ഇഡ്‌ലിബ് (സിറിയ) : വടക്കുപടിഞ്ഞാറൻ സിറിയയിൽ ചാവേര്‍ ആക്രമണം. വ്യാഴാഴ്‌ച (മാർച്ച് 4) വൈകിട്ട് ആയിരുന്നു സംഭവം. വടക്കുപടിഞ്ഞാറൻ പ്രദേശത്തിന്‍റെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന അൽ-ഖ്വയ്‌ദയുമായി ബന്ധമുള്ള ഗ്രൂപ്പിന്‍റെ സഹസ്ഥാപകൻ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
മയ്‌സർ അൽ ജബൂരി എന്ന അബു മരിയ അൽ ഖഹ്താനിയ ആണ് കൊല്ലപ്പെട്ടത്. ചാവേര്‍ ബോംബ് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് മയ്‌സർ അൽ ജബൂരിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ലെന്നും, സംഭവത്തില്‍ നിരവധി പേർക്ക് പരിക്കേറ്റുവെന്നും അധികൃതർ പറഞ്ഞു. സിറിയയിലെ മുൻ അൽ ഖ്വയ്‌ദ ശാഖയായ നുസ്ര ഫ്രണ്ടിന്‍റെ സ്ഥാപകരിൽ ഒരാളാണ് ഖഹ്താനി, അൽ ഖ്വയ്‌ദയുമായുള്ള ബന്ധം വിച്‌ഛേദിച്ചതിന് ശേഷം അത് ഹയാത്ത് തഹ്രീർ അൽ ഷാം (എച്ച്ടിഎസ്) എന്ന് പുനർനാമകരണം ചെയ്‌തു.
ബ്രിട്ടൻ ആസ്ഥാനമായുള്ള ഒബ്‌സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്‌സ് പറയുന്നതനുസരിച്ച്, ബോംബർ വൈകുന്നേരത്തോടെ ഇഡ്‌ലിബ് പ്രവിശ്യയിലെ ശർമ്മദ പട്ടണത്തിലുള്ള അൽ - ഖഹ്താനിയുടെ ഗസ്‌റ്റ് ഹൗസിൽ പ്രവേശിച്ച് സ്‌ഫോടനം നടത്തുകയായിരുന്നു. വടക്കുപടിഞ്ഞാറൻ ഇദ്‌ലിബ് പ്രവിശ്യ ഹയാത്ത് തഹ്രീർ അൽ-ഷാമിന്‍റെ നിയന്ത്രണത്തിലാണ്. തുർക്കി പിന്തുണയുള്ള പ്രതിപക്ഷ ഗ്രൂപ്പുകളാണ് വടക്കൻ അലപ്പോ പ്രവിശ്യ നിയന്ത്രിക്കുന്നത്.
ഇദ്‌ലിബ്, അലപ്പോ പ്രവിശ്യകളിൽ താമസിക്കുന്ന 4.5 ദശലക്ഷം ആളുകളിൽ ഭൂരിഭാഗവും അതിജീവിക്കാൻ മാനുഷിക സഹായത്തെ ആശ്രയിക്കുന്നവരാണ്, പകുതിയോളം പേർ കുടിയൊഴിപ്പിക്കൽ ക്യാമ്പുകളിലാണ്. മേഖലയിലെ തീവ്രവാദികളുടെ കഠിനമായ ഭരണത്തിനും സാമ്പത്തിക സ്ഥിതി വഷളായതിനുമെതിരെ അദ്ദേഹത്തിന്‍റെ ഗ്രൂപ്പിനും അതിന്‍റെ നേതാവ് അബു മുഹമ്മദ് അൽ-ഗോലാനിക്കുമെതിരായ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തിലാണ് അൽ-ഖഹ്താനിയുടെ കൊലപാതകം നടന്നത്.
എച്ച്ടിഎസ് നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ ഖഹ്താനി, സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്‌ത് നിരോധിത ഗ്രൂപ്പുകളുമായി ആശയവിനിമയം നടത്തിയെന്നാരോപിച്ച് ആറ് മാസത്തെ ജയിൽവാസത്തിന് ശേഷം കഴിഞ്ഞ മാസമാണ് ജയിൽ മോചിതനായത്. അദ്ദേഹം ശത്രുതാപരമായ ഗ്രൂപ്പുകളുമായി ആശയവിനിമയം നടത്തിയതായി മനസിലാകുകയും, ഗ്രൂപ്പിന്‍റെ മുതിർന്ന ഉദ്യോഗസ്ഥനെന്ന നിലയിൽ അദ്ദേഹത്തിന്‍റെ ചുമതലകളിൽ നിന്ന് പിരിച്ചുവിടുകയും ചെയ്‌തിരുന്നുവെന്ന് അധികൃതർ അറിയിച്ചു.
അൽ-ഖഹ്താനിയുടെ അകമ്പടി സേവകർക്കും മറ്റ് എട്ട് അതിഥികൾക്കും പരിക്കേറ്റതായും ഒരു മെഡിക്കൽ ഉദ്യോഗസ്ഥൻ പറഞ്ഞു. തീവ്രവാദി സംഘം മുതിർന്ന അംഗങ്ങളെ അടിച്ചമർത്തുകയും തെരുവ് പ്രതിഷേധം അടിച്ചമർത്തുകയും ചെയ്‌തതുമുതൽ അൽ-ഗോലാനിക്കും ഹയാത്ത് തഹ്രീർ അൽ-ഷാമിനുമെതിരെ ജനവികാരം ഉയർന്നുവരികയാണ്. ഇറാഖി പൗരനായ അൽ-ഖഹ്താനി, സ്വേച്‌ഛാധിപതി സദ്ദാം ഹുസൈനെ അട്ടിമറിച്ച 2003-ലെ യുഎസ് നേതൃത്വത്തിലുള്ള ഇറാഖിലെ യുഎസ് സേനയ്‌ക്കെതിരെ പോരാടിയ ഒരു വിമതനായിരുന്നു. 2011-ൽ, രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന മാരകമായ സംഘർഷം ആരംഭിച്ച് മാസങ്ങൾക്ക് ശേഷം സിറിയയിലേക്ക് മാറിയ നിരവധി അൽ-ഖ്വയ്‌ദ വ്യക്തികളിൽ ഒരാളായിരുന്നു അദ്ദേഹം.
ALSO READ : ഇസ്രയേൽ വ്യോമാക്രമണം : രണ്ട് ഇറാനിയൻ ജനറൽമാരും അഞ്ച് ഓഫീസർമാരും കൊല്ലപ്പെട്ടു