സിൻജിയാങ് : ചൈനയിലെ സിൻജിയാങ്ങിന്‍റെ വടക്ക് പടിഞ്ഞാറൻ മേഖലയിലെ ഉയ്‌ഗര്‍ വംശജര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നിർബന്ധിത അവയവ ശേഖരണം ഉള്‍പ്പടെയുള്ള മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള ഗുരുതര ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള മുസ്‌ലിം മെഡിക്കൽ ടൂറിസ്റ്റുകളെ ആകർഷിക്കാൻ ലക്ഷ്യമിട്ട്, ഉയ്‌ഗര്‍ മുസ്‌ലീം വംശജരില്‍ നിന്ന് ജനിതക വിവരങ്ങൾ ശേഖരിച്ചതായി മാർച്ചിൽ നടന്ന യുഎസ് കോൺഗ്രസ് കമ്മിറ്റി ഹിയറിങ്ങിൽ വിദഗ്‌ധർ അവകാശപ്പെട്ടിരുന്നു.
ഉയ്‌ഗര്‍ വംശത്തിലെ കുട്ടികളില്‍ നിന്ന് ചൈന നിര്‍ബന്ധിതമായി അവയവങ്ങള്‍ എടുത്ത് മാറ്റുന്നുവെന്ന് ഉയ്‌ഗര്‍-അമേരിക്കൻ രാഷ്‌ട്രീയക്കാരനായ സാലിഹ് ഹുദയാർ വെളിപ്പെടുത്തി. 'കുട്ടികളുടെ അവയവം മാറ്റിവയ്ക്കൽ കേന്ദ്രം ചൈന ഉദ്ഘാടനം ചെയ്‌തു. ഉയ്‌ഗ്വര്‍ വംശഹത്യയുടെ ഭാഗമായി ചൈന ഉയ്‌ഗറുകളുടെ അവയവങ്ങൾ എടുത്ത് 'ഹലാൽ അവയവങ്ങൾ' എന്ന പേരില്‍ വിൽക്കുകയാണ്. 2014 മുതൽ, ഏകദേശം ഒരു ദശലക്ഷത്തോളം ഉയ്‌ഗര്‍ കുട്ടികളെ അവരുടെ കുടുംബങ്ങളിൽ നിന്ന് നിർബന്ധിതമായി വേർപെടുത്തിയെന്നും സാലിഹ് ഹുദയാർ എക്‌സില്‍ കുറിച്ചു.
🚨 #China has inaugurated a " children's organ transplant center." as part of the #UyghurGenocide, China has been harvesting Uyghurs' organs and selling them as "halal organs." Since 2014, nearly a million #Uyghur children have been forcibly separated from their families. Is this… pic.twitter.com/abeBfMy91s
— Salih Hudayar (سالىھ خۇدايار) (@SalihHudayar) June 23, 2024
സിൻജിയാങ്ങിലെ ഉയ്‌ഗറുകളും മറ്റ് തുർക്കി മുസ്‌ലിം ന്യൂനപക്ഷങ്ങളും നിർബന്ധിത തൊഴിൽ, കൂട്ട തടങ്കൽ, നിർബന്ധിത അവയവങ്ങൾ ശേഖരിക്കൽ എന്നിവ ഉൾപ്പെടെയുള്ള കടുത്ത അടിച്ചമർത്തലുകൾ നേരിടുന്നുണ്ടെന്ന് മനുഷ്യാവകാശ സംഘടനകളും വിവിധ സ്രോതസുകളിൽ നിന്നുള്ള റിപ്പോർട്ടുകളും അടിവരയിടുവന്നുണ്ട്. മിനസോട്ട ആസ്ഥാനമായുള്ള 'വേൾഡ് വിത്തൗട്ട് ജീനോസൈഡ്' എന്ന നോൺ പ്രോഫിറ്റ് ഓർഗനൈസേഷന്‍റെ റിപ്പോര്‍ട്ട് പ്രകാരം പ്രതിവർഷം 1 ബില്യൺ ഡോളറിന്‍റെ അവയവ വ്യവസായത്തിന് വേണ്ടി ഉയ്‌ഗര്‍ മുസ്‌ലീങ്ങള്‍ കൊല്ലപ്പെടുന്നുണ്ട്.
നിരവധി അന്താരാഷ്‌ട്ര സംഘടനകളും സർക്കാരുകളും ഈ ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, സിൻജിയാങ്ങിലേക്കുള്ള പരിമിതമായ പ്രവേശനവും കര്‍ശന നിയന്ത്രണങ്ങളും കാരണം ഇവയില്‍ ശരിയായ പരിശോധന വെല്ലുവിളിയായി തന്നെ തുടരുകയാണ്.