തായ്‌പേയ് : തായ്‌വാനിൽ ആറ് ചൈനീസ് സൈനിക വിമാനങ്ങളും ആറ് നാവിക കപ്പലുകളും നാല് കോസ്റ്റ് ഗാർഡ് കപ്പലുകളും കണ്ടെത്തിയതായി ദേശീയ പ്രതിരോധ മന്ത്രാലയം. ഇന്നലെ (ജൂൺ 6) പുലർച്ചെ 6നും ഇന്ന് പുലർച്ചെ 6നും ഇടയിലാണ് സൈനിക വിമാനങ്ങളടക്കം കണ്ടെത്തിയതെന്ന് തായ്‌വാൻ ന്യൂസ് റിപ്പോർട്ട് ചെയ്‌തു. ദേശീയ പ്രതിരോധ മന്ത്രാലയം പറയുന്നത് പ്രകാരം തായ്‌വാനിലെ എയർ ഡിഫൻസ് ഐഡൻ്റിഫിക്കേഷൻ സോണിൻ്റെ (ADIZ) തെക്കുപടിഞ്ഞാറൻ ഭാഗത്തായി ഒരു ചൈനീസ് ഡ്രോൺ കണ്ടെത്തിയിട്ടുണ്ട്.
തായ്‌വാൻ ന്യൂസ് റിപ്പോർട്ട് ചെയ്‌തത് പ്രകാരം ചൈനയുടെ പ്രവർത്തനങ്ങളെ നിരീക്ഷിക്കാൻ പ്രതിരോധ മന്ത്രാലയം വിമാനം, നാവികസേന കപ്പലുകൾ, തീരദേശ അധിഷ്‌ഠിത മിസൈൽ സംവിധാനങ്ങൾ എന്നിവ അയച്ചിട്ടുണ്ട്. 2020 സെപ്‌തംബർ മുതൽ ചൈന തായ്‌വാന് ചുറ്റും പ്രവർത്തിക്കുന്ന സൈനിക വിമാനങ്ങളുടെയും നാവിക കപ്പലുകളുടെയും എണ്ണം ക്രമാതീതമായി വർധിപ്പിച്ചിട്ടുണ്ട്.
തായ്‌വാന്‍റെ പുതിയ പ്രസിഡൻ്റായി ലായ് ചിങ് ടെ സത്യപ്രതിജ്ഞ ചെയ്‌തതിനുശേഷം ചൈനയ്ക്കും തായ്‌വാനും ഇടയിൽ സംഘർഷങ്ങൾ ഉയർന്നു. തായ്‌വാൻ ഈ മാസത്തിൽ ഇതുവരെ ചൈനീസ് സൈനിക വിമാനങ്ങളെ 54 തവണയും നാവിക-കോസ്റ്റ് ഗാർഡ് കപ്പലുകളെ 62 തവണയും ട്രാക്ക് ചെയ്‌തിട്ടുണ്ട്.