ന്യൂയോർക്ക് : ക്രിപ്‌റ്റോ കറന്‍സിയുടെ രാജാവ് എന്നറിയപ്പെട്ടിരുന്ന സാം ബാങ്ക്മാൻ ഫ്രൈഡിനെ 25 വർഷത്തെ തടവിന് ശിക്ഷിച്ച് അമേരിക്കന്‍ കോടതി. ഡിജിറ്റൽ കറൻസി കൈമാറ്റം ചെയ്യുന്നതിനുള്ള ലോകത്തിലെ ഏറ്റവും ജനപ്രിയ പ്ലാറ്റ്‌ഫോമുകളിലൊന്നായ എഫ്‌ടിഎക്‌സിന്‍റെ തകർച്ചയോടെ പുറത്തുവന്ന വൻ തട്ടിപ്പിനെ തുടര്‍ന്നാണ് കമ്പനി സ്ഥാപകനായ സാമിനെതിരെ നടപടികള്‍ ആരംഭിച്ചത്. യുഎസ് ഡിസ്ട്രിക്റ്റ് ജഡ്‌ജി ലൂയിസ് എ കപ്ലാൻ മാൻഹട്ടൻ കോടതി മുറിയിലാണ് ശിക്ഷ വിധിച്ചത്.
32 കാരനായ ബാങ്ക്മാൻ ഫ്രൈഡ് വഞ്ചനാ കുറ്റത്തിനും ഗൂഢാലോചനയ്ക്കും നവംബറിൽ ശിക്ഷിക്കപ്പെട്ടിരുന്നു. ഭാവിയിൽ ഈ മനുഷ്യൻ വളരെ മോശമായ എന്തെങ്കിലും ചെയ്യാൻ സാധ്യതയുണ്ട്. അത് തടയാനാണ് ഈ നടപടി എന്നാണ് വിധി പ്രസ്‌താവിച്ചുകൊണ്ട് കോടതി പറഞ്ഞത്.
ബാങ്ക്മാൻ ഫ്രൈഡിന്‍റെ 11 ബില്യൺ ഡോളർ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. മറ്റ് തടവുകാർക്കോ ജയിൽ ജീവനക്കാർക്കോ ശാരീരിക ഭീഷണിയാകാൻ സാധ്യതയില്ലാത്തതിനാൽ, സാൻ ഫ്രാൻസിസ്കോ ഏരിയയ്ക്ക് സമീപമുള്ള ഇടത്തരം സുരക്ഷാ ജയിലിലോ അതിൽ കുറഞ്ഞതോ ആയ ജയിലിലേക്ക് അയക്കാൻ ഫെഡറൽ ബ്യൂറോ ഓഫ് പ്രിസൺസിനെ ഉപദേശിക്കുകയും ചെയ്‌തു. ബാങ്ക്മാന്‍റെ ഓട്ടിസവും അന്തര്‍മുഖ സ്വഭാവവും ഉയർന്ന സുരക്ഷാ ജയിലില്‍ അദ്ദേഹത്തിന് മറ്റ് തടവുകാരാല്‍ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു.
40 മുതൽ 50 വർഷം വരെ തടവ് ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂട്ടർമാർ ശുപാർശ ചെയ്‌തത്. 'പ്രതി ഒന്നിലധികം വർഷങ്ങളായി നിരവധി ഭൂഖണ്ഡങ്ങളിലായി പതിനായിരക്കണക്കിന് ആളുകളെയും കമ്പനികളെയും തട്ടിപ്പിന് ഇരകളാക്കി. ഇടപാടുകാരിൽ നിന്ന് പണം തട്ടിയെടുത്തു. നിക്ഷേപകരോട് കള്ളം പറഞ്ഞു. കടം കൊടുക്കുന്നവർക്ക് വ്യാജ രേഖകൾ അയച്ചു. ദശലക്ഷക്കണക്കിന് ഡോളർ നിയമവിരുദ്ധമായി നമ്മുടെ രാഷ്‌ട്രീയ വ്യവസ്ഥിതിയിൽ നിക്ഷേപിച്ചു. വിദേശ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകുകയും ചെയ്‌തു. ഈ കുറ്റകൃത്യങ്ങൾ എല്ലാം ദീർഘമായ ശിക്ഷയ്ക്ക് അർഹമാണ്'. പ്രോസിക്യൂട്ടർമാർ കോടതിയിൽ പറഞ്ഞു.
ബിറ്റ്‌കോയിൻ മുതൽ ഷിബ ഇനു കോയിൻ പോലുള്ള കൂടുതൽ അവ്യക്തമായ വെർച്വൽ കറൻസികൾ വാങ്ങാൻ എഫ്‌ടിഎക്‌സ് നിക്ഷേപകരെ അനുവദിച്ചിരുന്നു. നിക്ഷേപകര്‍ കോടിക്കണക്കിന് ഡോളർ പണം ഒഴുകിയിരുന്നു. എന്നാൽ 2022-ലെ ക്രിപ്‌റ്റോ കറൻസി വിലകളുടെ തകർച്ച എഫ്‌ടി എക്‌സിനെ ബാധിക്കുകയും കമ്പനിയുടെ തകർച്ചയിലേക്ക് നയിക്കുകയുമായിരുന്നു.