള്ള സെപ്റ്റംബര്‍ പത്തിന് താന്‍ അവിടെയുണ്ടാകുമെന്നും കമല ആവര്‍ത്തിച്ച് വ്യക്തമാക്കി.
ട്രംപ് സ്വന്തം ഇഷ്‌ടമനുസരിച്ച് സ്വന്തം സാമൂഹ്യ മാധ്യമ സൈറ്റായ ദ ട്രൂത്ത് സോഷ്യല്‍ വഴി നടത്തിയ പ്രഖ്യാപനത്തെ കമലയുടെ ക്യാമ്പ് വിമര്‍ശിച്ചു. കമലയ്ക്ക് ട്രംപിനെക്കാള്‍ ജനപിന്തുണയുണ്ടെന്നതും പൊതുസംവാദങ്ങളില്‍ പ്രസിഡന്‍റ് ജോ ബൈഡനെക്കാള്‍ കമലയെ ട്രംപ് ഭയപ്പെടുന്നുവെന്നതുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ജൂണില്‍ ട്രംപും ബൈഡനുമായി നടന്ന സംവാദത്തില്‍ ബൈഡന് മികച്ച പ്രകടനം നടത്താനായിരുന്നില്ല. ഇതാണ് അദ്ദേഹത്തിന് സ്ഥാനാര്‍ത്ഥിത്വം നഷ്‌ടമാകാനും കമലയ്ക്ക് നറുക്ക് വീഴാനും കാരണം.
ഡൊണാള്‍ഡ് ട്രംപ് സംവാദത്തില്‍ നിന്ന് പേടിച്ച് ഓടുകയാണെന്നും നേരത്തെ ഏറ്റ സംവാദത്തിന് എത്തുകയാണ് വേണ്ടതെന്നും കമലയുടെ കമ്യൂണിക്കേഷന്‍ മേധാവി മൈക്കിള്‍ ടെയ്‌ലര്‍ പറഞ്ഞു. ഇത്തരം കളികള്‍ അദ്ദേഹം നിര്‍ത്തണമെന്നും ടെയ്‌ലര്‍ ആവശ്യപ്പെട്ടു. എബിസി സംവാദത്തിന് എത്തിയാല്‍ മാത്രമേ മുന്നോട്ടുള്ള മറ്റ് സംവാദങ്ങള്‍ക്ക് കമല തയാറാകൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം എബിസി ന്യൂസ് സംവാദവുമായി മുന്നോട്ട് പോകുമോയെന്ന് വ്യക്തമാക്കിയിട്ടില്ല.
തനിക്ക് കമലയുമായി അടുത്തമാസം നാലിന് തന്നെ സംവാദം നടത്തണമെന്നും അതിന് സാധിച്ചില്ലെങ്കില്‍ പിന്നീട് ഒരിക്കലും അവരുമായി സംവാദത്തിനുണ്ടാകില്ലെന്നും ട്രംപ് പിന്നീട് സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു. പെന്‍സില്‍വാനിയയിലാണ് ഈ സംവാദം. ബൈഡനും ട്രംപും തമ്മിലുള്ള സംവാദം സിഎന്‍എന്‍ കാണികളില്ലാതെയാണ് സംഘടിപ്പിച്ചത്. സിഎന്‍എന്‍ സംവാദത്തിലെ നിയമങ്ങള്‍ക്കനുസരിച്ചാകും പുതിയ സംവാദമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം എന്ത് നിയമങ്ങള്‍ എന്ന് വ്യക്തമാക്കിയിട്ടില്ല.
പ്രായാധിക്യം ചൂണ്ടിക്കാട്ടി ബൈഡന്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് പാത്രമായിരുന്നു. തുടര്‍ന്നാണ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍മാറാന്‍ തീരുമാനമായത്. അതേസമയം ബൈഡനെ ഭീഷണിപ്പെടുത്തി സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍മാറ്റിയതാണെന്ന ആരോപണവുമായി ട്രംപ് രംഗത്ത് എത്തിയിരുന്നു.