വാഷിങ്ടണ്‍: കാനഡ-ഇന്ത്യ നയതന്ത്ര തര്‍ക്കം തുടരുന്നതിനിടെ നിര്‍ണായക ഇടപെടലുമായി അമേരിക്ക. ഖലിസ്ഥാൻ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകത്തില്‍ ഇന്ത്യയുടെ ആഭ്യന്തര മന്ത്രാലയത്തിനും മന്ത്രി അമിത് ഷായ്‌ക്കും പങ്കുണ്ടെന്ന കാനഡയുടെ ആരോപണം ആശങ്ക ഉണ്ടാക്കുന്നതാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് വക്താവ് മാത്യു മില്ലർ വ്യക്തമാക്കി.
കനേഡിയൻ സർക്കാർ ഉന്നയിച്ച ആരോപണങ്ങൾ ആശങ്കാജനകമാണ്, ഈ ആരോപണങ്ങളെക്കുറിച്ച് തങ്ങൾ കനേഡിയൻ സർക്കാരുമായി കൂടിയാലോചിക്കുന്നത് തുടരുമെന്നും മാത്യു മില്ലർ വാർത്താ സമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
കാനഡയിലെ ഖലിസ്ഥാനി വിഘടനവാദികളെ ലക്ഷ്യമിട്ടുള്ള പ്രചാരണത്തിന് പിന്നിൽ അമിത് ഷായാണെന്ന് ആരോപിച്ച് വാഷിങ്ടൺ പോസ്‌റ്റില്‍ നിന്നും ചോർന്ന വാർത്ത കനേഡിയൻ പാർലമെന്‍റിന്‍റെ ദേശീയ സുരക്ഷാ സമിതി, രഹസ്യാന്വേഷണ ഉപദേഷ്‌ടാവ് നതാലി ഡ്രൂയിൻ, ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഡേവിഡ് മോറിസൺ എന്നിവർ സ്ഥിരീകരിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സിഖ് പ്രവർത്തകരെ ലക്ഷ്യമിട്ടുള്ള അക്രമത്തിനും ഭീഷണിക്കും പിന്നിൽ ഇന്ത്യൻ ആഭ്യന്തര മന്ത്രി അമിത് ഷായാണെന്ന് കാനഡ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. കാനഡയിലെ സിഖ് വിഘടനവാദികൾക്കെതിരായ പ്രചാരണത്തിന്‍റെ ശില്‍പി ഇന്ത്യയുടെ രണ്ടാമത്തെ ഉയർന്ന നേതാവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സുഹൃത്തുമായ അമിത് ഷായാണെന്നാണ് കനേഡിയൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഡേവിഡ് മോറിസൺ ആരോപിച്ചത്.
വിഷയത്തില്‍ ഇന്ത്യ പ്രതികരിച്ചിട്ടില്ലെന്നും കാനഡ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം കാനഡയിൽ ഖലിസ്ഥാൻ വിഘടനവാദി ഹർദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്താൻ നരേന്ദ്ര മോദി സർക്കാർ സഹായിച്ചതായി തെളിവുകളുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തിൽ വലിയ വിള്ളലുണ്ടായത്.
കാനഡയിലെ സിഖ് വിഘടനവാദികൾക്കെതിരായ ആക്രമണത്തിന് "ഇന്ത്യയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ" അനുമതി നൽകിയിട്ടുണ്ടെന്നും കനേഡിയൻ സുരക്ഷാ ഏജൻസികൾ ഇത് സംബന്ധിച്ച തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും ഈ വിഷയത്തിൽ അടുത്തിടെ റിപ്പോർട്ട് ചെയ്‌ത യുഎസ് വാഷിങ്ടൺ പോസ്‌റ്റില്‍ വ്യക്തമാക്കിയരുന്നു. ഇത് കാനഡ സ്ഥിരീക്കുകയും ചെയ്‌തു.
എന്നാല്‍ കാനഡയുടെ ആരോപണങ്ങളെല്ലാം ഇന്ത്യ നേരത്തെ തള്ളിയിരുന്നു. ആരോപണങ്ങള്‍ക്ക് തെളിവുണ്ടെങ്കില്‍ സമര്‍പ്പിക്കാനും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. 2023 സെപ്റ്റംബറിൽ പ്രധാനമന്ത്രി ട്രൂഡോ ചില ആരോപണങ്ങൾ ഉന്നയിച്ചതു മുതൽ ഇതുവരെ നിരവധി തവണ തെളിവുകള്‍ ആവശ്യപ്പെട്ടിട്ടും കനേഡിയൻ സർക്കാർ ഒരു തെളിവും ഇന്ത്യൻ സർക്കാരിന് നല്‍കാൻ തയ്യാറായിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.