ക്വറ്റ (പാക്കിസ്ഥാൻ): തെക്ക് പടിഞ്ഞാറൻ പാകിസ്ഥാനിൽ ഒരു രാഷ്‌ട്രീയ പാർട്ടിയുടെയും ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയുടെയും തെരഞ്ഞെടുപ്പ് ഓഫിസുകൾക്ക് നേരെ ബോംബ് സ്‌ഫോടനം. ബുധനാഴ്‌ച നടന്ന സ്‌ഫോടനത്തിൽ കുറഞ്ഞത് 24 പേർ കൊല്ലപ്പെടുകയും 24ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു (Pair of Bombings at Election Offices Kill 24 in Pakistan the Day Before Elections).
രാജ്യത്ത് പാർലമെന്‍റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബുധനാഴ്‌ച വിവിധയിടങ്ങളില്‍ സ്‌ഫോടനം നടന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ബലൂചിസ്ഥാൻ പ്രവിശ്യയിലെ പാഷിൻ ജില്ലയിലാണ് ആദ്യ ആക്രമണം നടന്നതെന്ന് പ്രവിശ്യാ സർക്കാരിന്‍റെ വക്താവ് ജാൻ അചക്‌സായി പറഞ്ഞു.
ബോംബ് സ്‌ഫോടനത്തിൽ 14 പേരെങ്കിലും കൊല്ലപ്പെട്ടതായും പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയാണെന്നും അധികൃതർ അറിയിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു.
അതേസമയം ബുധനാഴ്‌ച ബലൂചിസ്ഥാനിലെ ഖില്ല സൈഫുള്ള പട്ടണത്തിൽ രാഷ്ട്രീയക്കാരനായ ഫസ്‌ലുർ റഹ്‌മാൻ്റെ ജമിയത്ത് ഉലമ ഇസ്‌ലാം പാർട്ടിയുടെ തെരഞ്ഞെടുപ്പ് ഓഫിസിനു നേരെയായിരുന്നു മറ്റൊരു ആക്രമണമുണ്ടായത്. സ്‌ഫോടനത്തിൽ 10 പേർ കൊല്ലപ്പെട്ടതായി അകാക്‌സായിയും പ്രാദേശിക അധികാരികളും അറിയിച്ചു.
പാകിസ്ഥാനിലെ പാർലമെൻ്റ് തെരഞ്ഞെടുപ്പ് നടത്തുന്നതിന് ഒരു ദിവസം മുമ്പ് നടന്ന ഈ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും തന്നെ ഏറ്റെടുത്തിട്ടില്ല. കെയർടേക്കർ ആഭ്യന്തര മന്ത്രി ഗോഹർ ഇജാസ് ബോംബാക്രമണത്തെ അപലപിച്ചിട്ടുണ്ട്.
പാക്കിസ്ഥാനിൽ പ്രത്യേകിച്ച് ബലൂചിസ്ഥാനിൽ അടുത്തിടെ തീവ്രവാദി ആക്രമണങ്ങൾ വർധിച്ചതിനെത്തുടർന്ന് സമാധാനം ഉറപ്പാക്കാൻ പതിനായിരക്കണക്കിന് പൊലീസുകാരെയും അർദ്ധസൈനിക വിഭാഗങ്ങളെയും രാജ്യത്തുടനീളം വിന്യസിച്ചിരുന്നു.
അഫ്‌ഗാനിസ്ഥാന്‍റെയും ഇറാന്‍റെയും അതിർത്തിയിലുള്ള ബലൂചിസ്ഥാനിൽ സുരക്ഷാ സേനയ്‌ക്കെതിരായ നിരവധി ആക്രമണങ്ങൾക്ക് പിന്നിലും നിയമവിരുദ്ധമായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയാണ്. ജനുവരി 30-ന് വിഘടനവാദികളായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ഗ്രൂപ്പ് ബലൂചിസ്ഥാനിലെ മാച്ച് ജില്ലയിലെ സുരക്ഷാ കേന്ദ്രങ്ങൾ ആക്രമിക്കുകയും സംഭവത്തിൽ ആറ് പേർ കൊല്ലപ്പെട്ടിരുന്നു.
പാകിസ്ഥാൻ താലിബാൻ്റെ മുൻ ശക്തികേന്ദ്രത്തിൽ സമീപ വർഷങ്ങളായി വർധിച്ചുവരുന്ന തീവ്രവാദത്തെ നിയന്ത്രിക്കാൻ രാജ്യം പാടുപെടുകയാണ്. ബലൂചിസ്ഥാനിൽ തീവ്രവാദികളുടെ സാന്നിധ്യമുണ്ടാവുകയും സമീപ വർഷങ്ങളിൽ സിവിലിയന്മാരെ ലക്ഷ്യം വച്ചിട്ടുമുണ്ട്.
അഫ്‌ഗാനിസ്ഥാൻ്റെയും ഇറാൻ്റെയും അതിർത്തിയിലുള്ള ബലൂചിസ്ഥാൻ പ്രവിശ്യയിൽ രണ്ട് പതിറ്റാണ്ടിലേറെയായി ബലൂച്ച് ദേശീയവാദികളുടെ കലാപങ്ങൾക്ക് വേദിയാണ്. ബലൂച്ച് ദേശീയവാദികൾക്ക് പ്രവിശ്യാ വിഭവങ്ങളുടെ ഒരു പങ്ക് വേണ്ടിയിരുന്നു.
എന്നാൽ പിന്നീടവർ സ്വാതന്ത്ര്യത്തിനായുള്ള കലാപത്തിന് തുടക്കമിട്ടു. പാകിസ്ഥാൻ താലിബാനും മറ്റ് തീവ്രവാദ ഗ്രൂപ്പുകളും പ്രവിശ്യയിൽ ശക്തമായ സാന്നിധ്യമുണ്ട്.