കൊളറാഡോ : അമേരിക്കന്‍ സ്‌പേസ് ഫൗണ്ടേഷന്‍റെ ബഹിരാകാശ പര്യവേഷണത്തിനുള്ള ഉന്നത പുരസ്‌കാരം, ജോൺ എൽ "ജാക്ക്" സ്വിഗെർട്ട് ജൂനിയർ അവാർഡ് 2024 സ്വീകരിച്ച് ഐഎസ്ആർഒ. ഐഎസ്ആർഒയുടെ ചന്ദ്രയാൻ-3 ദൗത്യസംഘത്തിനാണ് അവാര്‍ഡ് ലഭിച്ചത്. ബഹിരാകാശ പര്യവേഷണത്തിലെ സാധ്യതകള്‍ ഉയർത്തിയത് പരിഗണിച്ചാണ് അവാര്‍ഡ്.
ഏപ്രിൽ 8-ന് കൊളറാഡോയിൽ നടന്ന സ്‌പേസ് ഫൗണ്ടേഷന്‍റെ സ്‌പേസ് സിമ്പോസിയത്തിന്‍റെ വാർഷിക ഉദ്ഘാടന ചടങ്ങിലാണ് അവാർഡ് സമ്മാനിച്ചത്. ഐഎസ്ആർഒയുടെ ചന്ദ്രയാൻ ടീമിന് വേണ്ടി ഹൂസ്‌റ്റണിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡിസി മഞ്ജുനാഥ് അവാർഡ് ഏറ്റുവാങ്ങി. കഴിഞ്ഞ വർഷം ഓഗസ്‌റ്റിലാണ് ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ ചന്ദ്രയാൻ -3 സോഫ്‌ട് ലാൻഡിങ് നടത്തിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ.
നാസയ്‌യും അരിസോണ യൂണിവേഴ്‌സിറ്റി ഒസിരിസ്-റെക്‌സ് ടീമിനും അടുത്തിടെ ജോൺ എൽ "ജാക്ക്" സ്വിഗെർട്ട് ജൂനിയർ അവാർഡ് ലഭിച്ചിരുന്നു. നാസയുടെ ജെപിഎൽ മാർസ് ഇൻജെനിറ്റി ഹെലികോപ്റ്ററിന്‍റെ ടീമുകള്‍ക്കും ഇൻസൈറ്റ്-മാർസ് ക്യൂബ് വൺ, നാസ ഡോൺ, കാസിനി ടീമുകള്‍ക്കുമാണ് അവാര്‍ഡ് ലഭിച്ചത്.
ജനുവരിയിലാണ് ചന്ദ്രയാൻ-3 മിഷൻ ടീമിനെ അവാര്‍ഡിനെ തിരഞ്ഞെടുത്തതായി സ്‌പേസ് ഫൗണ്ടേഷൻ പ്രഖ്യാപിച്ചത്. ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ നേതൃത്വം ലോകത്തിന് പ്രചോദനമാണ് എന്നാണ് അവാർഡ് പ്രഖ്യാപിക്കവേ സ്‌പേസ് ഫൗണ്ടേഷൻ സിഇഒ ഹെതർ പ്രിംഗിൾ പറഞ്ഞത്.